റെയില്‍വേ ബജറ്റ് വാഗ്ദാനങ്ങള്‍ മറന്നു; പുതിയ പദ്ധതികളുമില്ല
- Last Updated on 15 March 2012
- Hits: 2
പാലക്കാട്: ബജറ്റില്‍ പ്രഖ്യാപിക്കുന്ന പദ്ധതികള്‍ക്ക് യാതൊരുറപ്പും വേണ്ടെന്ന ഓര്‍മപ്പെടുത്തലാണ് കേന്ദ്ര റെയില്‍വേമന്ത്രി ദിനേശ് ത്രിവേദി നല്‍കിയത്. മുന്‍വര്‍ഷത്തെ ബജറ്റുകളില്‍ കേരളത്തിന് വാരിക്കോരിത്തന്ന പദ്ധതികള്‍ വെറുതെയായിരുന്നെന്ന് അദ്ദേഹത്തിന്റെ ബജറ്റ് പ്രസംഗം സാക്ഷ്യപ്പെടുത്തുന്നു. പുതിയ ബജറ്റില്‍ കേരളത്തിനുവേണ്ടി ഒരു പദ്ധതിപോലുമില്ല. കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച
പദ്ധതികളുമില്ല.
തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് സ്റ്റേഷനുകള്‍ അന്താരാഷ്ട്ര നിലവാരത്തിലാക്കുമെന്നായിരുന്നു മുന്‍ ബജറ്റുകളില്‍ മുഖ്യമായും പ്രഖ്യാപിച്ചിരുന്നത്. ഇതിന്റെ പ്രാരംഭനടപടിപോലും ആയിട്ടില്ല. പുതിയ ബജറ്റില്‍ അന്താരാഷ്ട്രനിലവാരം വിട്ടു. പകരം വിമാനത്താവളത്തിന് സമാനമായി പ്രധാനസ്റ്റേഷനുകള്‍ വകസിപ്പിക്കുമെന്നാണ് വാഗ്ദാനം.
തിരുവനന്തപുരത്ത് റെയില്‍വേമെഡിക്കല്‍ കോളേജ്, കുപ്പിവെള്ള ഫാക്ടറി, ആലപ്പുഴ ചേര്‍ത്തലയില്‍ വാഗണ്‍ അനുബന്ധസാമഗ്രികളുടെ നിര്‍മാണം, കുറ്റിപ്പുറം- ഗുരുവായൂര്‍ പാത, നിലമ്പൂര്‍-നഞ്ചന്‍കോട്, തലശ്ശേരി-മൈസൂര്‍ പാത എന്നിവയെല്ലാം മുന്‍ ബജറ്റുകളിലെ പ്രഖ്യാപനങ്ങളായിരുന്നു. ഇതൊന്നും നടപ്പായില്ലെന്നുമാത്രമല്ല പുതിയ ബജറ്റില്‍ ഇതുസംബന്ധിച്ച് സൂചനപോലുമില്ല. പെനില്‍സുലാര്‍ റെയില്‍വേസോണ്‍ എന്ന കേരളത്തിന്റെ ആവശ്യവും അംഗീകരിച്ചിട്ടില്ല.
റെയില്‍വേ മെഡിക്കല്‍കോളേജും കുപ്പിവെള്ള ഫാക്ടറിയും നിര്‍മിക്കാനല്ലെങ്കില്‍ പിന്നെന്തിന് പ്രഖ്യാപിച്ചുവെന്നതാണ് കേരളത്തിന്റെ ന്യായമായ സംശയം.
29 ടെയിനുകള്‍ പുതുതായി ആവശ്യപ്പെട്ടിടത്ത് കേരളത്തിന് കിട്ടിയത് ഒരു എക്‌സ്പ്രസ് ട്രെയിനും ഒരു മെമുവണ്ടിയും മാത്രമാണ്. ന്യൂഡല്‍ഹി, മുംബൈ, ഹൈദരാബാദ്, സെക്കന്തരാബാദ്, വെളാങ്കണ്ണി തുടങ്ങി വിവിധഭാഗങ്ങളിലേക്ക് വണ്ടികള്‍ ആവശ്യപ്പെട്ടെങ്കിലും കിട്ടിയത് യശ്വന്ത്പുര്‍-കൊച്ചുവേളി പ്രതിവാര എക്‌സ്പ്രസ് മാത്രം. ബാംഗ്ലൂര്‍മേഖലയിലേക്ക് മലബാറില്‍നിന്നാണ് ഏറ്റവുമധികം യാത്രാപ്രശ്‌നമുള്ളത്. ഇത് പരിഹരിക്കാന്‍ റെയില്‍വേ തയ്യാറായിട്ടില്ല. ബാംഗ്ലൂര്‍-കൊച്ചുവേളി വണ്ടി പ്രതിദിന സര്‍വീസാക്കിയത് അല്പം ആശ്വാസകരമാണ്.
രണ്ട് മെമു വണ്ടികളില്‍ എറണാകുളം-തൃശ്ശൂര്‍ വണ്ടി മാത്രമാണ് പുതിയത്. പാലക്കാട്-കോയമ്പത്തൂര്‍- ഈറോഡ് വണ്ടി നിലവില്‍ ഓടുന്നതാണ്. പാലക്കാട്- കോയമ്പത്തൂര്‍ മെമു ഈറോഡിലേക്ക് നീട്ടുന്നെന്നുമാത്രം.21 പാസഞ്ചര്‍ വണ്ടികളും നിരവധി ഡീസല്‍ മെമു (ഡെമു) വണ്ടികളും പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും കേരളത്തിന് ഒരെണ്ണംപോലുമില്ല.
കോട്ടയത്തും നേമത്തും കോച്ച്‌ടെര്‍മിനലുകള്‍ ആരംഭിക്കുമെന്നത് മുന്‍ ബജറ്റുകളില്‍ പ്രഖ്യാപിച്ചിരുന്നതാണ്. ഇത്തവണ വീണ്ടും ആവര്‍ത്തിച്ചെന്നുമാത്രം.