ബെന്‍സിന്റെ ഇന്‍വിസിബിള്‍ കാര്‍
- Last Updated on 11 March 2012
- Hits: 4
പരസ്യതന്ത്രങ്ങള്‍ പുതിയ മാനം തേടുന്ന കാലമാണിത്. അതിനായി ഏതറ്റം വരെ പോകാനും നിര്‍മ്മാതാക്കള്‍ തയ്യാറാകും. പുതിയ പരീക്ഷണങ്ങള്‍ ഇതിനായി നടത്തുകയും ചെയ്യും. അതിന് ഉത്തമ ഉദാഹരമാണ് മെഴ്‌സിഡസ് ബെന്‍സിന്റെ പുതിയ പരസ്യതന്ത്രം. ഇതിനായി ഒരു അദൃശ്യ കാര്‍ തന്നെ അവര്‍ നിര്‍മ്മിച്ചു. ഹൈഡ്രജന്‍ ഇന്ധനമായി ഉപയോഗിക്കുന്ന എഫ് സെല്‍ എന്ന കാറിന്റെ പ്രമോഷന് വേണ്ടിയാണ്
കമ്പനി ജര്‍മ്മനിയില്‍ ആരും ഇതുവരെ കാണാത്ത കാര്‍ എത്തിച്ചത്.
ജര്‍മ്മനിയില്‍ ഒരാഴ്ച ഈ കാര്‍ ചുറ്റിക്കറങ്ങി. എന്നാല്‍ ആരും കണ്ടില്ല. മുഴുവന്‍ എല്‍ ഇ ഡികള്‍ ഉപയോഗിച്ച് കാറിന്റെ ഒരു ഭാഗം പൊതിഞ്ഞു. മറുവശത്ത് കാനണിന്റെ ഫൈവ് ഡി മാര്‍ക്ക് ടു ക്യാമറ ഘടിപ്പിച്ചു. വാഹനത്തിന്റെ മറുവശത്തുള്ള ചിത്രങ്ങള്‍ ക്യാമറ ഒപ്പിയെടുക്കുമ്പോള്‍ ഇവ എല്‍. ഇ. ഡികള്‍ ഉപയോഗിച്ച് മറുഭാഗത്ത് പ്രദര്‍ശിപ്പിക്കുകയാണ് ചെയ്യുക. അതിനാല്‍ കാറിനടുത്ത് നില്‍ക്കുന്നവര്‍ക്ക് കാറിനപ്പുറത്തെ ദൃശ്യങ്ങളാണ് കാണാന്‍ കഴിയുക. കണ്ണിനും കാഴ്ചകള്‍ക്കും മധ്യേ ഒരു കാറുണ്ടെന്ന് തോന്നുകയേയില്ല. തികച്ചും ഇന്‍വിസിബിള്‍ കാറുതന്നെ.
മലിനീകരണം ഉണ്ടാക്കാത്ത ഹൈഡ്രജന്‍ ഫ്യുവല്‍സെല്‍ വൈദ്യുത കാറിന്റെ പ്രചാരത്തിനുവേണ്ടിയാണ് ബെന്‍സ് വാഹന പ്രേമികളെ ഇത്തരത്തില്‍ ആശയക്കുഴപ്പത്തിലാക്കിയത്. 386 കിലോമീറ്റര്‍ മൈലേജ് ലഭിക്കുന്ന ഈ വാഹനം ഷോറൂമുകളിലെത്താന്‍ 2014 വരെ കാത്തിരിക്കേണ്ടിവരും. കാര്‍ നിരത്തിലിറങ്ങും മുന്‍പ് ഇന്ധനം നിറയ്ക്കാന്‍ ആവശ്യമായ ഹൈഡ്രജന്‍ ഫ്യുവലിങ് സ്റ്റേഷനുകളും സ്ഥാപിക്കേണ്ടതുണ്ട്. ഇവയെല്ലാം മുന്‍നിര്‍ത്തി മലിനീകരണ വിമുക്തമായ ഫ്യുവല്‍സെല്‍ സാങ്കേതികവിദ്യ പ്രചരിപ്പിക്കാനാണ് ബെന്‍സ് എന്‍.ഇ.ഡികളെ കൂട്ടുപിടിച്ച് അദൃശ്യകാറെന്ന ചെപ്പടിവിദ്യ ഉപയോഗിച്ചത്.