യു.പി: അഖിലേഷ് യാദവ് ഇന്ന് സ്ഥാനമേല്‍ക്കും
- Last Updated on 14 March 2012
- Hits: 2
ലഖ്‌നൗ: ഉത്തര്‍പ്രദേശ് നിയമസഭാ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രിയായി സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്യും. ഉത്തര്‍പ്രദേശിലെ 33-ാമത്തെ മുഖ്യമന്ത്രിയാണ് അഖിലേഷ്.
403 അംഗ നിയമസഭയില്‍ 224 അംഗങ്ങളുടെ വ്യക്തമായ ഭൂരിപക്ഷം സമാജ്‌വാദി
പാര്‍ട്ടിക്കുണ്ട്. 38-കാരനായ അഖിലേഷ് തന്റെ മന്ത്രിസഭയില്‍ പരിചയ സമ്പന്നരെയും യുവാക്കളെയും ഒരുപോലെ ഉള്‍പ്പെടുത്തുമെന്നാണ് രാഷ്ട്രീയനിരീക്ഷകര്‍ കരുതുന്നത്.
ഇന്‍റര്‍മീഡിയറ്റ് പാസായ വിദ്യാര്‍ഥികള്‍ക്ക് ലാപ് ടോപ്പ്, ഹൈസ്‌കൂള്‍ വിദ്യാഭ്യാസം കഴിഞ്ഞവര്‍ക്ക് ടാബ്‌ലറ്റ് കമ്പ്യൂട്ടറുകള്‍, തൊഴിലില്ലായ്മ വേതനം, മാരകരോഗങ്ങള്‍ ഉള്ളവര്‍ക്ക് സൗജന്യചികിത്സ തുടങ്ങി ഒട്ടേറെ തിരഞ്ഞെടുപ്പുവാഗ്ദാനങ്ങള്‍ സമാജ്‌വാദി പാര്‍ട്ടി മുന്നോട്ടുവെച്ചു. മുസ്‌ലിങ്ങള്‍ക്ക് സംവരണം ഏര്‍പ്പെടുത്തുന്നതിന് നിയമസഹായ കമ്മീഷനെ നിയോഗിക്കുമെന്നും വാഗ്ദാനമുണ്ടായിരുന്നു.
എന്നാല്‍, ഉത്തര്‍പ്രദേശിലെ ക്രമസമാധാനനില ഉയര്‍ത്തുന്നതിനും അഴിമതി തുടച്ചുനീക്കുന്നതിനുമായിരിക്കും പ്രഥമപരിഗണന നല്‍കുകയെന്ന് അഖിലേഷ് യാദവ് പറഞ്ഞു.
അതിനിടെ, ഉപതിരഞ്ഞെടുപ്പിന് പോകാതെ സംസ്ഥാന നിയമസഭാ കൗണ്‍സിലിലേക്കായിരിക്കും താന്‍ മത്സരിക്കുകയെന്ന് അഖിലേഷ് യാദവ് പറഞ്ഞു. ഒട്ടേറെ എം.എല്‍.എ.മാര്‍ സീറ്റ് ഒഴിഞ്ഞുതരാമെന്ന് പറഞ്ഞിട്ടുണ്ട്. പക്ഷേ, അവരെ തിരഞ്ഞെടുത്ത ജനങ്ങള്‍ക്ക് ചില പ്രതീക്ഷകളുണ്ട്. അതിനാല്‍ വിധാന്‍ പരിഷത് അംഗമായി മുഖ്യമന്ത്രി സ്ഥാനത്തിരിക്കാനാണ് ആഗ്രഹം-ഡല്‍ഹിയില്‍ നിന്ന് മടങ്ങിയെത്തിയ അഖിലേഷ് പറഞ്ഞു. സ്ഥാനമൊഴിഞ്ഞ മുഖ്യമന്ത്രി മായാവതിയും വിധാന്‍ പരിഷത്ത് അംഗമായിരുന്നു.