24February2012

Breaking News
പദ്മനാഭസ്വാമി ക്ഷേത്രം: സി നിലവറ തിങ്കളാഴ്ച തുറക്കും
പോലീസ് തയ്യാറാക്കിയ എഫ്.ഐ.ആര്‍ ദുര്‍ബലമാണെന്ന വാദം തെറ്റാണ്
ബാങ്ക് കവര്‍ച്ചസംഘത്തിലെ അഞ്ചുപേര്‍ വെടിവെപ്പില്‍ കൊല്ലപ്പെട്ടു
യു.പി.യില്‍ അഞ്ചാംഘട്ടത്തില്‍ 59 ശതമാനം പോളിങ്
കശ്മീരില്‍ മഞ്ഞുമല ഇടിഞ്ഞ് മലയാളിയടക്കം 16 സൈനികര്‍ മരിച്ചു
കശ്മീരില്‍ മഞ്ഞുമല ഇടിഞ്ഞ് മലയാളിയടക്കം 16 സൈനികര്‍ മരിച്ചു
You are here: Home Automotive ഇപ്പോള്‍ അക്കിയോ ആണു താരം

ഇപ്പോള്‍ അക്കിയോ ആണു താരം

അമേരിക്കന്‍ കാര്‍ നിര്‍മ്മാതാക്കളുടെ കണ്ണില്‍ ഇപ്പോള്‍ അക്കിയോ ആണു താരം. അക്കിയോ എന്നാല്‍ ടൊയോട്ടയുടെ പ്രസിഡന്റ് അക്കിയോ ടൊയോഡ. പ്രസിഡന്റെന്നാല്‍, വെറും പ്രസിഡന്റല്ല, തുടര്‍ച്ചയായുണ്ടായ മൂന്ന് ഗുരുതരമായ പ്രതിസന്ധികളില്‍ പെട്ട് മുങ്ങിത്താണുപോകുമായിരുന്ന

കമ്പനിയെ വീണ്ടും വിപണിനേതൃത്വത്തിന്റെ സിംഹാസനത്തിലിരുത്തിയ പ്രസിഡന്റ്.

ഒരല്‍പ്പം ചരിത്രം. 1937ല്‍ അക്കിയോയുടെ മുതുമുത്തച്ഛന്‍ സാക്കിചി ടൊയോഡയാണ് ടൊയോട്ട സ്ഥാപിച്ചത്. പരമ്പരാഗതമായ നെയ്ത്തുശാലയുടെ എളിയ അനുബന്ധസ്ഥാപനം ആയിട്ടായിരുന്നു തുടക്കം.

അതിനുശേഷം ടൊയോട്ടയെ ലോകപ്രശസ്ത വാഹനനിര്‍മ്മാതാക്കള്‍ എന്ന നിലയിലേക്കുയര്‍ത്തുന്നതില്‍ ഓരോ തലമുറയും പങ്കുവഹിച്ചിട്ടുണ്ട്. 80 കളില്‍ അക്കിയോയുടെ മുത്തച്ഛനായ കീച്ചിറോയുടെ മച്ചുനന്‍ ഈജി ടൊയോഡയാണ് കമ്പനിയെ ഒരു ലോകോത്തര ബ്രാന്‍ഡാക്കിയത്. എണ്‍പതുകളിലും തൊണ്ണൂറുകളിലും ടൊയോട്ടയെ നയിച്ചതില്‍ അക്കിയോ ടൊയോഡയുടെ അച്ഛന്‍ ഷോയ്ച്ചിറോയ്ക്കും ഈ കാലഘട്ടത്തെ ഇന്‍ചാര്‍ജ് എന്ന നിലയില്‍ വലിയൊരു പങ്കുണ്ട്. മാത്രമല്ല, ഇപ്പോഴും ജപ്പാനിലെയും അമേരിക്കയിലെയും വാഹനനിര്‍മ്മാതാക്കളുടെയിടയില്‍ ഷോയ്ച്ചിറോയ്ക്ക് അതുല്യസ്ഥാനമാണുള്ളത്.

കാറോട്ട മത്സരങ്ങള്‍ ഇഷ്ടമായിരുന്നെങ്കിലും അക്കിയോയ്ക്ക് എന്നാല്‍ കുടുംബ ബിസിനസ്സില്‍ ചേരുന്നതില്‍ വലിയ താത്പര്യമുണ്ടായിരുന്നില്ല. ജപ്പാനില്‍നിന്നും ഒരു ഡിഗ്രി എടുത്തശേഷം എം.ബി.എ പഠിക്കാന്‍ ബോസ്റ്റണിലേക്ക് പോയി. പിന്നെ ന്യൂ യോര്‍ക്കില്‍ ഏതാനും വര്‍ഷങ്ങള്‍ ചിലവഴിച്ചു. വാഹനനിര്‍മ്മാണവുമായി പുലബന്ധം പോലുമില്ലാത്ത നിക്ഷേപ ബാങ്കുകള്‍, കണ്‍സള്‍ട്ടിംഗ് കമ്പനികള്‍ എന്നിവിടങ്ങളിലായിരുന്നു ജോലി. സഹപ്രവര്‍ത്തകര്‍ കുടുംബത്തിന്റെ വാഹന ബിസിനസ്സിനെക്കുറിച്ച് കൂടെക്കൂടെ ചോദിച്ചുതുടങ്ങിയപ്പോഴാണ് അക്കിയോയ്ക്കും കമ്പനിയുടെ കാര്യങ്ങളില്‍ താത്പര്യം ജനിച്ചത്. 1984ല്‍ അദ്ദേഹം ജപ്പാനിലേയ്ക്ക് മടങ്ങി.

എന്നാല്‍ സാധാരണ സംഭവിക്കാറുള്ളതുപോലെ ഒരു മുതലാളിപ്പയ്യനായിട്ടല്ല, പിതാവിന്റെ നിര്‍ബന്ധമനുസരിച്ച് മറ്റേതൊരു ട്രെയ്‌നിയേയുംപോലെ ഒരു അപ്രന്റീസായിട്ടായിരുന്നു അക്കിയോ കമ്പനിയില്‍ പ്രവേശിച്ചത്. എങ്കിലും കമ്പനിയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ മുതലാളിപ്പയ്യനായിട്ടു തന്നെ ബഹുമാനത്തോടെയാണ് അക്കിയോയെ കണ്ടത്. എന്നാല്‍, എല്ലാവരാലും ബഹുമാനിക്കപ്പെടുന്ന മാസ്റ്റര്‍ ടെസ്റ്റ് െ്രെഡവര്‍ ഹിരോമു നാരുസ് മാത്രം വിവരമില്ലാത്ത പയ്യന്‍ എന്ന മട്ടിലാണ് ഭാവി പ്രസിഡന്റിനോട് പെരുമാറിയത്. 'നീ ആദ്യം പോയി മര്യാദയ്ക്ക് െ്രെഡവു ചെയ്യാന്‍ പഠിക്ക്. എന്നിട്ട്മതി കാറുകളെക്കുറിച്ചുള്ള വാചകമടി', അദ്ദേഹം പറഞ്ഞു

അക്കിയോ അത്ര മോശക്കാരനല്ലാത്തതിനാല്‍ അതൊരു വെല്ലുവിളിയായെടുത്ത് പരിശീലനമാരംഭിച്ചു. നാരുസിന്റെ കീഴില്‍ത്തന്നെ ഹൈസ്പീഡ് ബ്രെയ്ക്കിംഗ്, എമര്‍ജെന്‍സി റോളോവര്‍, കണ്‍ട്രോള്‍ഡ് സ്പിന്‍ എന്നിവ അഭ്യസിച്ചു. പിന്നീട് കമ്പനിയിലെ ഒരു സീനിയര്‍ ടെസ്റ്റ് െ്രെഡവര്‍ ആവാനും ഒരു വലിയ കാര്‍ വിമര്‍ശകനാവാനും ഈ വെല്ലുവിളി അദ്ദേഹത്തെ സഹായിച്ചു. ഇന്നത്തെ വാഹന വ്യവസായലോകത്ത്, ടെസ്റ്റ് ഡ്രൈവര്‍ ലൈസന്‍സുള്ള അപൂര്‍വം ചീഫ് എക്‌സിക്യുട്ടീവുകളില്‍ ഒരാളാണ് ടൊയോഡോ.

തുടര്‍ന്ന് നിര്‍മ്മാണം, വില്‍പ്പന തുടങ്ങിയ എല്ലാവിഭാഗങ്ങളിലും വിവിധനിലകളില്‍ ജോലി ചെയ്തു. പിന്നെ 2000ത്തില്‍ ഡയറക്ടറായും 2005ല്‍ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റായും പ്രൊമോട്ട് ചെയ്യപ്പെട്ടു. അങ്ങനെയിരിക്കെയാണ് ശരിയായ വെല്ലുവിളി വരുന്നത്. 2009ല്‍ കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും മോശമായ സാമ്പത്തികത്തകര്‍ച്ചയുടെ നടുവില്‍ ആക്കിയോയെ കമ്പനിയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് പ്രൊമോട്ട് ചെയ്തു.'ഇനി എല്ലാം നിന്റെ കൈകളിലേല്‍പ്പിക്കുന്നു,' അച്ഛന്‍ ഷോയ്ചിറോ ടൊയോഡ മകനെ വിളിച്ച് പറഞ്ഞു.

അദ്ദേഹം പ്രസിഡന്റായി നിയമിതനായശേഷം ആദ്യവര്‍ഷംതന്നെ കമ്പനിയുടെ എഴുപതുവര്‍ഷത്തെ ചരിത്രത്തിലാദ്യമായി നഷ്ടം രേഖപ്പെടുത്തി. ആഗോളമാന്ദ്യമായിരുന്നു കാരണം. പിന്നാലെ വന്നു ലോകമെമ്പാടും വാര്‍ത്തകളുണ്ടാക്കിയ കാര്‍ മടക്കിവിളിക്കല്‍ കോലാഹലം. നിര്‍മ്മാണത്തകരാറു കാരണം 85 ലക്ഷത്തോളം കാറുകള്‍ തിരിച്ചുവിളിക്കേണ്ടിവന്നു. കാര്യമായ യന്ത്രത്തകരാറല്ല, മറിച്ച് ഫ്ലോര്‍ മാറ്റ് ആക്‌സിലറേറ്റര്‍ പെഡലില്‍ കുടുങ്ങുന്നു എന്നതായിരുന്നു പ്രശ്‌നം.

അത് ടൊയോട്ടയ്ക്ക് ഭീകരമായ പ്രതിഛായ പ്രശ്‌നം സൃഷ്ടിച്ചു. ദശകങ്ങളായി അമേരിക്കന്‍ വിപണിയില്‍ യു.എസ്സ്. കാറുകളേക്കാള്‍ വിറ്റഴിയുന്ന വണ്ടികളുണ്ടാക്കുന്ന കമ്പനിക്കതിരെ അമേരിക്കയിലെ വാഹന വ്യവസായവും മാധ്യമങ്ങളും രാഷ്ട്രീയക്കാരും കൈകോര്‍ത്തതും പ്രശ്‌നത്തെ വഷളാക്കി. ഇടിവെട്ടിയവനെ പാമ്പു കടിച്ചു എന്ന ചൊല്ലിനെ അനുസ്മരിപ്പിക്കും വിധമായിരുന്നു ജപ്പാനിലുണ്ടായ ഭൂമികുലുക്കവും സുനാമിയും.

സുനാമി വകയായി ഉതപാദനം ഇടിഞ്ഞു, ഒപ്പം അതിന്റെ ഏറ്റവും വലിയ മത്സരക്ഷമത, നിസ്തുലമായ ഗുണനിലവാരത്തിന്റെ സല്‍പേര് നഷ്ടമായി, ടൊയോട്ടയുടെ ഏറ്റവും വലിയ മാര്‍ക്കറ്റ് ആയിരുന്ന യു.എസ്സില്‍ അതിന്റെ വിപണിവിഹിതം കുറഞ്ഞു. 2009-ല്‍ മാര്‍ക്കറ്റിന്റെ 18.3 ശതമാനം കയ്യടക്കിയിരുന്ന ടൊയോട്ട കാറുകള്‍ക്ക് 2011-ല്‍ വിഹിതം വെറും 12.9 ആയി മാറി. വാഹനനിര്‍മാണ ലോകത്തെ അചഞ്ചല ശക്തിയെന്ന് എല്ലാവരും കരുതിയ ടൊയോട്ട ഇപ്പോള്‍ 'കൂട്ടത്തില്‍ ഒരു കമ്പനി' മാത്രമായി അധഃപതിച്ചുവെന്ന് എതിരാളികള്‍ പാടിപ്പരത്തി. 1950കളില്‍ അവലംബിച്ചിരുന്ന അതേ മാനേജുമെന്റ് രീതികളാണ് 21-ാം നൂറ്റാണ്ടിലും ടൊയോട്ടയില്‍ നിലനിന്നിരുന്നത്. ചെറിയ തീരുമാനങ്ങളില്‍പ്പോലും ജപ്പാനിലുള്ള ഹെഡ്ഡോഫീസിന്റെ അനുമതി വേണമായിരുന്നു. ടൊയോട്ടയുടെ ഏറ്റവും വലിയ മാര്‍ക്കറ്റായ അമേരിക്കയിലെ ഒരു മാനേജര്‍ക്ക് ഏതെങ്കിലും ഒരു വാഹനത്തിലെ തകരാറ് റിപ്പോര്‍ട്ട് ചെയ്യണമെങ്കില്‍പ്പോലും ജപ്പാനിലെ ഹെഡ്ഡോഫീസില്‍ ചുവപ്പുനാടയുടെ ഒരു നീണ്ട നിരതന്നെയുണ്ടായിരുന്നു. ചുരുക്കത്തില്‍, ഒരു വന്‍ സ്ഥാപനമാണെന്ന മനോഭാവം കമ്പനിക്കുതന്നെ ശാപമായിത്തീരുകയായിരുന്നു.

2010 ഫിബ്രവരി മുതല്‍ ടൊയോട്ടയില്‍ മാറ്റങ്ങളുടെ കാലമായിരുന്നു. ഗുണമേന്മയുടെ കാര്യം മാത്രം നോക്കാനായി ആറ് വിപണി മേഖലകളിലും പ്രത്യേകം ടോപ് എക്‌സിക്യുട്ടീവുകള്‍ നിയമിതരായി. ഭാവി ഗതിവിഗതികള്‍ അഭിപ്രായപ്പെടാന്‍ മുന്‍ യു.എസ്സ്. ഗതാഗത വകുപ്പ് സെക്രട്ടറിയായ റോഡ്‌നി സ്ലേറ്ററുടെ അദ്ധ്യക്ഷതയില്‍ ഒരു കമ്പനി ബാഹ്യ സമിതിയെ നിയമിച്ചു. അക്കിയോ പറഞ്ഞു: 'അതിവേഗത്തിലുള്ള വളര്‍ച്ച വാഹനങ്ങളുടെ ഗുണമേന്മയെ സാരമായി ബാധിച്ചു. ടോയോട്ടയെ ലോകത്തിലെ ഏറ്റവും ഏറ്റവുമധികം വണ്ടികളുണ്ടാക്കുന്നവരാക്കുകയല്ല എന്റെ ലക്ഷ്യം, ഏറ്റവും ഗുണമേന്മയുള്ള വാഹനങ്ങള്‍ നിര്‍മ്മിക്കുന്നവരാക്കുക എന്നതാണ്.

'നമുക്ക് ലബോറട്ടറികളിലും മീറ്റിംഗ് മുറികളിലുമിരുന്ന് തീരുമാനങ്ങള്‍ എടുക്കുന്നവരെയല്ല ഈ അവസരത്തില്‍ വേണ്ടത്.

'പോയി നേരിട്ട് കണ്ടുമനസിലാക്കൂ' (ജെന്‍ചി ജെന്‍ബുട്‌സു) എന്ന കമ്പനിയുടെ തത്വത്തിലധിഷ്ടിതമായി പ്രവര്‍ത്തിക്കുന്നവരെയാണ്.'

ഡീലര്‍മാരെ കാണാന്‍ അദ്ദേഹം അമേരിക്കയില്‍ കൂടെക്കൂടെ സന്ദര്‍ശനങ്ങള്‍ നടത്തി. വീണുകൊണ്ടിരുന്ന ലെക്‌സസ് ബ്രാന്‍ഡിന്റെ ചുമതല സ്വയം ഏറ്റെടുത്തു. കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡിലെ അംഗസംഘ്യ നേര്‍പകുതിയായി വെട്ടിക്കുറച്ചു. മാനേജ്‌മെന്റിലുള്ള പല അനാവശ്യ നിരകളും എടുത്തുകളഞ്ഞു. കൂടാതെ എല്ലാ ചൊവ്വാഴ്ചയും കമ്പനിയിലെ ഉയര്‍ന്ന അഞ്ച് ഉപദേശകരെ അനൗപചാരികമായി, മുന്‍നിശ്ചയിച്ച വിഷയങ്ങളൊന്നും ചര്‍ച്ച ചെയ്യാനല്ലാതെ അദ്ദേഹം കാണാന്‍തുടങ്ങി.

'കുട്ടിക്കാലം മുതല്‍ക്കുതന്നെ ഏറാന്‍ മൂളികളായ ഉദ്യോഗസ്ഥര്‍ എന്നെ മടുപ്പിക്കുമായിരുന്നു.. ഞാന്‍ ചൊവ്വാഴ്ചകളില്‍ കാണുന്ന അഞ്ച് വൈസ് പ്രസിഡന്റുമാര്‍ 40 വര്‍ഷത്തിനുമീതെ ജോലിപരിചയമുള്ളവരും അവവരരുടെ രംഗങ്ങളില്‍ വിദഗ്ധരുമാണ്,' ഒരഭിമുഖത്തില്‍ അക്കിയോ പറഞ്ഞു.

ക്രമേണ ടൊയോട്ട വാഹനങ്ങള്‍ നഷ്ടപ്പെട്ട വിശ്വാസ്യത വീണ്ടെടുക്കാന്‍ തുടങ്ങി. ഈ വര്‍ഷം പ്രയസ് ഹൈബ്രിഡ് ലൈന്‍ അടക്കം റീഡിസൈന്‍ ചെയ്ത 19 പുതിയ കാറുകളാണ് ടൊയോട്ട വിപണിയിലിറക്കാന്‍ പോകുന്നത്. ഇക്കാലത്ത് ഏത് വലിയ ഓട്ടോമൊബൈല്‍ കമ്പനിയുടെ കാര്യത്തിലാണെങ്കിലും ഇതൊരു വമ്പന്‍ മോഡല്‍ നിര തന്നെയാണ്.

 

ലോകത്തിലെ ഏറ്റവും വലിയ വാഹനനിര്‍മാതാവ് എന്ന പദവിയിലിരുന്ന ടൊയോട്ടയെ ആദ്യം ജനറല്‍ മോട്ടോഴ്‌സും പിന്നെ ഫോക്‌സ്‌വാഗണും ഓവര്‍ടേക്ക് ചെയ്ത വാര്‍ത്ത ആഘോഷമായി കൊടുത്ത് ടൊയോട്ടയുടെ ചരമക്കുറിപ്പിന് വിവരങ്ങള്‍ ശേഖരിച്ചിരുന്ന വാഹനവ്യവസായ പ്രസിദ്ധീകരണങ്ങള്‍ തന്നെ ടൊയോട്ട ഫീനിക്‌സ് പക്ഷിയെപ്പോലെ ചാരത്തില്‍ നിന്നുയരുന്ന വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയാണീ വര്‍ഷം. 'ടൊയോട്ടയുടെ കംബാക്ക് പയ്യന്‍' എന്ന് ഫോര്‍ച്യൂണ്‍ മാസിക വിശേഷിപ്പിച്ച 54-കാരനായ അക്കിയോ ടൊയോഡ തന്നെ ഇതിനെല്ലാം കാരണം.

Newsletter