മന്ത്രി ത്രിവേദി രാജിയ്‌ക്കൊരുങ്ങി
- Last Updated on 14 March 2012
ന്യൂഡല്‍ഹി: ഒമ്പതുവര്‍ഷത്തെ ഇടവേളയ്ക്കു ശേഷം യാത്രക്കൂലി കൂട്ടിക്കൊണ്ടുള്ള റെയില്‍വേ ബജറ്റ് മന്ത്രി ദിനേഷ് ത്രിവേദി പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. എല്ലാ ക്ലാസുകളിലും വര്‍ധനയുണ്ട്.
നൂറിലധികം പുതിയ തീവണ്ടികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. വണ്ടിയിലെ സുരക്ഷയ്ക്കും ആധുനികീകരണത്തിനും സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനും ഊന്നല്‍ നല്‍കുന്ന ബജറ്റ്
പക്ഷേ, കേരളത്തിന് നിരാശയായി.
എന്നാല്‍, യാത്രക്കൂലി കൂട്ടിയതിനെതിരെ റെയില്‍വേമന്ത്രിയുടെ സ്വന്തം പാര്‍ട്ടിയായ തൃണമൂല്‍ കോണ്‍ഗ്രസ് പ്രതിഷേധവുമായി രംഗത്തെത്തി. വര്‍ധന അംഗീകരിക്കാനാവില്ലെന്ന് പാര്‍ട്ടി അധ്യക്ഷ മമതാബാനര്‍ജി തുറന്നു പറഞ്ഞു. മന്ത്രി ത്രിവേദിയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് മമത പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന് കത്തെഴുതി. പകരം മുകുള്‍ റോയിയെ മന്ത്രിയാക്കണമെന്നാണ് അവരുടെ ആവശ്യം. പ്രതിസന്ധി പരിഹരിക്കാന്‍ ബുധനാഴ്ച രാത്രി കോണ്‍ഗ്രസ് നേതാക്കള്‍ പ്രധാനമന്ത്രിയുടെ വസതിയില്‍ യോഗം ചേര്‍ന്നു. അതിനിടെ റെയില്‍വേ മന്ത്രി ദിനേഷ് ത്രിവേദി രാജിക്കൊരുങ്ങിയതായും വാര്‍ത്തകളുണ്ട്.
നിരക്കുവര്‍ധന പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് തൃണമൂല്‍കോണ്‍ഗ്രസ് എം.പി.മാര്‍ വ്യാഴാഴ്ച പ്രധാനമമന്ത്രിയെ കാണുമെന്ന് പാര്‍ട്ടിയുടെ ലോക്‌സഭാനേതാവ് സുദീപ് ബന്ദോപാധ്യായ പറഞ്ഞു. വര്‍ധനയ്‌ക്കെതിരെ പാര്‍ലമെന്റില്‍ ഖണ്ഡനപ്രമേയം കൊണ്ടുവരുമെന്നും അദ്ദേഹം അറിയിച്ചു.