15March2012

You are here: Home Automotive ഹീറോയുടെ ഒന്നാംസ്ഥാനം നഷ്ടപ്പെടുമെന്ന് കരുതേണ്ട

ഹീറോയുടെ ഒന്നാംസ്ഥാനം നഷ്ടപ്പെടുമെന്ന് കരുതേണ്ട

ജപ്പാനിലെ ഹോണ്ടയുമായി വേര്‍പിരിയുന്നതോടെ ഇന്ത്യയിലെ ഹീറോയുടെ നല്ലകാലം കഴിയുമെന്നാണ് പലരും കരുതിയത്. എന്നാല്‍ ഹീറോയുടെ തകര്‍ച്ച കാണാന്‍ കാത്തിരുന്നവര്‍ നിരാശരായി. ഇന്ത്യന്‍ വിപണിയില്‍ ഇതുവരെ ആരും ഇറക്കിയിട്ടില്ലാത്ത മഡ് ബൈക്ക് വിഭാഗത്തില്‍പ്പെട്ട ഇംപള്‍സ് പുറത്തിറക്കി ഹീറോ വാഹനപ്രേമികളെ ഞെട്ടിച്ചു. എന്നാല്‍ ഇന്ത്യക്കാര്‍ ശരിക്കുംഞെട്ടാന്‍ പോകുന്നതെ

ഉള്ളുവെന്ന് ഹീറോ മോട്ടോകോര്‍പ്പ് അധികൃതര്‍ പറയുന്നു.

ലോകത്തെ പ്രമുഖ ബൈക്ക് നിര്‍മ്മാതാക്കളായ ഡ്യുക്കാട്ടിയെ ഇന്ത്യയിലെ ഹീറോ മോട്ടോകോര്‍പ്പ് ഏറ്റെടുക്കാന്‍ ഒരുങ്ങുന്നു എന്നതാണ് ഞെട്ടിക്കുന്ന വാര്‍ത്ത. ഹോളിവുഡ് താരം ബ്രാഡ് പിറ്റ് അടക്കമുള്ളവരുടെ ദൗര്‍ബല്യങ്ങളിലൊന്നാണ് ഇറ്റലിയിലെ ഡ്യുക്കാട്ടി മോട്ടോര്‍ ഹോള്‍ഡിങ് നിര്‍മ്മിക്കുന്ന ബൈക്കുകള്‍. ടാറ്റാ മോട്ടോഴ്‌സിനെ മാതൃകയാക്കിയാണ് ഹീറോ വമ്പന്‍ ഏറ്റെടുക്കലിനൊരുങ്ങുന്നത്. നഷ്ടത്തിലായിരുന്ന ബ്രിട്ടീഷ് വാഹന ബ്രാണ്ടുകളായ ജാഗ്വറിനെയും ലാന്‍ഡ് റോവറിനെയും ടാറ്റാ മോട്ടോഴ്‌സ് ഏറ്റെടുത്ത് ലാഭത്തിലാക്കുമെന്ന് ആരും പ്രതീക്ഷച്ചതല്ല.

ഡ്യുക്കാട്ടിയെ ഏറ്റെടുക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് ഹീറോ മോട്ടോകോര്‍പ്പ് എം.ഡി പവന്‍കാന്ത് മുന്‍ജാലാണ് ഒരു അഭിമുഖത്തിനിടെ വെളിപ്പെടുത്തിയത്. നിരവധി ബാങ്കര്‍മാരുമായും ഡ്യുക്കാട്ടി അടക്കമുള്ള സ്ഥാപനങ്ങളുമായും ചര്‍ച്ചകള്‍ തുടരുകയാണെന്ന് അദ്ദേഹം പറഞ്ഞു. പ്രമുഖ വാഹന ബ്രാണ്ടായ ഡ്യുക്കാട്ടിയെയും അതിന്റെ സാങ്കേതിക വിദ്യയും ഹീറോയ്ക്ക് കുറഞ്ഞ വിലയ്ക്ക് ലഭിച്ചേക്കുമെന്ന് ഈ രംഗത്തെ വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു. അമേരിക്കന്‍ റെയ്‌സിങ് ബൈക്ക് നിര്‍മ്മാതാക്കളായ എറിക്ക് ബുള്‍ റെയ്‌സിങ്ങുമായി ഹീറോ അടുത്തിടെ കരാറില്‍ ഏര്‍പ്പെട്ടിരുന്നു. ഭാവിയിലെ ബൈക്കുകളുടെ രൂപകല്‍പ്പന സംബന്ധിച്ചതാണ് കരാര്‍. 

ജപ്പാനിലെ ഹോണ്ടയുമായി ഹീറോയ്ക്ക് അവശേഷിക്കുന്ന ലൈസന്‍സിങ് കരാര്‍ 2014 ല്‍ അവസാനിക്കും. അതിനു മുന്‍പ് ലോകോത്തര ബ്രാണ്ടുകള്‍ ഏറ്റെടുത്തും പ്രമുഖ ബൈക്ക് നിര്‍മ്മാതാക്കളുമായി കൈകോര്‍ത്തും വിപണിയിലെ ആധിപത്യം നിലനിര്‍ത്താന്‍ ഒരുങ്ങുകയാണ് ഹീറോ മോട്ടോകോര്‍പ്പ്.

Newsletter