പിറവം ക്ലൈമാക്‌സില്‍, പ്രചാരണത്തിന് ഇന്ന് കൊടിയിറക്കം
- Last Updated on 14 March 2012
- Hits: 1
പിറവം: ഉഴുതുമറിച്ച് നിരപ്പാക്കി വിത്തെറിയാറായ പാടമായി പിറവം മണ്ഡലം. 100 മീറ്റര്‍ ഓട്ടത്തിന്റെ അവസാന അഞ്ച് മീറ്റര്‍ പോലെ, തിരികൊളുത്തപ്പെട്ട കമ്പക്കെട്ടിന്റെ അവസാന കൂട്ടപ്പൊരിച്ചില്‍ പോലെ പിറവം ഉപ തിരഞ്ഞെടുപ്പ് ആകാംക്ഷാ നിര്‍ഭരമായ ക്ലൈമാക്‌സിലേക്ക് നീങ്ങുകയാണ്. ഒരു മാസത്തോളം മണ്ഡലമാകെ വീശിയടിച്ച ശക്തമായ പ്രചാരണക്കൊടുങ്കാറ്റ് വ്യാഴാഴ്ച വൈകീട്ട് അഞ്ചിന് അവസാനിക്കും. പിന്നീട്
നിശ്ശബ്ദ പ്രചാരണത്തിന്റെ ഏതാനും മണിക്കൂറുകള്‍. ശനിയാഴ്ച വോട്ടെടുപ്പ്. 21ന് കേരള നിയമസഭയിലേക്കുള്ള പിറവത്തിന്റെ പ്രതിനിധി ഉദയം ചെയ്യും.
പിറവത്ത് അവസാന തുള്ളി വിയര്‍പ്പുമൊഴുക്കി നേതാക്കള്‍ രംഗമൊഴിയുകയാണ്. അഞ്ചുമണി കഴിഞ്ഞാല്‍ മണ്ഡലത്തിന് പുറത്തുള്ളവരൊന്നും ഇവിടെ തങ്ങാന്‍ പാടില്ലെന്നാണ് നിയമം. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കേന്ദ്രമന്ത്രി എ.കെ. ആന്റണിയും ഉള്‍പ്പെടെയുള്ള യുഡിഎഫ് നേതാക്കളും വി.എസ്. അച്യുതാനന്ദനും പിണറായി വിജയനും ഉള്‍പ്പെടെയുള്ള ഇടതുമുന്നണി നേതാക്കളും ഇളക്കിമറിച്ച പിറവത്തിന്റെ മണ്ണ് തങ്ങളുടെ പ്രതിനിധിയെ വരിക്കാന്‍ ഒരുങ്ങിക്കഴിഞ്ഞു.
ഉന്നത നേതാക്കള്‍ കളമൊഴിയുന്നതോടെ പ്രാദേശിക നേതാക്കള്‍ കടിഞ്ഞാണ്‍ വീണ്ടെടുക്കുകയാണ്. സ്വന്തം നാട്ടിലെ തിരഞ്ഞെടുപ്പില്‍ തങ്ങള്‍ക്ക് കാര്യമായ റോളില്ലാതെ പോയതില്‍ അവര്‍ക്ക് പരിഭവങ്ങളില്ലാതില്ല. എന്തായാലും മുന്നണികളുടെ നിയോജക മണ്ഡലം കമ്മിറ്റികളിലേക്ക് ഇനി വോട്ടെടുപ്പിന്റെ ഉത്തരവാദിത്വങ്ങള്‍ എത്തുന്നു. വീടുകള്‍ കയറി സ്ലിപ്പുകള്‍ കൊടുക്കുന്നതിന്‍േറയും പരമാവധി വോട്ടര്‍മാരെ ബൂത്തിലെത്തിക്കുന്നതിന്‍േറയും ഭാരിച്ച ചുമതലയാണ് പ്രാദേശിക നേതാക്കള്‍ക്ക്.
യുഡിഎഫ് സ്ഥാനാര്‍ഥി അനൂപ് ജേക്കബ്ബിന്‍േറയും എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം.ജെ. ജേക്കബ്ബിന്‍േറയും പഞ്ചായത്ത് തല പ്രചാരണങ്ങള്‍ ബുധനാഴ്ച അവസാനിച്ചു. ഇനി പിറവം ടൗണ്‍ കേന്ദ്രീകരിച്ചുള്ള ഫൈനല്‍ ഷോ. അന്തിമഫലം ആര്‍ക്കൊപ്പം നിന്നാലും ലോകമെങ്ങുമുള്ള മലയാളികള്‍ കാത്തിരിക്കുന്ന, ദേശീയ ശ്രദ്ധ നേടിയ തിരഞ്ഞെടുപ്പിന്റെ താരങ്ങളാണിവര്‍.
സംസ്ഥാനത്ത് നിരവധി ഉപ തിരഞ്ഞെടുപ്പുകള്‍ മുമ്പ് നടന്നിട്ടുണ്ടെങ്കിലും ഇത്രയും കൊടുമ്പിരിക്കൊണ്ട ഒരു പ്രചാരണത്തിന് സാക്ഷ്യം വഹിച്ചിട്ടില്ലെന്ന് മുതിര്‍ന്ന നേതാക്കള്‍ പറയുന്നു. സി. അച്യുത മേനോന്‍, എ.കെ. ആന്റണി, ഇ.കെ. നായനാര്‍ എന്നിവര്‍ മുഖ്യമന്ത്രിമാരായിരിക്കെ ഉപ തിരഞ്ഞെടുപ്പുകള്‍ നേരിട്ടിട്ടുണ്ടെങ്കിലും അതെല്ലാം അവര്‍ക്ക് പദവിയില്‍ തുടരാനുള്ള ജനവിധിയാകുമെന്ന് മുന്‍കൂട്ടി ഉറപ്പിക്കാമായിരുന്നു. നേരിയ ഭൂരിപക്ഷത്തില്‍ മുന്നോട്ടുനീങ്ങുന്ന ഒരു സര്‍ക്കാരിന്റെ ഭദ്രതയില്‍ നിര്‍ണായകമാകും എന്നതാണ് രാഷ്ട്രീയ കേരളത്തെ ഒന്നടങ്കം പിറവത്തേക്ക് ആകര്‍ഷിച്ചത്.
പ്രചാരണത്തിന് എരിവും പുളിയും തിളക്കവും നല്‍കാന്‍ യുഡിഎഫിന് കഴിഞ്ഞു. എ.കെ. ആന്റണിയുടെ ഒരു പകല്‍ പ്രചാരണവും ഉമ്മന്‍ചാണ്ടിയുടെ റോഡ്‌ഷോയും ഐക്യമുന്നണിയുടെ പ്രചാരണത്തിന് പുതിയ മാനങ്ങള്‍ നല്‍കി. ഈ തിരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ ആവര്‍ത്തിക്കപ്പെട്ട പേര് ഉമ്മന്‍ചാണ്ടിയുടേതാണ്. സംസ്ഥാന സര്‍ക്കാരിന്റെ വികസന പദ്ധതികളെ കുറിച്ചുള്ള സംവാദങ്ങളാണ് പിറവത്ത് ഏറ്റവും മുഴങ്ങിയത്.
പുറമേക്ക് വലിയ കോലാഹലങ്ങളൊന്നും കാണാനില്ലെങ്കിലും ജനമനസ്സുകളുടെ ആഴങ്ങളിലേക്കിറങ്ങിച്ചെല്ലുന്ന ശക്തമായ പ്രചാരണമായിരുന്നു ഇടതുമുന്നണിയുടേത്. പിണറായി, വി.എസ്. അച്യുതാനന്ദന്‍, കോടിയേരി ബാലകൃഷ്ണന്‍ എന്നിവര്‍ കഴിഞ്ഞ നാലുദിവസം പൊതുയോഗങ്ങളിലും റാലികളിലും പങ്കെടുത്തു. വിപുലമായ ഈ ഒരു ഡസന്‍ യോഗങ്ങളാണ് ഇടതുമുന്നണണിയുടെ പ്രചാരണത്തിന് മാറ്റേകിയത്.
കുടുംബയോഗങ്ങളില്‍ ഇരു മുന്നണികളും കാര്യമായി ശ്രദ്ധിച്ചു. മുന്നണികളാകെ നടത്തിയത് രണ്ടായിരത്തി അഞ്ഞൂറോളം കുടുംബയോഗങ്ങള്‍. എത്ര തീവ്രമായിരുന്നു പ്രചാരണമെന്നതിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്.