04April2012

You are here: Home Automotive ഫിബിയെന്നെന്ന ട്രക്ക്-ബോട്ട്

ഫിബിയെന്നെന്ന ട്രക്ക്-ബോട്ട്

വെള്ളത്തിലോടുന്ന ട്രക്കിനെക്കുറിച്ച് കേള്‍ക്കുമ്പോള്‍ കഴിഞ്ഞ പത്തു വര്‍ഷങ്ങള്‍ക്കിടെ ക്യൂബന്‍ അഭയാര്‍ത്ഥികള്‍ അമേരിക്കയിലേക്ക് കടക്കാന്‍ നടത്തിയ ശ്രമങ്ങളാവും ഓര്‍മ വരിക. 2003ലും 2005ലുമായി ക്യൂബയില്‍ നിന്നും അമേരിക്കയിലേക്ക് കടക്കാന്‍ കൗതുകമുണര്‍ത്തുന്ന ട്രക്കുകള്‍ അവര്‍ നിര്‍മിച്ചു. പഴയ കാറുകളുടെയും ലോറികളുടെയും ഭാഗങ്ങളുപയോഗിച്ചായിരുന്നു നിര്‍മിതി. കണ്ടാല്‍ ലോറിയെയും കാറുകളെയും പോലെ

തോന്നുന്ന ബോട്ടുകളായിരുന്നു ഇവ. എന്നാല്‍ ഇവരുടെ ശ്രമങ്ങളെല്ലാം അമേരിക്കന്‍ അധികൃതര്‍ തകര്‍ത്തു. വെള്ളത്തിലോടുന്ന ട്രക്ക് ബോട്ടുകളെല്ലാം കസ്റ്റഡിയിലുമായി. പക്ഷെ ക്യൂബക്കാര്‍ നിര്‍മിച്ച ട്രക്കുകളേറെയും സ്ഥിരമായി കരയിലും വെള്ളതിലും ഓടിക്കാന്‍ ഉദേശിച്ചുള്ളതൊന്നുമായിരുന്നില്ല. എങ്ങനെയും അമേരിക്കയിലെത്തി ബോട്ടിന്റെ ഭാഗങ്ങള്‍ ഊരിമാറ്റി കാറെന്ന രീതിയില്‍ തന്നെ പിന്നീട് ഉപയോഗിക്കാവുന്ന തരത്തിലുള്ളതായിരുന്നു ഇവര്‍ ഏറ്റവും അവസാനം നിര്‍മിച്ച മോഡല്‍. 

പക്ഷെ ഈയിടെ അമേരിക്കയിലെ പോട്ടോമാക്ക് നദിയിലൂടെ ആദ്യ യാത്ര നടത്തിയ ആംഫിട്രക്ക് അതുപോലെയല്ല. ഇംഗ്ലണ്ട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗിബ്‌സ് ടെക്ക്‌നോളജീസ് രൂപം നല്‍കിയിക്കുന്ന പുതിയ ആംഫിട്രക്ക് സ്ഥിരമായി വെള്ളത്തിലും കരയിലും ഓടിക്കാന്‍ പറ്റുന്നത് തന്നെയാണ്. കണ്ടാല്‍ ഒരു പട്ടാള വാഹനം പോലെ കരുത്തുറ്റ ബോഡി. ഉയര്‍ന്ന ക്യബിനില്‍ ഡ്രൈവിങ് സീറ്റ്. ഇരു ഭാഗങ്ങളിലേക്കും തെറിച്ച് നില്‍കുന്ന റിയര്‍ വ്യൂ മിറര്‍. ബോട്ടിന് സമാന മായ അടിഭാഗം. പിന്‍ഭാഗത്തെ ഡെക്കിന് അതിരായി അരയ്‌ക്കൊപ്പം ഉയര്‍ന്നു നില്‍ക്കുന്ന ഗ്രില്‍. കണ്ടാല്‍ ബോട്ടുപോലെ തോന്നുമെങ്കിലും ഇത് ബോട്ട് മാത്രമല്ലെന്ന് ഇതില്‍ ഘടിപ്പിച്ചിരിക്കുന്ന നാല് ടയറുകള്‍ കാണുമ്പോള്‍ മനസ്സിലാവും.

വെള്ളത്തിലും കരയിലുമോടുന്ന വാഹനങ്ങളിറക്കുന്ന കമ്പനിയുടെ ഏറ്റവും പുതിയ മോഡലുകളിലൊന്നാണ് ഫിബിയെന്നെന്ന ഈ ട്രക്ക്-ബോട്ട്. ഇത്തരം ആംഫീബിയന്‍ ട്രക്കുകളില്‍ തന്നെ ഏറ്റവും വേഗം കൂടിയതെന്നതാണ് ഫിബിയന്റെ പ്രധാന സവിശേഷത. കരയില്‍ 80 മൈല്‍ വേഗത്തിലും വെള്ളത്തില്‍ 30 മൈല്‍ വേഗവും ഫിബിയന് ലഭിക്കും. രണ്ട് ടര്‍ബോ ഡീസല്‍ എന്‍ജിന്‍ കരുത്ത് പകരുന്ന ഫിബിയന് കരയിലോടുന്ന മോഡില്‍ നിന്ന് വെളത്തിലോടുന്ന ട്രാന്‍സ്മിഷനിലേക്ക് മാറാന്‍ ചുരുങ്ങിയ സമയം മാത്രം മതി. ചുരുക്കിപ്പറഞ്ഞാല്‍ ജെയിംസ്‌ബോണ്ട് സിനിമകളില്‍ കാണുന്ന മള്‍ട്ടിപര്‍പസ്സ് വാഹനങ്ങള്‍ളെ അനുസ്മരിപ്പിക്കുന്ന ട്രക്കാണിത്. കരയില്‍ നിന്ന് വെളത്തിലേക്കെത്തുമ്പോള്‍ വിമാനങ്ങശുടേത് പോലെ ടയറുകള്‍ മുകളിലേക്ക് ഉയര്‍ന്ന് മാറും. വെള്ളത്തില്‍ നിന്ന് തിരിച്ചുകയറുമ്പോള്‍ ടയറുകള്‍ പൂര്‍വ്വ സ്ഥിതിയിലേക്ക് തെന്നിയിറങ്ങുകയും ചെയ്യും. 

കണ്ടാല്‍ മെലിഞ്ഞുണങ്ങിയ പോലെ തോന്നാമെങ്കിലും കാര്യക്ഷമതയുടെ കാര്യത്തില്‍ ഫിബിയന്‍ ഒട്ടും പിന്നിലല്ല. ക്യാബിനില്‍ മൂന്ന്‌പേരെയും പിന്നിലെ ഡക്കില്‍ 12ഓളം യാത്രക്കാരെയും വഹിക്കാന്‍ ഈ ബോട്ട്-ട്രക്കിന് സാധിക്കും. സൈനികര്‍ക്കും നാവികര്‍ക്കും വളരെ ഫലപ്രദമായി ഉപയോിക്കാവുന്നതാണ് ഫിബിയനെന്ന് ഗിബ്‌സ് ടെക്ക്‌നോളജിസ് പറയുന്നു. ഫിബിയനും ഹംഡിങ്കയ്ക്കും മുമ്പ് ഗിബ്‌സ് ഒരു ആംഫി കാറിനും രൂപം നല്‍കിയിരുന്നു. അക്ക്വാഡാ എന്നായിരുന്ന മോഡലിന്റെ പേര്. 2004ല്‍ ഈ കാറിലാണ് ആഗോള സംരംഭകരില്‍ പ്രമുഖനായ റിച്ചാര്‍ഡ് ബ്രാന്‍സണ്‍ ഇംഗ്ലിഷ് ചാനല്‍ മുറിച്ച് കടന്ന് റെക്കോഡിട്ടത്. ഒരു മണിക്കൂറും 40 മിനുട്ടുമാണ് ബ്രാന്‍സണ്‍ ഇതിനായി എടുത്ത സമയം. 

ജപ്പാനില്‍ ഈയിടെയുണ്ടയ ഭൂകമ്പവും സുനാമിയുമെല്ലം ഇത്തരം ആംഫിട്രക്കുകളുടെ ആവശ്യകതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ഇത്തരം അവസരങ്ങളില്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കും മറ്റും ഏറെ സഹായകരമാണ് ഫിബിയനെന്നും കമ്പനി അടിവരയിട്ട് പറയുന്നു. ഫിബിയനോടൊപ്പം അവതരിപ്പിച്ച മറ്റൊരു ആംഫിട്രക്കാണ് ഹംഡിങ്ക രണ്ട്. 21.5 അടി ഉയരമുള്ള ഈ ട്രക്കിന് കരുത്ത് പകരുന്നത് 350 എച്ച്.പി വി 8 ഗ്യാസോലിന്‍ എന്‍ജിനാണ്. ദ്രുതകര്‍മ സേനകള്‍ക്ക് ഉപയോഗിക്കാന്‍ സാധിക്കുന്ന രീതിയില്‍ ഡിസൈന്‍ ചെയ്തിട്ടുള്ള ഈ വാഹനം പ്രധാനമായും സൈനീക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാവുന്നതാണ്. ഇതിനോടകം തന്നെ ബുക്കിങ് തുടങ്ങക്കഴിഞ്ഞ ഫിബിയന്റെ നിര്‍മിതി അമേരിക്കയിലും ഹംഡിംഗയുടേത് ബ്രിട്ടനിലുമാണ്. 9 മുതല്‍ 15 മാസങ്ങള്‍ക്കകം ഇരു വാഹനങ്ങളും ആവശ്യക്കാര്‍ക്ക് ലഭ്യമാവുമെന്ന് കമ്പനി പറയുന്നു. ന്യൂസിലന്‍ഡുകാരനായ അലന്‍ ഗിബ്‌സ് എന്ന സംരംഭകന്‍ 1997ല്‍ രൂപം നല്‍കിയ കമ്പനിയാണ് ഗിബ്‌സ് ടെക്ക്‌നോളജീസ്. 

Newsletter