നാനോയെ ബംഗ്ലാദേശില്‍ അവതരിപ്പിക്കും
- Last Updated on 27 February 2012
- Hits: 17
മുംബൈ: പ്രമുഖ കാര്‍ നിര്‍മാണക്കമ്പനിയായ ടാറ്റാ മോട്ടോഴ്‌സ് തങ്ങളുടെ വില കുറഞ്ഞ കുഞ്ഞന്‍ കാറായ നാനോയെ ബംഗ്ലാദേശില്‍ അവതരിപ്പിക്കും. മുമ്പ് ഇന്ത്യന്‍ കാറുകള്‍ക്ക് അപ്രാപ്യമായിരുന്ന ബംഗ്ലാദേശിലെ കാര്‍ വിപണിയില്‍ നാനോയ്ക്ക് നല്ല ഡിമാന്‍ഡുണ്ടാവുമെന്നാണ് ബംഗ്ലാദേശിലെ വിതരണക്കാരായ നിറ്റോള്‍
നിലോയ് ഗ്രൂപ്പ് പറയുന്നത്. ബംഗ്ലാദേശ് വിപണിയില്‍ നോനോയ്ക്ക് 6,098 ഡോളറായിരിക്കും വില (ഏകദേശം 2,98,802 രൂപ). എന്നാല്‍ കസ്റ്റംസ് ഡ്യൂട്ടി സംബന്ധിച്ചുള്ള സര്‍ക്കാരിന്റെ തീരുമാനത്തിനനുസരിച്ച് വില വ്യത്യാസപ്പെട്ടേക്കാം.
തുടക്കത്തില്‍ 2,000 നാനോ കാറുകളായിരിക്കും ബംഗ്ലാദേശ് ഇറക്കുമതി ചെയ്യുക. മധ്യവര്‍ഗ കുടുംബങ്ങളെ ലക്ഷ്യമിട്ടിറക്കിയ ചെറുകാര്‍ മോഡലായതു കൊണ്ട് ബംഗ്ലാദേശില്‍ നാനോയ്ക്ക് മികച്ച സ്വീകാര്യതയാണ് ടാറ്റ പ്രതീക്ഷിക്കുന്നത്. ഇതുവരെ ജപ്പാനില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന ഉപയോഗിച്ച കാറുകള്‍ക്കായിരുന്നു ബംഗ്ലാദേശ് വിപണിയില്‍ ഡിമാന്‍ഡേറെയും. എന്നാല്‍, ഇവയക്ക് വില കൂടുതലാണെന്നത് നാനോയ്ക്ക് ഡിമാന്‍ഡ് വര്‍ധിപ്പിച്ചേക്കും. ഇന്ത്യയുടേതായി ബംഗ്ലാദേശ് വിപണിയില്‍ മുമ്പുണ്ടായിരുന്നത് അംബാസഡര്‍ കാറുകള്‍ മാത്രമാണ്. ഇവയിലേറെയും ടാക്‌സികളുമാണ്.
കഴിഞ്ഞ ഒക്ടോബറില്‍ തന്നെ നാനോയെ ബംഗ്ലാദേശില്‍ അവതരിപ്പാന്‍ ടാറ്റ ഉദേശിച്ചിരുന്നെങ്കിലും വില സംബന്ധിച്ച് തീരുമാനമാവാഞ്ഞതിനാല്‍ നീണ്ടു പോവുകയായിരുന്നു. പ്രതിവര്‍ഷം 10,000 നാനോ കാറുകളെങ്കിലും ബംഗ്ലാദേശില്‍ ചെലവാവുമെന്നാണ് ടാറ്റയുടെ നിലവിലെ അനുമാനം. അതിനിടെ ബംഗ്ലാദേശില്‍ നാനോയ്ക്ക് നിര്‍മാണ പ്ലാന്റ് സ്ഥാപിക്കാനും നിറ്റോള്‍ നിലോയ് ഗ്രൂപ്പിന് താത്പര്യമുണ്ട്. ഇതു സംബന്ധിച്ച് ടാറ്റയുമായി ചര്‍ച്ച നടത്താന്‍ നിറ്റോള്‍ ഉദേശിക്കുന്നതായി ഈയിടെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ഇറക്കുമതി തീരുവയടക്കം കാറിന് 3.8 ലക്ഷം രൂപയ്ക്കടുത്ത് വിലയാവുന്ന സാഹചര്യത്തിലാണ് നിര്‍മാണ ബംഗ്ലാദേശില്‍ നിര്‍മാണ പ്ലാന്റ് സ്ഥാപിക്കുന്നത് സംബന്ധിച്ച് നിറ്റോള്‍ നിലോയ് ഗ്രൂപ്പ് ആലോചിക്കുന്നത്. അതേസമയം, ബംഗ്ലാദേശില്‍ പ്ലാന്റ് സ്ഥാപിക്കുന്നത് സംബന്ധിച്ച് ടാറ്റാ മോട്ടോഴ്‌സ് പ്രതികരിച്ചിട്ടില്ല. ബംഗ്ലാദേശിന് പുറമെ തായ്‌ലന്‍ഡ്, ഇന്തോനേഷ്യ, മ്യാന്‍മാര്‍ എന്നീ രാജ്യങ്ങളിലേക്ക് കൂടി നാനോയെ എത്തിക്കാന്‍ ടാറ്റയ്ക്ക് പദ്ധതിയുണ്ട്.