ജി.എല്‍ ക്ലാസ്സ് 'ഗ്രാന്‍ഡ് എഡിഷന്‍' ഇന്ത്യയില്‍ പുറത്തിറക്കി
- Last Updated on 19 February 2012
- Hits: 5
രാജ്യത്തെ ആഡംബര കാര്‍ വിപണിയില്‍ ഏറ്റവുമധികം വാഹനങ്ങള്‍ പുറത്തിറക്കുന്ന ബ്രാന്‍ഡ് എന്ന സ്ഥാനം ഒരിക്കല്‍ക്കൂടി ഉറപ്പിച്ചുകൊണ്ട് മെഴ്‌സിഡസ് ബെന്‍സ് തങ്ങളുടെ ജി.എല്‍ ക്ലാസ്സ് 'ഗ്രാന്‍ഡ് എഡിഷന്‍' ഇന്ത്യയില്‍ പുറത്തിറക്കി. ഈ വിഭാഗത്തില്‍പ്പെടുന്ന ഏറ്റവും വലിയ സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി
വാഹനങ്ങളിലൊന്നാണ് ജി.എല്‍ക്ലാസ്സ്. 'ഗ്രാന്‍ഡ് എഡിഷന്‍' പുറത്തിറക്കിയതോടെ എസ്.യു.വി. വിഭാഗത്തില്‍ കമ്പനിയുടെ സ്ഥാനം ഒന്നുകൂടി ഉറച്ചിരിക്കുകയാണ്.
ഒരു സ്രാവിന്റെ എയ്‌റോഡൈനാമിക് രൂപവും യു.എസ്സിലെയും യൂറോപ്പിലെയും സൂപ്പര്‍ ഹൈവേകള്‍ക്കിണങ്ങിയ, റോഡ് ഹഗ്ഗിങ്ങ് എന്ന് തോന്നിപ്പിക്കും വിധം തറയോട് ചേര്‍ന്ന ബോഡിയും ഉള്ള സലൂണ്‍, കൂപ്പേ കാറുകളാണ് കാര്‍ നിര്‍മാതാക്കളിലെ ആഡംബര ബ്രാന്‍ഡുകള്‍ പതിവായി നിര്‍മിക്കാറ്. കാട്ടിലും മേട്ടിലും കറങ്ങാനും അല്‍പം പരുക്കനായി ജീവിക്കാനും ആഗ്രഹിക്കുന്നവര്‍ക്കുള്ള എസ്.യു.വി.കള്‍ ഇത്തരക്കാരുടെ മോഡലുകളില്‍ അധികം പ്രത്യക്ഷപ്പെടാറില്ല (അതൊക്കെ ചെയ്യാനല്ലേ റേഞ്ച് റോവറും പജേറോയും ജീപ്പുമൊക്കെ). അതുകൊണ്ട് മറ്റ് ആഡംബര വാഹനനിര്‍മാതാക്കളെ പോലെ ബെന്‍സും നഗരവാസിയായ സമ്പന്നന് പിടിക്കുന്ന കൂപ്പെ, സെഡാന്‍, കണ്‍വേര്‍ട്ടിബിള്‍ മോഡലുകളില്‍ ഉറച്ചുനി ല്‍ക്കുകയായിരുന്നു സമീപകാലം വരെ.
1970-കളില്‍ ഇറാനിലെ ഷായ്ക്ക് വേണ്ടി മെഴ്‌സഡിസ്സാണ് ആദ്യമായി എസ്.യു.വി. നിര്‍മിച്ചത്. പിന്നീട് വികസ്വര രാജ്യങ്ങളില്‍ ഈ ലക്ഷ്വറി എസ്.യു.വി.ക്ക് ലഭിച്ച നല്ല സ്വീകരണമാണ് ബാക്കി ആഡംബര കാര്‍ നിര്‍മാതാക്കളെയും ഈ വഴിക്ക് ചിന്തിപ്പിച്ചത്. ഏഷ്യന്‍ രാജ്യങ്ങളിലെ വന്‍നഗരങ്ങളില്‍ പോലും റോഡുകളുടെ ശോച്യാവസ്ഥ നിരത്തിനോടൊട്ടിച്ചേര്‍ന്ന ബോഡിയുള്ള കാറുകള്‍ക്ക് അനുയോജ്യമല്ല. പലപ്പോഴും കുട്ടികളും കുടുംബവുമായി സഞ്ചരിക്കുന്നവര്‍ക്ക് സെഡാനുകളിലെയും കൂപ്പെകളിലെയും നാല് സീറ്റ് അപുര്യാപ്തവുമാണ്. എസ്.യു.വി.കള്‍ക്കാണെങ്കില്‍ മോശം റോഡുകളിലൂടെ പോലും സഞ്ചരിക്കാവുന്ന ഗ്രൗണ്ട് ക്ലിയറന്‍സുണ്ട്, ഉള്ളില്‍ ഏക്കര്‍ കണക്കിന് സ്ഥലവുണ്ട്. ലക്ഷ്വറി ബ്രാന്‍ഡ് വാഗ്ദാനം ചെയ്യുന്ന സുഖസൗകര്യങ്ങള്‍ വേറെയും.
എസ്.യു.വി. വിഭാഗത്തില്‍പെടുന്ന വാഹനങ്ങള്‍ക്ക് ഇന്ത്യയില്‍ ആവശ്യക്കാര്‍ ഏറി വരികയാണെന്ന് മെഴ്‌സിഡസ് ഇന്‍ഡ്യയുടെ സെയില്‍സ് ആന്റ് മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ ദേബഷിസ് മിത്രപറയുന്നു: 'ഇന്ത്യയില്‍ ജി.എല്‍. ഗ്രാന്‍ഡിന്ന് ആകര്‍ഷകമായ വിലയാണ് നിശ്ചയിച്ചിരിക്കുന്നത്. ഈ വാഹനം പുറത്തിറക്കുകവഴി രാജ്യത്തെ ലക്ഷ്വറി എസ്.യു.വി വിഭാഗത്തില്‍ കമ്പനിയുടെ ആധിപത്യം ഒന്നുകൂടി ബലവത്താകുമെന്നകാര്യത്തില്‍ സംശയമില്ല. ജി.എല്‍. ഗ്രാന്‍ഡ് എഡിഷന്റെ തെളിയിക്കപ്പെട്ട ഓഫ്‌റോഡിംഗ് കഴിവുകളും ആഡംബരം വിളിച്ചോതുന്ന ഇന്റീരിയറും ഇന്ത്യയിലെ ഓഫ്‌റോഡിംഗ് ആരാധകരുടെ അഭിരുചിക്ക് ഏറ്റവും അനുയോജ്യമായതാണ്,' അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.
ജി.എല്‍. ഗ്രാന്‍ഡിലെ സ്‌പെയ്‌സും മറ്റുസൌകര്യങ്ങളും മറ്റേത് ലക്ഷ്വറി സലൂണുമായും കിടപിടിക്കുന്നതാണ്. അസാധാരണമായ തിളക്കമുള്ള ഹിമാലയന്‍ ഗ്രേ ലൈറ്റ് അല്ലോയ് വീലുകളും 20 ഇഞ്ച് ടയറുകളും ഗ്രാന്‍ഡ് എഡിഷന്റെ മാത്രം പ്രത്യേകതയാണ്. വിപരീത നിറങ്ങളിലുള്ളതും പുറമെകാണുന്നതുമായ തുന്നലോടുകൂടിയ ബ്ലാക്ക്‌പോര്‍സലെയ്ന്‍ ബ്ലാക്ക്‌മെറൂണ്‍ എന്നീ നിറഭേദങ്ങളിലുള്ള ഇരുനിറ ലെതര്‍ സീറ്റുകളും ഗ്രാന്‍ഡ് എഡിഷനെ വ്യത്യസ്ഥമാക്കുന്നു. പ്രത്യേകതരത്തില്‍ത്തന്നെയാണ് ഈ വഹനത്തിന്റെ മുന്‍ഭാഗവും രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. നേരിയ ടിന്റോടുകൂടിയ ഹെഡ്‌ലാമ്പുകളും തിളക്കമേറിയ ലോവറുകളോടുകൂടിയ കറുത്ത റേഡിയേറ്റര്‍ ഗ്രില്ലും പകല്‍ വെളിച്ചത്തിലും തിളങ്ങുന്ന എല്‍.ഇ.ഡി ബള്‍ബുകള്‍ ഘടിപ്പിച്ച പുതിയ ഡിസൈനിലുള്ള മുന്‍ ബംപറുകളും ഈ സ്‌പെഷല്‍ എഡിഷന്റെ മാത്രം പ്രത്യേകതയാണ്.
മെറ്റാലിക്ക് പെയിന്റ്, ഇന്‍ഫ്രാറെഡ് രശ്മികള്‍ പ്രതിഫലിപ്പിക്കാന്‍ കഴിവുള്ള ലാമിനേറ്റഡ് ഗ്ലാസ്സുകള്‍, കണ്ടാല്‍ അലൂമിനിയമാണെന്ന് തോന്നുന്ന റബ്ബര്‍ സ്റ്റഡ്ഡുകള്‍ പതിപ്പിച്ച റണ്ണിംഗ് ബോര്‍ഡുകള്‍, ആകര്‍ഷകമായരീതിയില്‍ വിഭജിക്കപ്പെട്ട റ്റെയില്‍ പൈപ്പുകള്‍ എന്നിവ ഈ വാഹനത്തിന്റെ മറ്റ് ആകര്‍ഷണങ്ങളാണ്. ഏഴുപേര്‍ക്ക് സുഖമായി യാത്ര ചെയ്യാവുന്ന ഈ വാഹനത്തില്‍ ആംബിയന്റ് ലൈറ്റിംഗ്, കറുത്ത ഡിസൈനര്‍ തുണികൊണ്ടുള്ള റൂഫ് ലൈനര്‍, 'ഗ്രാന്‍ഡ് എഡിഷന്‍' എന്നെഴുതിയ വിപരീതനിറത്തിലുള്ള തുന്നലോടുകൂടിയ ഫ്ലോര്‍ മാറ്റുകള്‍, സെന്റര്‍ കണ്‍സോളിലുള്ള 'ഗ്രാന്‍ഡ് എഡിഷന്‍' ബാഡ്ജ് തുടങ്ങിയവ ആകര്‍ഷകമാണ്.
ഈസിപാക്ക് ടെയില്‍ഗേറ്റും വൈദ്യുതിയാല്‍ മടക്കാന്‍കഴിയുന്ന മൂന്നാം നിര സീറ്റുകളും മറ്റ് സൗകര്യങ്ങളില്‍പെടുന്നു. പാര്‍ക്ട്രോണിക്ക് കമാന്‍ഡ് എ.പി.എസ്. സിസ്റ്റവും റിവെഴ്‌സിംഗ് ക്യാമറയുമുള്ളതിനാ!ല്‍ വളരെ ചെറിയ സ്ഥലത്തുപോലും ഈ വാഹനം പാര്‍ക്കുചയ്യാന്‍ എളുപ്പമാണ്. െ്രെഡവര്‍ക്കും മുന്‍പിന്‍ നിര യാത്രക്കാര്‍ക്കും വ്യത്യസ്ഥമായ രീതിയില്‍ സെറ്റുചെയ്യാവുന്നതാണ് തെര്‍മോട്രോണിക്ക് ഓട്ടോമാറ്റിക്ക് ക്ലൈമറ്റ് കണ്‍ട്രോള്‍ സിസ്റ്റം. വളരെനല്ല റൈഡിംഗ് കംഫര്‍ട്ട് നല്‍കുമ്പോള്‍ത്തന്നെ ഏറ്റവും പ്രധാന്യമേറിയ സുരക്ഷാ സജ്ജീകരണങ്ങളും മറ്റേത് മെഴ്‌സിഡസ് ബെന്‍സ് വാഹനത്തെയുംപോലെതന്നെ ജി.എല്‍. ക്ലാസ്സ് ഗ്രാന്‍ഡ് എഡിഷനും പ്രദാനം ചെയ്യുന്നു.
പുതിയതരം 4മാറ്റിക്ക് ഓള്‍വീല്‍ െ്രെഡവ്, എയര്‍മാറ്റിക്ക് എയര്‍ സസ്‌പെന്‍ഷന്‍, ഡയറക്റ്റ് സ്റ്റീര്‍ സിസ്റ്റം, അഡാപ്റ്റീവ് ഡാംപിംഗ് സിസ്റ്റം (എ.ഡി.എസ്) എന്നിവ ഈ വാഹനത്തിന്റെ മറ്റുപ്രത്യേകതകളാണ്. എയര്‍മാറ്റിക്ക് എയര്‍ സസ്‌പെന്‍ഷന്‍ ഉയര്‍ന്ന ഗ്രൌണ്ട് ക്ലിയറന്‍സ് ഉറപ്പാക്കുന്നതിനാല്‍ നിരത്തിലേതുപോലെതന്നെ ഓഫ്‌റോഡിലും ജി.എല്‍ ക്ലാസ്സ് അതിന്റെ ഉന്നത സ്ഥാനം നിലനിര്‍ത്തുന്നു. ഈ വാഹനത്തിന്റെ ഡയനാമിക് ഹാന്‍ഡ്‌ലിംഗ് കണ്‌ട്രോള്‍ സിസ്റ്റംസ്, ഓഫ്‌റോഡ് എ.ബി.എസ്, ഡൌണ്‍ഹില്‍ സ്പീഡ് റെഗുലേറ്റര്‍, ഹില്‍ സ്റ്റാര്‍ട്ട് അസ്സിസ്റ്റ് എന്നീ സൌകര്യങ്ങള്‍ ആയാസരഹിതമായ െ്രെഡവിംഗിന്ന് വളരെയേറെ സഹായിക്കുന്നു. എക്‌സിക്യൂട്ടീവ്, ലക്ഷ്വറി എന്നീ രണ്ട് വേരിയന്റുകളിലായാണ് ജി.എല്‍ ക്ലാസ്സ് ഇന്ത്യയില്‍ ലഭിക്കുക. എക്‌സിക്യൂട്ടീവിന്ന് 60, 99,000 രൂപയും ലക്ഷ്വറിക്ക് 65,50,000 രൂപയുമാണ് എക്‌സ് ഷോറൂം വില.