15March2012

You are here: Home Automotive എക്‌സ്.എഫ് സ്‌പോര്‍ട്ട്‌ബ്രേക്ക്: ജാഗ്വാറിന്റെ പുതിയ പുലി

എക്‌സ്.എഫ് സ്‌പോര്‍ട്ട്‌ബ്രേക്ക്: ജാഗ്വാറിന്റെ പുതിയ പുലി

പുലി ഒരു നീണ്ട ഉറക്കത്തില്‍നിന്നും ഉണരുകയാണെന്ന് തോന്നുന്നു. കുതിക്കുന്ന പുലി അടയാളമാക്കിയ, 2008 ല്‍ ടാറ്റ ഏറ്റെടുത്ത ബ്രിട്ടിഷ് വാഹന ബ്രാന്‍ഡായ, ജാഗ്വാറിനെക്കുറിച്ചാണ് പറയുന്നത് ഒരു ദശാബ്ദമായി കാര്യമായി പുതിയ മോഡലുകളൊന്നും കൊണ്ടുവരാതെ വന്‍ ബ്രാന്‍ഡുകളായ ബി.എം.ഡബ്ല്യൂ, ഔഡി, മെഴ്‌സിഡിസ് മുതലായവയ്ക്കിടയില്‍ കഷ്ടിച്ച് പിടിച്ചുനില്‍ക്കുകയായിരുന്ന ജാഗ്വാര്‍,

ഇപ്പോഴിതാ പുതിയ ഉടമസ്ഥതയില്‍, പുതുമോഡലുകളുടെ ഒരു നിരതന്നെ അവതരിപ്പിയ്ക്കാന്‍ തയ്യാറെടുക്കുകയാണ്. ഇതില്‍ ആദ്യത്തെതായ എക്‌സ്. എഫ്. സ്‌പോര്‍ട്ട്‌ബ്രേക്ക് എന്ന ലക്ഷ്വറി സ്‌റ്റേഷന്‍ വാഗണ്‍ ജനീവ മോട്ടോര്‍ ഷോയില്‍ അവതരിപ്പിച്ചുകൊണ്ടാണിതിന് തുടക്കമിടുന്നത്. ജാഗ്വാറിന്റെതന്നെ എക്‌സ്. എഫ്. സലൂണിന്റെ മാതൃകയില്‍ നിര്‍മ്മിച്ചിരിക്കുന്ന സ്‌പോര്‍ട്ട്‌ബ്രേക്കില്‍ പുറകുവശത്താണ് കാര്യമായ മാറ്റങ്ങള്‍. റിയര്‍ വീല്‍ ഡ്രൈവ് ഉള്ള മോഡലില്‍ 59 ക്യുബിക്ക് ഫീറ്റ് ലോഡ് കപാസിറ്റിയുണ്ട് സീറ്റുകള്‍ മടക്കാതെ550 ലിറ്ററും 1675 ലിറ്റര്‍ സീറ്റുകള്‍ മടക്കിയ ശേഷവും. 

മാച്ചുചെയ്യുന്ന അല്ലോയ് വീലോടുകൂടിയ 'ബ്ലാക്ക് പാക്ക്,' അതുപോലെ താഴ്ന്ന ബംപര്‍, റിയര്‍ വാലന്‍സ്, സ്‌പോയ്‌ലര്‍ എന്നിവയോടുകൂടിയ 'എയ്റോ' എന്നിവയാണ് സ്‌പോര്‍ട്ട്‌ബ്രേക്കിന്റെ രണ്ട് വേരിയന്റുകള്‍. പുറകില്‍ യാത്രചെയ്യുന്നവര്‍ക്ക് 48 മില്ലിമീറ്റര്‍ കൂടുതല്‍ ഹെഡ്‌റൂം ഈ മോഡലില്‍ ലഭിക്കുന്നു. എക്‌സ്.എഫ്. സെഡാനില്‍ റിയര്‍ സസ്‌പെന്‍ഷന്‍ കോയില്‍സ്പ്രിംഗാണെങ്കില്‍ സ്‌പോര്‍ട്ട്‌ബ്രേക്കില്‍ എയര്‍ സസ്‌പെന്‍ഷനാണുള്ളത്. അഡാപ്റ്റീവ് ഡയനാമിക് സിസ്റ്റം എന്ന സാങ്കേതിക വിദ്യയാല്‍ ഇത് ആവശ്യാനുസരണം സ്വയം ക്രമീകരിക്കാനും ലെവല്‍ ചെയാനും ശേഷിയുള്ളതാണ്. ലോഡ് കയറ്റുമ്പോള്‍ പിന്‍ഭാഗം താഴാതെ സ്വയം അഡ്ജസ്റ്റ് ചെയ്യുമെന്നര്‍ഥം. റിയര്‍ ഡോര്‍ സ്റ്റാന്‍ഡേര്‍ഡ് മോഡലില്‍ സോഫ്റ്റ് ക്ലോസിംഗ് ശേഷിയുള്ളതാണെങ്കിലും മുഴുവനായും പവര്‍ഡോര്‍ ഉള്ള ഓപ്ഷനും വേണമെങ്കില്‍ ഓര്‍ഡര്‍ ചെയ്യാം . എല്‍.ഇ.ഡി ടെയ്ല്‍ ലാംപാണ് രണ്ടുവേരിയന്റുകളിലുമുള്ളത്. 

ഈ മോഡലില്‍, 2.2 ലിറ്റര്‍ ഡീസല്‍ (161, 187 എന്നീ രണ്ട് ബി. എച്ച്. പി. ഉള്ളവ), 3.0 ലിറ്റര്‍ ട്വിന്‍ ടര്‍ബോ ( 237, 271 ബി. എച്ച്. പി. ഉള്ളവ)എന്നീ രണ്ടുതരം എഞ്ചിന്‍ തിരഞ്ഞെടുക്കാം. 8സ്പീഡ് ഓട്ടോമാറ്റിക്ക് ട്രാന്‍സ്മിഷനോടുകൂടിയ സ്‌പോര്‍ട്ട്‌സ്പാര്‍ക്കിന്റെ വീല്‍ബേസ് സെഡാന്റേതുപോലെതന്നെയാണ്. ഉള്ളില്‍ നടുവിലായി സ്ഥാപിച്ചിരിക്കുന്ന ടച്ച്‌സ്‌ക്രീനില്‍ നാവിഗേഷനുപുറമെ, റേഡിയോയുടെ നിയന്ത്രണവും ക്രമീകരിച്ചിരിക്കുന്നു. സുഖകരമായ നീല ഇല്ല്യുമിനേഷനാണ് ടച്ച്‌സ്‌ക്രീനില്‍ ഉള്ളത്. അഞ്ചുപേര്‍ക്ക് സുഖമായി യാത്ര്‌ചെയ്യാവുന്ന സ്‌പോര്‍ട്ട്‌ബ്രേക്കിന്റെ വില ഇനിയും പുറത്തുവിട്ടിട്ടില്ല. ഇത് ജനീവ മോട്ടോര്‍ ഷോയില്‍ വെളിവാകും എന്നാണ് പ്രതീക്ഷിക്കുന്നത്.
ജാഗ്വാര്‍ അടുത്ത നാലു വര്‍ഷത്തില്‍ ഇറക്കുന്ന കാറുകളില്‍ പ്രധാനമായവയാണ് സിഎക്‌സ് 16, (ഒരു വര്‍ഷത്തിനുള്ളില്‍), സിഎക്‌സ് 75 സൂപ്പര്‍കാര്‍ (2014ല്‍), കൂടാതെ ചെറിയ എക്‌സിക്യൂട്ടീവ് ജാഗ്വാര്‍ (2015ല്‍) എന്നിവ. ഡിസൈനര്‍മാരും എഞ്ചിനിയര്‍മാരും സമയത്തുതന്നെ മോഡലുകള്‍ പുറത്തിറക്കാനുള്ള തിരക്കിട്ട ജോലിയിലാണ്.

ജാഗ്വാറിന്റെ വില്‍പന 2002ല്‍ 1,30,000 ആയിരുന്നത് 2011 ആയപ്പോഴേക്കും 50,678 ആയി കുറഞ്ഞിരുന്നു. പ്രധാനപ്പെട്ട തീരുമാനങ്ങള്‍ എടുക്കുന്നതില്‍ നിലനിന്നിരുന്ന വിമുഖതയും, നിക്ഷേപസമാഹരണം കുറഞ്ഞതുമായിരുന്നു പ്രധാന പ്രശ്‌നം. പുതിയ ഉടമസ്ഥരായ ടാറ്റ ഇപ്പോള്‍ ജാഗ്വാറിനുവേണ്ടിയും ലാന്‍ഡ് റോവറിനുവേണ്ടിയും വളരെയധികം പണം ചിലവഴിക്കുന്നുണ്ടെന്നാണറിയുന്നത്. ജാഗ്വാറിന്റെ ആഗോള ബ്രാന്‍ഡ് ഡയറക്ടറായ അദ്രിയന്‍ ഹാള്‍മാര്‍ക്ക് പറയുന്നു: 'അടുത്ത അഞ്ചു വര്‍ഷത്തില്‍ വരാനിരിക്കുന്ന കാര്യമായ മാറ്റങ്ങള്‍ക്ക് എക്‌സ്.എഫ്. സ്‌പോര്‍ട്ട്‌ബ്രേക്ക് ഒരു തുടക്കം കുറിക്കുകയാണ്. പുതിയ ഉടമകളായ ടാറ്റയുടെ കീഴില്‍ ഞ്ഞങ്ങള്‍ക്കിപ്പോള്‍ എന്തുചയ്യണമെന്ന് വ്യക്തമായ ധാരണയുണ്ട്. എന്നാല്‍, ഇത്തരം കാര്യങ്ങള്‍ക്ക് പണം, ദീര്‍ഘവീക്ഷണം എന്നിവക്കു പുറമെ സമയവും ആവശ്യമാണ്. പുതിയ മോഡലുകള്‍ വളരെ പെട്ടെന്ന് കൊണ്ടുവരാനായി ഞങ്ങള്‍ ഗുണമേന്മ, പ്രശസ്തി എന്നിവ നഷ്ടപ്പെടുത്താനുദ്ദേശിക്കുന്നില്ല.

'അടുത്ത വര്‍ഷമിറങ്ങുന്ന സി.എക്‌സ് 16 ഒരു വലിയ ചലനം സ്ര്ഷ്ടിക്കുമെന്ന കാര്യത്തില്‍ സംശയമില്ല,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. '2002ല്‍ അവതരിപ്പിച്ച രണ്ടുസീറ്റുള്ള സ്‌പോര്‍ട്ട്‌സ് കാര്‍ എന്ന ആശയം ഇപ്പോള്‍ യാധാര്‍ഥ്യമായിക്കൊണ്ടിരിക്കുകയാണ് 55,000 പൌണ്ടാണ് ഇതിന്റെ വില. എന്നാല്‍ എസ്.യു.വി. യുടെ നിര്‍മ്മാണം 2016 നു ശേഷമെയുള്ളു,' ഹാള്‍മാര്‍ക്ക് വെളിപ്പെടുത്തി. എക്‌സ്.എഫ്, എക്‌സ്.ജെ, എക്‌സ്.കെ കൂപെ തുടങ്ങിയ മനോഹരമായ മോഡലുകള്‍ നിര്‍മ്മിക്കുന്ന ജാഗ്വാറിന് വളരെ നല്ല ഡിസൈനര്‍മാരും എഞ്ചിനിയര്‍മാരുമുണ്ടെന്ന കാര്യത്തില്‍ സംശയമില്ല. അവര്‍ക്ക് വേണ്ടിയിരുന്നത് കൂടുതല്‍ മേന്മയേറിയ മോഡലുകള്‍ സ്ര്ഷ്ടിക്കാന്‍ അവസരമൊരുക്കുക എന്നതാണ്. ഇപ്പോള്‍ അവര്‍ക്ക് പുതിയ ഉടമസ്ഥതയില്‍ അതിനുള്ള അവസരം ലഭിക്കുമെന്നുതന്നെ പ്രതീക്ഷിക്കാം.

Newsletter