മുഖംമിനുക്കിയ ഐ 20 വരുന്നു
- Last Updated on 05 March 2012
- Hits: 5
സബ് കോംപാക്ട് കാറായ ഐ 20 യുടെ പുതിയ പതിപ്പ് വൈകാതെ വിപണിയിലെത്തും. മുഖം മിനുക്കിയ ഐ 20 യെ ജനീവ മോട്ടോര്‍ഷോയില്‍ ഹ്യുണ്ടായ് അവതരിപ്പിക്കും. ഹ്യുണ്ടായുടെ ഫുളുയിഡിക് ഡിസൈന്‍ ശൈലി പിന്തുടരുന്നതാണ് പുതിയ രൂപം. 2008 ല്‍ വിപണിയിലെത്തിയ ഐ 20 യെ നിര്‍മ്മാതാക്കള്‍ നവീകരിക്കുന്നത് ആദ്യമായാണ്.
കാറിന്റെ മുന്നിലും പിന്നിലുമാണ് പുതുമകള്‍. വലിപ്പം കുറഞ്ഞ നവീന ഹെഡ് ലാമ്പ്, പുതിയ ഗ്രില്‍, ലോവര്‍ എയര്‍ഡാം, ഹൂഡ്, ടെയ്ല്‍ ലാമ്പുകള്‍, പിന്‍ ബമ്പര്‍ എന്നിവയിലാണ് പുതുമകള്‍ കൊണ്ടുവന്നിരിക്കുന്നത്. പുതിയ അലോയ് വീലുകളും ഹ്യുണ്ടായ് ഐ 20 യ്ക്ക് നല്‍കിയിട്ടുണ്ട്. യൂറോപ്യന്‍ യൂണിയന്റെ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് കാറിന്റെ പിന്‍വശം നവീകരിച്ചിരിക്കുന്നത്. കാറിന്റെ ഉള്‍വശത്ത് കാര്യമായ മാറ്റങ്ങളില്ല. എന്നാല്‍ ഈ വിഭാഗത്തിലെ പുത്തന്‍ കാറുകളോട് മത്സരിക്കാന്‍ ഉതകുന്ന തരത്തിലുള്ള പുതുമകള്‍ ഉള്‍വശത്ത് പ്രതീക്ഷിക്കാം.
യൂറോപ്യന്‍ വിപണിയിലേക്കുള്ള ഐ 20 കള്‍ ടര്‍ക്കിയിലാണ് നിര്‍മ്മിക്കുന്നത്. ഏഷ്യ, ഓഷ്യാനിയ വിപണിയിലേക്കുള്ളവ ഹ്യുണ്ടായുടെ ചെന്നൈ പ്ലാന്റിലും.