അലക്‌സ് പോളിന്റെ തട്ടിക്കൊണ്ടുപോകല്‍: ആശങ്കയുമായി തമിഴകം
- Last Updated on 22 April 2012
ചെന്നൈ:ഛത്തീസ്ഗഢ് സക്മ ജില്ലാ കളക്ടറായ തിരുനെല്‍വേലി സ്വദേശി അലക്‌സ് പോളിനെ മാവോവാദികള്‍ തട്ടിക്കൊണ്ടുപോയ സംഭവം തമിഴ്‌നാട്ടില്‍ ആശങ്കപരത്തി. തമിഴ്‌നാട് കാഡറിലെ 2006 ബാച്ചുകാരനായി സിവില്‍ സര്‍വീസിലെത്തിയ അലക്‌സ് പോള്‍ 2011 ജനവരിയിലാണ് ഛത്തീസ്ഗഢില്‍ പുതുതായി രൂപവത്കരിച്ച സക്മ ജില്ലയുടെ ആദ്യ കളക്ടറായി
ചുമതലയേല്‍ക്കുന്നത്. 2010 മെയ് മുതല്‍ ഛത്തീസ്ഗഢിലെ ധംധരി ജില്ലയുടെ അഡീഷണല്‍ കളക്ടറെന്ന നിലയില്‍ പ്രവര്‍ത്തിച്ചുവരുന്ന ഭരണപരിചയവുമായാണ് മുപ്പത്തിരണ്ടുകാരനായ അലക്‌സ് പുതിയ ഉത്തരവാദിത്വം ഏറ്റെടുത്തത്. ഇതിനിടെ ഇക്കഴിഞ്ഞ ഒക്ടോബര്‍ 24-നായിരുന്നു എം.ബി.എ ബിരുദധാരിയായ ആശയുമായുള്ള അലക്‌സിന്റെ വിവാഹം. വിവാഹത്തെ തുടര്‍ന്നു ഭാര്യയ്‌ക്കൊപ്പം സക്മയിലേക്ക് പോയ അലക്‌സ് നാട്ടിലേക്ക് വരാനിരിക്കുകയായിരുന്നുവെന്ന് കുടുംബവൃത്തങ്ങള്‍ സൂചിപ്പിച്ചു. ഡിണ്ടിഗലിലെ ആര്‍.വി.എസ്. കോളേജ് ഓഫ് എന്‍ജീനിയറിങ് ടെക്‌നോളജില്‍ നിന്ന് ബി.ടെക് ബിരുദമെടുത്ത ശേഷമാണ് സിവില്‍ സര്‍വീസിലേക്കുള്ള തയ്യാറെടുപ്പുകള്‍ അലക്‌സ് ആരംഭിച്ചത്. 2005 ല്‍ ഇന്ത്യന്‍ റവന്യൂ സര്‍വീസിലേക്കാണ് ആദ്യം തിരഞ്ഞെടുക്കപ്പെട്ടത്. തുടന്ന് 2006 ല്‍ ഐ.എ.എസ്സിന്റെ വാതില്‍ അലക്‌സിന് മുന്നില്‍ തുറന്നു. ചെറുപ്രായത്തില്‍ തന്നെ ജില്ലാ കളക്ടര്‍ പദവിയിലെത്തിയ അലക്‌സ് സാധാരണക്കാരുടെ നന്മ ലക്ഷ്യമാക്കിയുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് മുന്‍തൂക്കം നല്‍കിയിരുന്നത്.