റിസാറ്റ്-1: മിന്നുംതാരമായി വളര്‍മതി
- Last Updated on 27 April 2012
ചെന്നൈ: രാജ്യത്തിനാകെ അഭിമാനവിജയം സമ്മാനിച്ച റിസാറ്റ്- 1 ഉപഗ്രഹ വിക്ഷേപണം ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ രംഗത്തെ പെണ്‍പെരുമയ്ക്കുള്ള അംഗീകാരമായി. ഇന്ത്യയുടെ ആദ്യത്തെ റഡാര്‍ ഇമേജിങ് സാറ്റലൈറ്റായ റിസാറ്റ്-1 വികസിപ്പിച്ചെടുക്കാന്‍ നേതൃത്വം നല്‍കിയ ഐ.എസ്.ആര്‍.ഒ. ബാംഗ്ലൂര്‍ കേന്ദ്രത്തിലെ എന്‍. വളര്‍മതിയായിരുന്നു വ്യാഴാഴ്ച ശ്രീഹരിക്കോട്ട സതീഷ്ധവാന്‍
സ്‌പേസ് സെന്‍ററിലെ മിന്നുംതാരം. റിസാറ്റ് ഉപഗ്രഹ പദ്ധതിയുടെ പ്രൊജക്ട് ഡയറക്ടര്‍ എന്നനിലയില്‍ കഴിഞ്ഞ പത്തുവര്‍ഷമായി ഏറ്റെടുത്ത കഠിനസപര്യ സഫലമായതിലുള്ള സന്തോഷത്തിലായിരുന്നു വളര്‍മതി.
റിസാറ്റിന്റെ വിജയക്കുതിപ്പിന് സാക്ഷ്യം വഹിക്കാനെത്തിയ യു.ജി.സി. മുന്‍ ചെയര്‍മാന്‍ പ്രെഫ.യശ്പാല്‍, ഈ അഭിമാനമൂര്‍ത്തത്തിന്റെ യാഥാര്‍ഥ ശില്പിയെന്നാണ് വളര്‍മതിയെ വിശേഷിപ്പിച്ചത്. ഐ.എസ്.ആര്‍.ഒ. ചെയര്‍മാന്‍ കെ. രാധാകൃഷ്ണന്‍ ഉള്‍പ്പടെയുള്ള സഹപ്രവര്‍ത്തകരുടെ സ്‌നേഹാദരങ്ങള്‍ക്ക് മുന്നില്‍ കൂടുതല്‍ വിയാന്വീതയാകുകയായിരുന്നു ഈ തമിഴ്‌നാട്ടുകാരി.
അരിയല്ലൂര്‍ ജില്ലയിലെ ഇടത്തരം കുടുംബത്തില്‍ ജനിച്ച വളര്‍മതി നിര്‍മല ഗേള്‍സ് സ്‌കൂളില്‍ നിന്ന് ഹയര്‍സെക്കന്‍ഡറി വിജയിച്ചശേഷം ജി.എസ്.ടി. എന്‍ജീനിയറിങ് കോളേജില്‍ ബി.ഇ. ഡിഗ്രി പൂര്‍ത്തിയാക്കി. തുടര്‍ന്ന് അണ്ണാ സര്‍വകലാശാലയില്‍ നിന്ന് ഇലക്‌ട്രോണിക്‌സില്‍ ഉന്നതബിരുദം നേടി. ബഹിരാകാശ ഗവേഷണ മേഖലയോടുള്ള താത്പര്യം കാരണം ഡി.ആര്‍.ഡി.ഒ.യില്‍ നിന്ന് മറ്റുമുള്ള ജോലിഅവസരങ്ങള്‍ വേണ്ടെന്നുവെച്ച് 1984-ലാണ് വളര്‍മതി ഐ.എസ്.ആര്‍.ഒ.യുടെ ഭാഗമാകുന്നത്.
ഒട്ടെറെ ബഹിരാകാശ ദൗത്യങ്ങളില്‍ നിര്‍ണായക പങ്കുവഹിച്ച വളര്‍മതിയെ തേടി റിസാറ്റ് പ്രൊജക്ടറ് ഡയറക്ടര്‍ പദവിയെത്തിയത് 2002-ലാണ്. ''ബഹിരാകാശ ഗവേഷണ രംഗത്തെ സ്ത്രീസാന്നിധ്യം ഇന്ന് അത്രയൊന്നും അപൂര്‍വമല്ല. എല്ലായിടത്തുമെന്നപോലെ പെണ്‍കുട്ടികള്‍ ഈരംഗത്തേക്കും കുടുതല്‍ കൂടുതല്‍ കടന്നുവരുന്നുണ്ട്.
റിസാറ്റിന്റെ വിജയം എന്റെ വ്യക്തിപരമായ നേട്ടമല്ല, ഏകമനസ്സോടെയുള്ള ഐ.എസ്.ആര്‍.ഒ. കുടുംബത്തിന്റെ കഠിനാധ്വാനമാണ് അത് സാധ്യമാക്കിയത്'' സതീഷ്ധവാന്‍ സ്‌പേസ് സെന്‍ററില്‍ തനിക്ക് ചുറ്റും തിങ്ങിനിറഞ്ഞ മാധ്യമ പ്രവര്‍ത്തകരോടായി വളര്‍മതി പറഞ്ഞു. ചാനല്‍ ക്യാമറകളുടെയും മൈക്കുകളുടെയും പ്രളയത്തെ, മുടങ്ങിപ്പോകുന്ന ഔദ്യോഗിക ഉത്തരവാദിത്വങ്ങളെ സദയം ചിരിച്ചൊഴിവാക്കി തിരക്കുകളുടെ ലോകത്തിലേക്ക് അതിവേഗം മടങ്ങുകയും ചെയ്തു അവര്‍.