05July2012

തത്കാല്‍ റെയില്‍വേയുടെ ചാകര; വരുമാനം 847 കോടി

പാലക്കാട്: തത്കാല്‍ടിക്കറ്റുവഴി റെയില്‍വേയുടെ വരുമാനം കുതിച്ചുയരുന്നു. 2011-12 വര്‍ഷത്തില്‍ 847 കോടിരൂപയാണ് തത്കാലിലൂടെ റെയില്‍വേക്ക് കിട്ടിയത്. മുന്‍വര്‍ഷത്തെക്കാള്‍ 118 കോടിയുടെ വര്‍ധന. വണ്ടി പുറപ്പെടുന്നതിന് ഒരുദിവസംമുമ്പാണ് തത്കാല്‍ടിക്കറ്റ് നല്‍കുന്നത്. രാവിലെ എട്ടുമുതല്‍ ടിക്കറ്റ് നല്‍കിത്തുടങ്ങും. സ്ലീപ്പര്‍ടിക്കറ്റുകള്‍ക്ക് ടിക്കറ്റിനൊപ്പം മിനിമം 75 രൂപ അല്ലെങ്കില്‍

ടിക്കറ്റ്ചാര്‍ജിന്റെ 10 ശതമാനമാണ് തത്കാലില്‍ ഈടാക്കുന്നത്. എ.സി.ക്ലാസിലേക്ക് 200രൂപയും.

ആദ്യകാലത്ത് ട്രാവല്‍ഏജന്‍റുമാരാണ് വന്‍തോതില്‍ തത്കാല്‍ടിക്കറ്റുകള്‍ എടുത്തിരുന്നത്. രാവിലെമുതല്‍ കൂലിക്ക് ആളെവിട്ട് ടിക്കറ്റ് കൂട്ടത്തോടെ വാങ്ങുന്ന രീതിയായിരുന്നു. എന്നാല്‍, ടിക്കറ്റുവാങ്ങാന്‍ ഫോട്ടോപതിച്ച തിരിച്ചറിയല്‍രേഖയും മറ്റും നിര്‍ബന്ധമാക്കിയതോടെ തട്ടിപ്പ് കുറഞ്ഞു. ഇതിനുപുറമെ ഒരു തിരിച്ചറിയല്‍കാര്‍ഡില്‍ നാലുടിക്കറ്റ്മാത്രമേ നല്‍കൂ. ആദ്യത്തെ ഒരുമണിക്കൂര്‍ ഓണ്‍ലൈന്‍വഴിയുള്ള തത്കാല്‍ബുക്കിങ് നിര്‍ത്തലാക്കി.

സെക്കന്‍ഡ്ക്ലാസില്‍ ഓരോവണ്ടിയിലും ആവശ്യമനുസരിച്ച് ചിലപ്പോള്‍ രണ്ടുകോച്ചുകള്‍വരെ തത്കാലിന് നീക്കിവെക്കുന്നുണ്ട്. എ.സി. ക്ലാസില്‍ 15മുതല്‍ 20വരെ ബര്‍ത്തുകളും. യാത്രായിനത്തിലുള്ള റെയില്‍വേയുടെ വരുമാനത്തില്‍ നല്ലൊരു പങ്ക് തത്കാല്‍വഴിയാണ്. 2009-10ല്‍ 672 കോടിരൂപ തത്കാല്‍വഴി കിട്ടിയിരുന്നു. തത്കാല്‍ ടിക്കറ്റ് റദ്ദാക്കാന്‍ വ്യവസ്ഥയില്ലാത്തതും റെയില്‍വേക്ക് നേട്ടമാണ്.
തത്കാല്‍ടിക്കറ്റുകള്‍ വളരെവേഗത്തില്‍ നല്‍കുന്നതിന് കമ്പ്യൂട്ടര്‍ റിസര്‍വേഷന്‍സംവിധാനം കൂടുതല്‍ മെച്ചപ്പെടുത്താനുള്ള ശ്രമത്തിലാണ് റെയില്‍വേ.

Newsletter