രക്തസാമ്പിളെടുക്കാന്‍ തിവാരിയെ നിര്‍ബന്ധിക്കാമെന്ന് ഹൈക്കോടതി
- Last Updated on 28 April 2012
ന്യൂഡല്‍ഹി:പിതൃത്വം സംബന്ധിച്ച കേസില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എന്‍.ഡി. തിവാരിയെ നിര്‍ബന്ധിച്ച് ഡി.എന്‍.എ. പരിശോധനയ്ക്ക് വിധേയമാക്കാമെന്ന് ഡല്‍ഹി ഹൈക്കോടതി ഉത്തരവിട്ടു.
തിവാരി തന്റെ അച്ഛനാണെന്ന് അവകാശപ്പെട്ട് രോഹിത് ശേഖര്‍ എന്ന 32-
കാരന്റെ അപേക്ഷയിലാണ് ഉത്തരവ്. വേണ്ടിവന്നാല്‍ പോലീസിനെ ഉപയോഗിച്ച് തിവാരിയുടെ രക്തസാമ്പിള്‍ ശേഖരിക്കണമെന്ന് കോടതി വ്യക്തമാക്കി.
86-കാരനായ തിവാരിയെ പരിശോധനയ്ക്ക് നിര്‍ബന്ധിക്കാനാവില്ലെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവ് റദ്ദാക്കിയാണ് ആക്ടിങ് ചീഫ് ജസ്റ്റിസ് എ.കെ. സിക്രിയും ജസ്റ്റിസ് രാജീവ് സഹായി എന്‍ഡ്‌ലോയുമടങ്ങിയ ബെഞ്ചിന്റെ ഉത്തരവ്. ഡി.എന്‍.എ. പരിശോധന നടത്താനുള്ള കോടതി ഉത്തരവ് എതിര്‍കക്ഷിയുടെ എതിര്‍പ്പ് കാരണം മാറ്റിവെക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. പിതൃത്വം തെളിയിക്കാനുള്ള പരാതിക്കാരന്റെ നിയമപരമായ അവകാശം സംരക്ഷിക്കപ്പെടണമെന്നും ബെഞ്ച് നിരീക്ഷിച്ചു.