റിസാറ്റ് - ഒന്ന് വിജയകരമായി വിക്ഷേപിച്ചു
- Last Updated on 26 April 2012
ശ്രീഹരിക്കോട്ട: ഇന്ത്യയുടെ ആദ്യ തദ്ദേശനിര്‍മിത റഡാര്‍ ഇമേജിങ് ഉപഗ്രഹം റിസാറ്റ്-ഒന്ന് വിജയകരമായി വിക്ഷേപിച്ചു. പി.എസ്.എല്‍.വി-സി 19 വാഹനത്തില്‍ ശ്രീഹരിക്കോട്ടയിലെ ബഹിരാകാശകേന്ദ്രത്തില്‍ നിന്ന് പുലര്‍ച്ചെ 5.47നായിരുന്നു വിക്ഷേപണം. തിങ്കളാഴ്ച ആരംഭിച്ച 71 മണിക്കൂര്‍ കൗ്ഡൗണിന് ശേഷമാണ് ഉപഗ്രഹം വിക്ഷേപിച്ചത്. 1850 കിലോഭാരമുള്ള ഉപഗ്രഹം തദ്ദേശീയമായി
നിര്‍മിച്ചതില്‍ ഏറ്റവും ഭാരമേറിയതുമാണ്. ഇന്ത്യ ഇതു വരെ വിക്ഷേപിച്ചിട്ടുള്ളതില്‍ ഏറ്റവും ചിലവേറിയ ഉപഗ്രഹമാണിത്.
ദുരന്തനിവാരണ സംവിധാനവും സൂക്ഷ്മ കാലാവസ്ഥാ നിരീക്ഷണവും ലക്ഷ്യമിട്ടുള്ളതാണ് റിസാറ്റ്-ഒന്ന്. ഇന്ത്യന്‍ റിമോട്ട് സെന്‍സിങ് ഉപഗ്രഹങ്ങളില്‍ ഇതുവരെയുള്ളതില്‍ ഏറ്റവും നൂതന ഉപഗ്രഹചിത്ര സംപ്രേക്ഷണ സംവിധാനവുമായി സിന്തറ്റിക് അപേര്‍ചര്‍ റഡാര്‍ (സാര്‍) പേലോഡാണ് ഇതിലുള്ളത്. ഇന്ത്യന്‍ റിമോട്ട് സെന്‍സിങ് ഉപഗ്രഹങ്ങളിലൊന്നും പരീക്ഷിച്ചിട്ടില്ലാത്ത ഉപഗ്രഹചിത്ര സംപ്രേഷണ സംവിധാനമാണ് സാര്‍ പേലോഡിലുള്ളത്. പത്ത് വര്‍ഷമെടുത്താണ് റിസാറ്റ്-ഒന്ന് ദൗത്യം പൂര്‍ത്തിയാക്കിയത്. ഇതിന്റെ കാലാവധി അഞ്ച് വര്‍ഷമാണ്.
1850 കിലോഗ്രാം ഉപഗ്രഹം 480 കിലോമീറ്റര്‍ അകലെയുള്ള താല്‍ക്കാലിക ഭ്രമണപഥത്തിലാണ് പി.എസ്.എല്‍.വി സി-19 എത്തിച്ചത്. ഉപഗ്രഹത്തില്‍ ഘടിപ്പിച്ചി ബൂസ്റ്റര്‍ റോക്കറ്റുകളുടെയും മറ്റും സഹായത്തില്‍ ഇത് പിന്നീട് 536 കിലോമീറ്റര്‍ അകലെയുള്ള സ്ഥിര ഭ്രമണപഥത്തില്‍ എത്തിക്കും.