ആയുധ ഇടപാടിന് കോഴ; ബംഗാരു ലക്ഷ്മണ്‍ തിഹാര്‍ ജയിലില്‍
- Last Updated on 28 April 2012
ന്യൂഡല്‍ഹി: ആയുധ ഇടപാടിന് കോഴവാങ്ങിയ കേസില്‍ ബി.ജെ.പി.യുടെ മുന്‍ ദേശീയ അധ്യക്ഷന്‍ ബംഗാരു ലക്ഷ്മണ്‍ കുറ്റക്കാരനാണെന്ന് സി.ബി.ഐ. പ്രത്യേക കോടതി കണ്ടെത്തി. ശിക്ഷ ശനിയാഴ്ച പ്രഖ്യാപിക്കും.കുറ്റക്കാരനെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് ബംഗാരുവിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തിഹാര്‍ ജയിലിലടച്ചു.
അഞ്ചു കൊല്ലം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് ബംഗാരുവിനെതിരെ ചുമത്തിയത്. പരമാവധി ശിക്ഷ നല്‍കണമെന്ന് സി.ബി.ഐ. ആവശ്യപ്പെടും. അതേസമയം, അഴിമതിക്കേസില്‍ തെഹല്‍ക പോര്‍ട്ടലിനെ പ്രതിയാക്കാന്‍ കോടതി വിസമ്മതിച്ചു. അഴിമതി പുറത്തുകൊണ്ടുവരാന്‍ തെഹല്‍ക സ്വീകരിച്ചത് ശരിയായ മാര്‍ഗം ആകണമെന്നില്ല. എന്നാല്‍, അവരുടെ ലക്ഷ്യം നല്ലതാണെന്ന് കോടതി ചൂണ്ടിക്കാട്ടി.
11 കൊല്ലം മുമ്പ് തെഹല്‍ക വെബ്‌പോര്‍ട്ടല്‍ ഒളിക്യാമറ വെച്ചു നടത്തിയ ദൗത്യത്തിലാണ് ബംഗാരു ലക്ഷ്മണ്‍ കുടുങ്ങിയത്. വാജ്‌പേയി സര്‍ക്കാറിന്റെ കാലത്ത് ബി.ജെ.പി.യുടെ അധ്യക്ഷനായിരുന്നു ബംഗാരു. ആയുധവ്യാപാരികളെന്ന വ്യാജേന സമീപിച്ച തെഹല്‍ക വെബ് പോര്‍ട്ടലിലെ മാധ്യമ പ്രവര്‍ത്തകരില്‍ നിന്ന് ബംഗാരു ലക്ഷ്മണ്‍ ഒരു ലക്ഷം രൂപ പാര്‍ട്ടിയുടെ കേന്ദ്ര ആസ്ഥാനത്തു വെച്ച് കൈപ്പറ്റി മേശവലിപ്പില്‍ വെക്കുന്ന ദൃശ്യങ്ങള്‍ രാഷ്ട്രീയ രംഗത്ത് വന്‍കോളിളക്കം സൃഷ്ടിച്ചിരുന്നു. 2001 മാര്‍ച്ച് 13-ന് പുറത്തുവിട്ട ദൃശ്യങ്ങള്‍ ബംഗാരുവിന്റെ സ്ഥാനം നഷ്ടമാക്കി.
അന്ന് പ്രതിരോധമന്ത്രിയായിരുന്ന ജോര്‍ജ് ഫെര്‍ണാണ്ടസിനും മന്ത്രിസ്ഥാനം നഷ്ടമായി. അഴിമതി നിരോധന നിയമപ്രകാരമാണ് സി.ബി.ഐ. കേസ്സെടുത്തത്.
ആയുധ വ്യാപാരികളില്‍ നിന്ന് ഒരു ലക്ഷം രൂപ കോഴ വാങ്ങുന്നതിന് പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന്, ബംഗാരു ലക്ഷ്മണനെ കുറ്റക്കാരനെന്ന് പ്രഖ്യാപിച്ച സി.ബി.ഐ. കോടതി ജഡ്ജി കന്‍വാല്‍ജിത് അറോറ വ്യക്തമാക്കി. വിചാരണവേളയില്‍ ബംഗാരു ലക്ഷ്മണന്റെ സെക്രട്ടറിയായിരുന്ന സത്യമൂര്‍ത്തി മാപ്പു സാക്ഷിയായി. ജാമ്യം നല്‍കണമെന്ന ബംഗാരുവിന്റെ അഭിഭാഷകന്റെ അഭ്യര്‍ഥന കോടതി തള്ളി. ശിക്ഷ പ്രഖ്യാപിച്ച ശേഷം ജാമ്യത്തെക്കുറിച്ച് ആലോചിക്കാമെന്ന് ജഡ്ജി വ്യക്തമാക്കി. ഒരു ലക്ഷം രൂപ വാങ്ങിയെന്ന കേസ് തെളിയിക്കാന്‍ സി.ബി.ഐ.ക്ക് കഴിഞ്ഞിട്ടുണ്ടെന്ന് കോടതി പറഞ്ഞു.
സൈന്യത്തിന് തെര്‍മല്‍ ക്യാമറകള്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട് എട്ടു തവണ തെഹല്‍ക പ്രവര്‍ത്തകര്‍ ബംഗാരുവിനെ കണ്ടിരുന്നു. വാജ്‌പേയിയും ബി.ജെ.പി.യും പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ബ്രിജേഷ് മിശ്രയെ പല കാര്യങ്ങളും നടപ്പാക്കാന്‍ ഉപയോഗിക്കുന്നെന്ന് ഒളിക്യാമറയില്‍ ബംഗാരു വെളിപ്പെടുത്തുന്നു.
പ്രതിരോധ മേഖലയിലെ അഴിമതി പുറത്തു കൊണ്ടു വന്ന ആദ്യത്തെ ഒളിക്യാമറാ ദൗത്യമായിരുന്നു 'ഓപ്പറേഷന്‍ വെസ്റ്റെന്‍ഡ്' എന്ന് പേരിട്ട തെഹല്‍കയുടെ ഒളിക്യാമറാ പദ്ധതി. ലെപെജ് 90, അലിയോണ്‍, ക്രൂജര്‍ 3000 എന്നീ നാലാം തലമുറയില്‍പ്പെട്ട തെര്‍മല്‍ ക്യാമറകള്‍ സേനയ്ക്ക് വില്‍ക്കുന്നതിന് പ്രതിരോധ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍, രാഷ്ട്രീയക്കാര്‍ തുടങ്ങിയവരെയൊക്കെ തെഹല്‍കയിലെ മാധ്യമപ്രവര്‍ത്തകര്‍ ആയുധവ്യാപാരികളെന്ന വ്യാജേന കാണുന്നുണ്ട്. ഇങ്ങനെയൊരു തെര്‍മല്‍ ക്യാമറ നിലവിലില്ലെന്നതാണ് വസ്തുത. 'വെസ്റ്റന്‍ഡ് ' എന്ന ആയുധ വ്യാപാര സ്ഥാപനത്തിന് വേണ്ടിയാണ് തെഹല്‍കയുടെ എക്‌സിക്യൂട്ടീവ് എഡിറ്ററായിരുന്ന അനിരുദ്ധ ബഹാലും പത്രപ്രവര്‍ത്തകനായ മാത്യു സാമുവലും എല്ലാവരെയും കാണുന്നത്.
വിധി കേള്‍ക്കുന്നതിന് ബംഗാരു കോടതിയിലെത്തിയിരുന്നു. വിധി പറഞ്ഞ ശേഷവും മകളോടൊപ്പം ഏറെ നേരം ബംഗാരു കോടതി മുറിയില്‍ തന്നെയുണ്ടായിരുന്നു. തുടര്‍ന്ന് അദ്ദേഹത്തെ പോലീസ് കസ്റ്റഡിയിലെടുത്തു.
ബംഗാരു ലക്ഷ്മണ്‍ കേസിലെ കോടതിവിധി ബി.ജെ.പി.ക്കുള്ള പാഠമാണെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു. വിധി ബി.ജെ.പി.യെ ആത്മപരിശോധനയ്ക്ക് പ്രേരിപ്പിക്കണമെന്ന് കോണ്‍ഗ്രസ് വക്താവ് മനീഷ് തിവാരി പറഞ്ഞു.
ബംഗാരു ലക്ഷ്മണിന്റെ ശിക്ഷ: കരുതലോടെ ബി.ജെ.പി.
ന്യൂഡല്‍ഹി: ഒരിക്കല്‍ പാര്‍ട്ടിയുടെ സമുന്നത നേതാവായിരുന്ന ബംഗാരു ലക്ഷ്മണ്‍ കൈക്കൂലിക്കേസില്‍ ജയിലേക്ക് പോവുമ്പോള്‍ ബി.ജെ. പി. പ്രതികരണം സൂക്ഷ്മതയോടെ. വ്യക്തിപരമായ സ്വഭാവദൂഷ്യത്തിനാണ് ബംഗാരു ശിക്ഷിക്കപ്പെട്ടതെന്ന വാദമുയര്‍ത്തിയ ബി.ജെ.പി. കൈക്കൂലി വാര്‍ത്ത പുറത്തുവന്നയുടന്‍ തന്നെ നടപടിയെടുത്തെന്ന കാര്യം ആവര്‍ത്തിച്ചു.
അതേസമയം, ഇപ്പോള്‍ ദേശീയ എക്‌സിക്യൂട്ടീവ് അംഗമായ ബംഗാരുവിനെ തള്ളിപ്പറയാന്‍ പാര്‍ട്ടി തയ്യാറായിട്ടില്ല. എങ്കിലും ദേശീയതലത്തില്‍ യു.പി.എ സര്‍ക്കാറിന്റെ അഴിമതി തുറന്നുകാട്ടി പ്രചാരണം നടത്തുന്ന വേളയിലുണ്ടായ വിധി തിരിച്ചടിയാവുമെന്ന്‌രഹസ്യമായെങ്കിലും സമ്മതിക്കുന്നുണ്ട്.
സംഭവം നടന്നയുടന്‍തന്നെ തങ്ങള്‍ ബംഗാരുവിനെ പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കിയെന്നും തീരുമാനം വെച്ചുതാമസിപ്പിച്ചില്ലെന്നും പാര്‍ട്ടി വക്താവ് ഷാനവാസ് ഹുസൈന്‍ അവകാശപ്പെട്ടു. കോടതി വിധിയെ മാനിക്കുന്നുവെന്നും ബി.ജെ.പി. കേസില്‍ കക്ഷിയല്ലെന്നുമാണ് പാര്‍ട്ടി ഉയര്‍ത്തുന്ന പ്രതിരോധം.
ഒരുകാലത്ത് പാര്‍ട്ടിയുടെ ദളിത് മുഖമായി ഉയര്‍ത്തിക്കാട്ടിയ ബംഗാരു ക്യാമറയില്‍ കുടുങ്ങിയതോടെ അദ്ദേഹത്തിന് പാര്‍ട്ടിയിലും സ്വാധീനം നഷ്ടമായിരുന്നു. എന്നാല്‍ നിതിന്‍ ഗഡ്കരി അധ്യക്ഷനായതോടെ ബംഗാരുവിന് ചില ചുമതലകള്‍ നല്‍കുകയും പ്രാധാന്യം കൊടുക്കുകയും ചെയ്തിരുന്നു. വിധി പഠിച്ച ശേഷം ബംഗാരു മേല്‍ക്കോടതിയെ സമീപിക്കുമെന്നും പാര്‍ട്ടി വ്യക്തമാക്കിയിട്ടുണ്ട്.
കോണ്‍ഗ്രസ് വിമര്‍ശനത്തോട് രൂക്ഷമായി പ്രതികരിച്ച ഹുസൈന്‍ സി.ബി.ഐ. മറ്റ് അഴിമതിക്കേസുകളിലും വേഗത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നുവെങ്കില്‍ യു.പി. എ.സര്‍ക്കാറില്‍ മന്ത്രിമാരായ പലരും ഇപ്പോള്‍ ജയിലിലാകുമായിരുന്നെന്നും ആരോപിച്ചു.