കടല്‍ക്കൊല; ആശയക്കുഴപ്പം ബാക്കി
- Last Updated on 22 April 2012
ന്യൂഡല്‍ഹി: മത്സ്യത്തൊഴിലാളികളെ വെടിവെച്ചുകൊന്ന കേസില്‍ ഇറ്റാലിയന്‍ നാവികര്‍ക്കെതിരെ കേസ്സെടുക്കാനും കപ്പല്‍ പിടിച്ചെടുക്കാനും കേരളത്തിന് അധികാരമില്ലെന്ന് കേന്ദ്രത്തിനുവേണ്ടി സുപ്രീംകോടതിയെ ബോധിപ്പിച്ച അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഹരിന്‍ പി.റാവല്‍ കേസിന്റെ അടുത്തഘട്ടത്തില്‍നിന്ന് ഒഴിഞ്ഞുനിന്നേക്കും. ഏപ്രില്‍ 30-നാണ് കേസ് വീണ്ടും
പരിഗണനയ്ക്കുവരുന്നത്. അതേസമയം, ഈ കേസുമായി ബന്ധപ്പെട്ട ആശയക്കുഴപ്പം ഇപ്പോഴും നിലനില്‍ക്കുകയാണ്.
കേന്ദ്രത്തിന്റെ നിലപാടിനെതിരെ കേരളത്തില്‍നിന്ന് ശക്തമായ പ്രതിഷേധം ഉയര്‍ന്ന പശ്ചാത്തലത്തില്‍ അടുത്തഘട്ടത്തില്‍ റാവലിനെ തത്കാലം മാറ്റിനിര്‍ത്താനാണ് ആലോചന. തങ്ങള്‍ സ്വീകരിച്ച നിലപാട് കേന്ദ്രം കോടതിയില്‍ മാറ്റിപ്പറയുമോ എന്ന് കണ്ടറിയണം. അങ്ങനെ സംഭവിച്ചില്ലെങ്കില്‍ കേരളം ഈ വിഷയത്തില്‍ കുറ്റംചെയ്തുവെന്ന ധാരണ നിലനില്‍ക്കും.
കേന്ദ്രനിലപാടില്‍ സുപ്രീംകോടതിതന്നെ ആശ്ചര്യം പ്രകടിപ്പിച്ചിരുന്നു. വിദേശകാര്യമന്ത്രാലയത്തിന്റെ എതിര്‍പ്പിനെത്തുടര്‍ന്ന് വെള്ളിയാഴ്ച രാത്രി ഷിപ്പിങ് മന്ത്രാലയം പത്രക്കുറിപ്പ് പുറത്തിറക്കി. കേന്ദ്രസര്‍ക്കാര്‍ ഈ വിഷയത്തില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിട്ടില്ലെന്നും പ്രത്യേക നിര്‍ദേശമില്ലാതെയാണ് അഡീഷണല്‍ സോളിസിറ്റര്‍ജനറല്‍ ഇക്കാര്യം പറഞ്ഞതെന്നും അതില്‍ വിശദീകരിച്ചിട്ടുണ്ട്.
കേന്ദ്രത്തിന്റെ അറിവോടും അംഗീകാരത്തോടും കൂടിയാണ് ഇറ്റാലിയന്‍ നാവികര്‍ക്കെതിരെ കേസ്സെടുത്തതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രസ്താവിക്കുകയും കേരളത്തില്‍നിന്ന് പ്രതിഷേധം ഉയരുകയും ചെയ്ത പശ്ചാത്തലത്തിലാണ് ഈ കരണംമറിച്ചല്‍ ഉണ്ടായതെന്ന് വ്യക്തം.
സുപ്രധാനവും വിദേശബന്ധത്തെ ബാധിക്കുന്നതുമായ ഇത്തരം കേസുകളില്‍ സര്‍ക്കാറിന്റെ വ്യക്തമായ നിര്‍ദേശമില്ലാതെ മുതിര്‍ന്ന അഭിഭാഷകര്‍ കോടതിയെ കാര്യങ്ങള്‍ ബോധിപ്പിക്കാറില്ലെന്ന് നിയമമന്ത്രാലയത്തിലെ ഉന്നതവൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി. മറൈന്‍ മര്‍ക്കന്‍ൈറല്‍ വകുപ്പ് തയ്യാറാക്കിയ റിപ്പോര്‍ട്ടുകള്‍ ഉദ്ധരിച്ചാണ് ഹരിന്‍ പി.റാവല്‍ വാദിച്ചത്. കേസിന്റെ വസ്തുതകളെല്ലാം അദ്ദേഹം നന്നായി പഠിച്ചിരുന്നെന്നു വ്യക്തം. കേന്ദ്രത്തിന്റെ അഭിഭാഷകരില്‍ ഒരാളായ അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ പരമേശ്വരന്‍ നായരും അദ്ദേഹത്തെ സഹായിക്കാനായി കൊച്ചിയില്‍നിന്ന് എത്തിയിരുന്നു.
ഒത്തുതീര്‍പ്പുവ്യവസ്ഥകളോടെ കേസ് അവസാനിപ്പിച്ച് നാവികരെ വിട്ടുകിട്ടാനും ചരക്കുകപ്പലായ 'എന്റികാ ലെക്‌സി' മോചിപ്പിക്കാനും ഇറ്റലി നടത്തുന്ന ശ്രമത്തിന് സഹായകരമായ നിലപാടാണ് കേന്ദ്രം സ്വീകരിച്ചത്. കേരളം ചെയ്തത് നിയമവിരുദ്ധമായ നടപടിയാണെന്ന് വിളിച്ചുപറയുകയായിരുന്നു കേന്ദ്രം. ഇറ്റലി തുടക്കംമുതലേ പറഞ്ഞുകൊണ്ടിരിക്കുന്നതും അതാണ്. കപ്പല്‍ അന്യായമായി പിടിച്ചുവെച്ചിരിക്കുകയാണെന്നും നാവികര്‍ക്കെതിരെ അന്താരാഷ്ട്രനിയമപ്രകാരം കേസ്സെടുക്കണമെന്നും ആയിരുന്നു ആ രാജ്യത്തിന്റെ നിലപാട്. അതിനെ എതിര്‍ത്തുകൊണ്ടിരുന്ന ഇന്ത്യ അപ്രതീക്ഷിതമായി വരുത്തിയ നിലപാടുമാറ്റം, അന്താരാഷ്ട്രതലത്തില്‍ ഇറ്റലിയുടെ വാദത്തിന് കരുത്തുപകരം. അവര്‍ക്ക് വേണ്ടതും അതുതന്നെയാണ്.
ഷിപ്പിങ് മന്ത്രാലയം ചുവടുമാറ്റിയെങ്കിലും കോടതിയിലെടുത്ത നിലപാടിനു പിന്നില്‍ എന്തെങ്കിലും ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് സംശയിക്കുന്നവരെ കുറ്റപ്പെടുത്താനാവില്ല. ഒട്ടേറെ ഘടകങ്ങള്‍ പലതലങ്ങളിലായി ഇതിനുപിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നു വേണം അനുമാനിക്കാന്‍.
അതേസമയം, കേരളം സുപ്രീംകോടതിയില്‍ സ്വീകരിച്ച നിലപാടും ശ്രദ്ധേയമാണ്. കേന്ദ്രത്തിന്റെ വാദത്തെ കേരളം കോടതിയില്‍ എതിര്‍ത്തില്ല . കേസ് പരിഗണനയ്ക്കുവന്ന വെള്ളിയാഴ്ച രാവിലെ സംസ്ഥാനത്തിന്റെ സ്റ്റാന്‍ഡിങ് കോണ്‍സല്‍ എം.ആര്‍. രമേഷ്ബാബുവിനെ മാറ്റി മുന്‍ സ്റ്റാന്‍ഡിങ് കോണ്‍സല്‍ എം.ടി. ജോര്‍ജിന് ചുമതല നല്‍കുകയായിരുന്നു.