ജലനിരപ്പ് ഉയര്‍ത്തുന്നത് നിയമത്തിനെതിര് -ജസ്റ്റിസ് കെ. ടി. തോമസ്
- Last Updated on 05 May 2012
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായി ഉയര്‍ത്തുന്നത് അധികാരപ്പെട്ട ഒരു സംസ്ഥാന നിയമസഭ പാസാക്കിയ നിയമത്തിനെതിരാണെന്ന് ജസ്റ്റിസ് കെ. ടി. തോമസ് നല്‍കിയ വിയോജനക്കുറിപ്പില്‍ പറയുന്നു. മറ്റൊരു സംസ്ഥാനം ആ നിയമത്തെ ചോദ്യം ചെയ്തത്‌കൊണ്ടു മാത്രം നിയമത്തെ അവഗണിക്കാന്‍ കഴിയില്ലെന്ന് ജസ്റ്റിസ്
തോമസ് ചൂണ്ടിക്കാട്ടുന്നു.
1886-ലെ പാട്ടക്കരാര്‍ വെക്കുന്ന സമയത്ത് മുല്ലപ്പെരിയാറിലെ ജലം തിരുവിതാംകൂറിന് ആവശ്യമില്ലായിരുന്നു. എന്നാല്‍, 1970-ല്‍ ഇടുക്കി അണക്കെട്ട് പൂര്‍ത്തിയായപ്പോള്‍ വൃഷ്ടി പ്രദേശം നിറയ്ക്കുന്നതിന് ഒരുപാട് ജലം ആവശ്യമായി വന്നു. ഇടുക്കി അണക്കെട്ടിന്റെ വൃഷ്ടി പ്രദേശം തന്നെയാണ് മുല്ലപ്പെരിയാറിന്റെയും. കേരളത്തിന്റെ വൈദ്യുതി ഉത്പാദനത്തില്‍ ഇടുക്കി അണക്കെട്ട് വഹിക്കുന്ന പങ്ക് ചെറുതല്ല. മുല്ലപ്പെരിയാറിലെ ജലത്തിന് മേല്‍ അവകാശം കേരളത്തിനാണ്. 1886-ലെ കരാര്‍ പ്രകാരമാണ് അത് തമിഴ്‌നാടിന് ലഭിച്ചതെന്ന് അദ്ദേഹം ഓര്‍മിപ്പിക്കുന്നു. ആ കരാറില്‍ തമിഴ്‌നാടിന് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള അവകാശമില്ലായിരുന്നു. പുതിയ ടണല്‍ നിര്‍മിച്ചാല്‍ അണക്കെട്ടിലെ ജലനിരപ്പ് 136 അടിയായി നിജപ്പെടുത്തണമെന്നും അദ്ദേഹം നിര്‍ദേശിച്ചിട്ടുണ്ട്.
എന്നാല്‍, അണക്കെട്ട് സുരക്ഷിതമെന്ന് കണ്ടെത്തിയ സാഹചര്യത്തില്‍ പുതിയ അണക്കെട്ടിന്റെ ആവശ്യമില്ലെന്ന് ജസ്റ്റിസ് എ.ആര്‍. ലക്ഷ്മണന്റെ വിയോജനക്കുറിപ്പില്‍ പറയുന്നു.