19February2012

You are here: Home Automotive ലോക വിപണിയെ ലക്ഷ്യമാക്കി പുതിയ സൈലോ

ലോക വിപണിയെ ലക്ഷ്യമാക്കി പുതിയ സൈലോ

രാജ്യത്തെ പ്രമുഖ യൂട്ടിലിറ്റി വാഹന നിര്‍മ്മാതാക്കളായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര വിവിധോപയോഗ വാഹനമായ സൈലോയുടെ നവീകരിച്ച പതിപ്പ് വിപണിയിലിറക്കി. ലോകത്തെ തന്നെ എസ്.യു.വി - എം.പി.വി വിപണി വിപണി വന്‍ വളര്‍ച്ച കൈവരിക്കുമെന്ന പ്രവചനങ്ങള്‍ക്കിടെയാണ് ജനപ്രിയ

എം.പി.വിയെ മഹീന്ദ്ര വീണ്ടും ആകര്‍ഷകമാക്കി വിപണിയില്‍ എത്തിച്ചത്. പഴയ സൈലോയുടേത് ടൂര്‍ ഓപ്പറേറ്റര്‍മാര്‍ക്ക് അനുയോജ്യമായ രൂപം ആയിരുന്നുവെങ്കില്‍ ഇന്നോവ അടക്കമുള്ള എം.പി.വികള്‍ക്കും എന്‍ട്രി ലെവല്‍ എസ്.യു.വികള്‍ക്കും കടുത്ത വെല്ലുവിളി ഉയര്‍ത്താന്‍ പോന്നതാണ് പുതിയ സൈലോ. അന്താരാഷ്ട്ര വിപണിയെ ലക്ഷ്യമാക്കിയാണ് സൈലോയുടെ മുഖംമിനുക്കല്‍ നടത്തിയതെന്ന് മഹീന്ദ്ര അവകാശപ്പെടുന്നു.

50 ലേറെ പുതുമകള്‍ സൈലോയില്‍ മഹീന്ദ്ര കൊണ്ടുവന്നിട്ടുണ്ട്. വോയ്‌സ് കമാന്‍ഡ് സാങ്കേതിക വിദ്യയാണ് പുതിയ സൈലോയുടെ മുഖ്യ ആകര്‍ഷണമായി നിര്‍മ്മാതാക്കള്‍ ഉയര്‍ത്തിക്കാട്ടുന്നത്. 30 ഓളം കാര്യങ്ങള്‍ സൈലോയോട് പറഞ്ഞാല്‍ മാത്രംമതി. വാഹനം അനുസരിച്ചുകൊള്ളും. ക്രൂയിസ് കണ്‍ട്രോള്‍, സ്റ്റിയറിങ്ങ് വീലില്‍ ഘടിപ്പിച്ചിട്ടുള്ള കണ്‍ട്രോള്‍ സ്വിച്ചുകള്‍, രണ്ട് എയര്‍ബാഗുകള്‍, എ.ബി.എസ്, ഇ.ബി.ഡി, റിവേഴ്‌സ് പാര്‍ക്ക് അസിസ്റ്റ്, മൂന്ന് നിരകളിലും എ.സി വെന്റുകളും ലൈറ്റുകളും, ഫ്ലാറ്റ് ബെഡ് സീറ്റുകള്‍ എന്നിവയാണ് ഉള്ളിലെ പുതുമകള്‍. പുറത്ത് നവീന മുന്‍ ഗ്രില്‍, ഹെഡ് ലാമ്പുകള്‍, വലിയ എയര്‍ഡാം ഉള്‍പ്പെട്ട മുന്‍ ബമ്പര്‍, മഹീന്ദ്ര ലോഗോ ഉള്‍പ്പെട്ട പുതിയ ബോണറ്റ്, റൂഫ് റെയ്‌ലുകള്‍, വലിയ വീല്‍ ആര്‍ച്ചുകള്‍, കറുത്ത നിറമുള്ള ബി, സി പില്ലറുകള്‍, പുതിയ ഫുട് റെസ്റ്റ് തുടങ്ങിയ പുതുമകളുമുണ്ട്.

അഞ്ചു വേരിയന്റുകളില്‍ പുതിയ സൈലോ വിപണിയില്‍ ലഭിക്കും. 7.37 ലക്ഷം മുതല്‍ 10.25 ലക്ഷം വരെയാണ് വിവിധ വേരിയന്റുകളുടെ ന്യൂഡല്‍ഹിയിലെ എക്‌സ് ഷോറൂം വില. പഴയ സൈലോയെക്കാള്‍ 15000 രൂപയോളം അധിക വില നല്‍കേണ്ടിവരും വിവിധ വേരിയന്റുകള്‍ക്ക്. താരതമ്യേന വിലയേറിയ ഇന്നോവ, ടൊയോട്ട ഫോര്‍ച്യൂണര്‍ എന്നിവയ്ക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്താന്‍ സൈലോയ്ക്ക് കഴിയുമെന്ന് നിര്‍മ്മാതാക്കള്‍ പ്രതീക്ഷിക്കുന്നു. 14 കിലോമീറ്റര്‍ മൈലേജാണ് നിര്‍മ്മാതാക്കള്‍ വ്ഗാദാനം ചെയ്യുന്നത്. 120 ബി.എച്ച്.പിയാണ് കരുത്ത്. എട്ടു ലക്ഷത്തിന് താഴെ വിലയുള്ള യൂട്ടിലിറ്റി വാഹനങ്ങളുടെ വിപണിയില്‍ 60 ശതമാനം പങ്കാളിത്തമാണ് നിലവില്‍ മഹീന്ദ്രയ്ക്കുള്ളത്. വിവിധ സംസ്ഥാനങ്ങളില്‍ മഹീന്ദ്രയുടെ പുതിയ സൈലോ ഇന്ന് വിപണിയിലിറക്കി. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ മഹീന്ദ്ര ഓട്ടോമോട്ടീവ് ഡിവിഷന്‍ സീനിയര്‍ ജനറല്‍ മാനേജര്‍ ( സെയില്‍സ്) രവീന്ദ്ര ഷഹാനെ വാഹനം പുറത്തിറക്കി.

Newsletter