ഹ്യുണ്ടായ് കാറുകള്‍ക്കുള്ള ഡിമാന്‍ഡ്
- Last Updated on 05 February 2012
- Hits: 1
ഇന്ത്യന്‍ ചെറുകാര്‍ വിപണിയില്‍ മാരുതിയ്ക്ക് പിന്നില്‍ രണ്ടാം സ്ഥാനത്തുള്ള ഹ്യുണ്ടായ്ക്ക് വിശ്രമമില്ലാത്ത നാളുകളാണ് വരാനിരിക്കുന്നത്. സാമ്പത്തിക പ്രതിസന്ധി ചെറുകാറുകള്‍ക്ക് ഡിമാന്‍ഡുയര്‍ത്തുമ്പോള്‍ ഉത്പാദനം കൂട്ടി കയറ്റുമതി വീണ്ടുമുയര്‍ത്താന്‍ പദ്ധതിയിടുകയാണ് ഹ്യുണ്ടായ്. ഹ്യുണ്ടായുടെ ശ്രീപെരുമ്പത്തൂരിലെ നിര്‍മാണ പ്ലാന്റില്‍ ഇപ്പോള്‍ തയ്യാറായി നില്‍ക്കുന്ന ഐ.ടെന്‍ കാറുകളിലേറെയും വിദേശ വിപണി ലക്ഷ്യമിടുന്നവയാണ്. യു.കെയടക്കമുള്ള വിപണികളിലേക്ക് ഈ കൊറിയന്‍ കാര്‍നിര്‍മാണക്കമ്പനിയയക്കുന്ന കാറുകളിലേറെയും ഇന്ത്യയില്‍ നിന്നാണെന്നത് ഇന്ത്യയെ പ്രധാന നിര്‍മാണ ഹബ്ബായി കമ്പനി കാണുന്നതിന്റെ ഉത്തമ ദൃഷ്ടാന്തം തന്നെ.
2010/11 വര്‍ഷത്തില്‍ കമ്പനി 2,50,000 കാറുകളാണ് ഇന്ത്യയില്‍ നിന്നും കയറ്റി അയച്ചത്. ഇവയെത്തിയതാകട്ടെ 160ഓളം രാജ്യങ്ങളിലേക്കും. ഇന്ത്യയിലെ ഈ നിര്‍മാണ സാധ്യത ഹ്യുണ്ടായ് നേരത്തെ തന്നെ മുന്നില്‍കണ്ടതാണെന്ന് വ്യക്തം. 2005ല്‍ ഹ്യുണ്ടായ്, ഐടെന്‍ കാറുകളുടെ നിര്‍മാണ പ്ലാന്റ് സ്ഥാപിക്കുന്നതിനായി ഏകദേശം 100 കോടി ഡോളറാണ് ഇന്ത്യയില്‍ ചെലവിട്ടത്. തുടര്‍ന്നിങ്ങോട്ട്് 300 കോടിയോളം ഡോളറും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി കമ്പനി ചെലവിട്ടു. ഹ്യുണ്ടായ് നിര്‍മിച്ച ഐടെന്‍ കാറുകളില്‍ പകുതിയോളവും വിദേശ വിപണിയിലേക്ക് തന്നെയുള്ളതായിരുന്നു. കയറ്റുമതി ചെയ്ത ഐടെന്‍ കാറുകളെല്ലാം വിദേശ വിപണിയ്ക്കായി നിര്‍മിച്ചവ തന്നെയായിരുന്നുവെന്ന് കാറുകളുടെ ഫീച്ചറുകള്‍ പരിശോധിച്ചാല്‍ തന്നെ വ്യക്തമാണ്. കയറ്റുമതി ചെയ്ത കാറുകളിലെ സീറ്റുകളും, അപ്‌ഹോള്‍സ്റ്ററിയും, ലെഫ്റ്റ് ഹാന്‍ഡ് ഡ്രൈവ് സൗകര്യവുമെല്ലാം ഇത് സാക്ഷ്യപ്പെടുത്തുന്നു.
ശ്രീപെരുമ്പത്തുരിലെ രണ്ടാമത്തെ നിര്‍മാണ പ്ലാന്റില്‍ ഇന്ന് 6,00,000 കാറുകള്‍ ഉത്പാദിപ്പിക്കാന്‍ സൗകര്യമുണ്ട്. നേരത്തെയുണ്ടായിരുന്ന ഉത്പാദനക്ഷമതയില്‍ ഇരട്ടിയോളം വര്‍ധനയാണ് ഹ്യുണ്ടായ് ഇതോടെ നേടിയത്. നേരത്തെ കമ്പനിയുടെ വാര്‍ഷിക ഉത്പാദനക്ഷമത 3,00,000 കാറുകള്‍ മാത്രമായിരുന്നു. ശ്രീപെരുമ്പത്തൂരില്‍ കമ്പനി ആദ്യം സ്ഥാപിച്ച പ്ലാന്റിന് തൊട്ടടുത്തായാണ് രണ്ടാമത്തെ പ്ലാന്റും സ്ഥാപിതമായിരിക്കുന്നത്.
വിദേശ വിപണികളിലേക്കുള്ള സാന്‍ട്രോ കാറുകളും ഐട്വന്റികളും ഇന്ത്യന്‍ വിപണിയിലേക്കുള്ള മോഡലുകളുമെല്ലാം ഇവിടെ നിര്‍മിക്കുന്നു. മാരുതിയടക്കമുള്ള ഹ്യുണ്ടായിയുടെ പ്രതിയോഗികളും ശക്തമായ മത്സരവുമായി രംഗത്തുണ്ടെങ്കിലും കമ്പനി ഉപയോഗിക്കുന്ന അതിനൂതനമായ നിര്‍മാണ സങ്കേതങ്ങള്‍ മുതല്‍ക്കൂട്ടാവുമെന്ന് തന്നെയാണ് ഹ്യുണ്ടായ് പ്രതിനിധികളുടെ പക്ഷം. കമ്പനിയ്ക്ക് അസംസ്‌കൃത വസ്തുക്കളെത്തിച്ചു കൊടുക്കുന്ന വെന്‍ഡര്‍മാരില്‍ മദര്‍സണ്‍ സുമി, ക്യോങ്ഷിന്‍ ഇന്‍ഡസ്ട്രിയല്‍ മദര്‍സണ്‍ എന്നിവയുമുള്‍പ്പെടും.
കാറുകള്‍ക്കുള്ള ഡിമാന്‍ഡ് കാരണം പ്ലാന്റിലെ നിര്‍മാണം പലപ്പോഴും യുദ്ധകാലാടിസ്ഥാനത്തിലാണ് നടക്കുന്നതെന്നതിനാല്‍ വെന്‍ഡര്‍മാര്‍ സ്വന്തം ജീവനക്കാരെയും എത്തിക്കാറുണ്ട്. ഒര്‍ഡര്‍ അനുസരിച്ചുള്ള സ്‌പേര്‍പാര്‍ട്ടുകളെല്ലാം കൃത്യമായി എത്തുന്നുണ്ടോ എന്നറിയാനാണിത്. ആഗോള വിപണിയില്‍ നിന്നുള്ള ഓര്‍ഡറുകള്‍ക്കനുസരിച്ച് കാര്‍ നിര്‍മിച്ചു കൊടുക്കേണ്ടത് തന്നെയാണ് പ്ലാന്റ് നേരിടുന്ന പ്രധാന വെല്ലുവിളി. പലതരത്തിലുള്ള മോഡലുകള്‍ക്കുമുള്ള ഓര്‍ഡറുകള്‍ കൃത്യമായ സമയ ക്രമം അനുസരിച്ചായിരിക്കില്ല എത്തുകയെന്നത് ഒരു പ്രധാന വെല്ലുവിളി തന്നെയാണ്. പക്ഷെ ഇത് നേരിടാനുള്ള എല്ലാ സൗകര്യങ്ങളും പ്ലാന്റിലുണ്ട്. സമയം ഒട്ടും തെറ്റാതെ ഓര്‍ഡറുകള്‍ക്കനുസരിച് കൃത്യമായി കാറുകള്‍ വിപണിയിലെത്തിക്കാന്‍ ഹ്യുണ്ടായ്ക്ക് കഴിയുന്നുണ്ട്.