വെസ്പ സ്‌കൂട്ടറുകള്‍ വീണ്ടും
- Last Updated on 28 April 2012
- Hits: 1
പുണെ: ദീര്‍ഘകാലം ഇന്ത്യയിലെ ഇടത്തരക്കാരുടെ വാഹനമായിരുന്ന വെസ്പ സ്‌കൂട്ടറുകള്‍ വീണ്ടും വിപണിയിലെത്തുന്നു. ഇറ്റാലിയന്‍ നിര്‍മ്മാതാക്കളായ പിയാജിയോ നേരിട്ടാണ് ഇത്തവണ വെസ്പ വിപണിയില്‍ എത്തിക്കുന്നത്. പ്രീമിയം സ്‌കൂട്ടര്‍ വിഭാഗത്തില്‍ അവതരിപ്പിച്ച വെസ്പ സ്‌കൂട്ടറുകള്‍ക്ക് 66,661 രൂപയാണ് മഹാരാഷ്ട്രയിലെ എക്‌സ് ഷോറൂം വില. ഇന്ത്യന്‍ വിപണിയില്‍ മറ്റൊരു സ്‌കൂട്ടറും
മോട്ടോര്‍സൈക്കിളും പിയാജിയോ ഉടന്‍ അവതരിപ്പിക്കും.
സ്റ്റൈലന്‍ സ്‌കൂട്ടറില്‍ സഞ്ചരിക്കാന്‍ ആഗ്രഹിക്കുന്നവരെ ലക്ഷ്യമാക്കിയാണ് വെസ്പ വിപണിയില്‍ എത്തുന്നത്. വിപണിയിലെ മുഖ്യ എതിരാളികളായ ഹോണ്ട, സുസുക്കി എന്നിവയുടെ സ്‌കൂട്ടറുകളെക്കാള്‍ ഉയര്‍ന്ന വില നിശ്ചയിച്ചത് ഇതുകൊണ്ടുതന്നെ. പിയാജിയോയുടെ ബരാമതിയിലുള്ള പ്ലാന്റിലാണ് വെസ്പ സ്‌കൂട്ടറുകള്‍ നിര്‍മ്മിക്കുന്നത്. പ്രതിവര്‍ഷം 1.5 ലക്ഷം സ്‌കൂട്ടറുകള്‍ നിര്‍മ്മിക്കാനുള്ള ശേഷി പ്ലാന്റിനുണ്ട്. ഇത് വൈകാതെ മൂന്നു ലക്ഷം യൂണിറ്റുകളായി ഉയര്‍ത്തും. ഇന്ത്യന്‍ വിപണിയെ ലക്ഷ്യമാക്കി കൂടുതല്‍ ഇരുചക്ര വാഹനങ്ങള്‍ വികസിപ്പിക്കുമെന്നും പിയാജിയോ ഇന്ത്യ സി.എം.ഡി രവി ചോപ്ര പറഞ്ഞു.
10.06 പി.എസ് പരമാവധി കരുത്തും 10.6 എന്‍.എം പരമാവധി ടോര്‍ക്കും പകരാന്‍ കഴിവുള്ളതാണ് വെസ്പയുടെ 125 സി.സി എന്‍ജിന്‍. രാജ്യത്തുടനീളം വെസ്പ ഷോറൂമുകള്‍ ഉടന്‍ തുറക്കും. ഇവയിലൂടെ 200 ലേറെ ഹോളിവുഡ് സിനിമകളില്‍ സാന്നിധ്യം അറിയിച്ച വെസ്പ സ്‌കൂട്ടറുകള്‍ ഇന്ത്യക്കാര്‍ക്കും സ്വന്തമാക്കാം. ഇരുചക്ര വാഹന വില്‍പ്പനയില്‍ യൂറോപ്പില്‍ ഒന്നാംസ്ഥാനവും ലോകത്ത് നാലാം സ്ഥാനവുമാണ് വെസ്പയ്ക്ക് ഉള്ളത്.
1964 ലാണ് പിയാജിയോ വെസ്പ സ്‌കൂട്ടറുകള്‍ പുറത്തിറക്കിയത്. 60 കളില്‍ തന്നെ അവരുടെ അനുമതിയോടെ ബജാജ് ഓട്ടോ ഇന്ത്യയില്‍ വെസ്പ സ്‌കൂട്ടറുകള്‍ നിര്‍മ്മിച്ചു തുടങ്ങി. 1971 ല്‍ കരാര്‍ അവസാനിച്ചതിനെ തുടര്‍ന്ന് ചേതക് എന്നപേരില്‍ ബജാജ് അവയുടെ നിര്‍മ്മാണം തുടര്‍ന്നു. 1983 മുതല്‍ ലോഹിയ മിഷിനറി ലിമിറ്റഡു (എല്‍.എം.എല്‍) മായി സഹകരിച്ച് വീണ്ടും പിയാജിയോ വെസ്പ സ്‌കൂട്ടറുകളുടെ നിര്‍മ്മാണം ഇന്ത്യയില്‍ തുടങ്ങി. 1999 ല്‍ എല്‍.എം.എല്ലും പിയാജിയോയും തമ്മിലുള്ള സഹകരണം അവസാനിച്ചു. ഇന്ത്യന്‍ സ്‌കൂട്ടര്‍ വിപണിയിലെ സാധ്യതകള്‍ കണക്കിലെടുത്താണ് പിയാജിയോ വെസ്പയെ വീണ്ടും എത്തിക്കുന്നത്.