എസ്.യു.വികളും ആഡംബര കാറുകളുമായി ബെയ്ജിങ് ഓട്ടോഷോ
- Last Updated on 05 May 2012
- Hits: 5
ബെയ്ജിങ് ഇന്റര്‍നാഷണല്‍ ഓട്ടോ എക്‌സിബിഷന്‍ ലോകത്തെ ഏറ്റവും വലിയ വാഹന വിപണിയായ ചൈനയുടെ തലസ്ഥാനത്ത് തുടങ്ങി. മുന്‍വര്‍ഷങ്ങളില്‍ പരിസ്ഥിതി സൗഹൃദ കാറുകളും ചെറു സിറ്റി കാറുകളും ആധിപത്യം പുലര്‍ത്തിയിരുന്ന ഷോയില്‍ ഇത്തവണ സ്‌പോര്‍ട് യൂട്ടിലിറ്റി വാഹനങ്ങളും പെട്രോള്‍ കുടിയന്മാരായ വലിയ കാറുകളുമാണ് താരങ്ങള്‍. ആഡംബര കാറുകള്‍
ലോകത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്നത് ചൈനയിലാണ് എന്നതാണ് ഇതിന്റെ മുഖ്യകാരണം.
ലോക വിപണിയില്‍ വലിയ വാഹനങ്ങള്‍ക്ക് ഡിമാന്‍ഡ് ഉയരുന്നുവെന്നതിന്റെ സൂചനയാണ് ബെയ്ജിങ്ങില്‍ കാണുന്നതെന്ന് നിരീക്ഷകര്‍ കരുതുന്നു. പരിസ്ഥിതി സൗഹൃദ കാറുകള്‍ വികസിപ്പിക്കുന്നതിന് നിര്‍മ്മാതാക്കള്‍ക്ക് വിവിധ രാജ്യങ്ങള്‍ കാര്യമായ പിന്തുണ നല്‍കാത്തതാണ് അവ ഓട്ടോഷോകളില്‍നിന്ന് അപ്രത്യക്ഷമാകാന്‍ കാരണമെന്നും വിലയിരുത്തപ്പെടുന്നു.
പ്രശസ്തമായ ജനീവ, പാരീസ്, ന്യൂയോര്‍ക്ക് ഓട്ടോഷോകളില്‍ അവതരിപ്പിക്കപ്പെട്ടവയെക്കാള്‍ കൂടുതല്‍ വാഹനങ്ങള്‍ ഇത്തവണ വിവിധ നിര്‍മമ്മാതാക്കള്‍ ബെയ്ജിങ്ങില്‍ എത്തിച്ചിട്ടുണ്ട്. ലംബോര്‍ഗിനി യൂറുസ് കണ്‍സപ്റ്റ്, ഫോര്‍ഡിന്റെ ഇക്കോ സ്‌പോര്‍ട് എന്നിവയാണ് ശ്രദ്ധേയമായ എസ്.യു.വികള്‍. ആസ്റ്റണ്‍ മാര്‍ട്ടിന്റെ ഡി.ബി.എസ,് ജീപ്പ് റാങ്ക്‌ളര്‍ എന്നിവയുടെയും സാന്നിധ്യം ശ്രദ്ധേയമാണ്. ജീപ്പ് ബ്രാണ്ട് വാഹനങ്ങളുടെ വില്‍പ്പനയില്‍ അമേരിക്ക, കാനഡ എന്നിവ കഴിഞ്ഞാല്‍ മൂന്നാം സ്ഥാനമുള്ളത് ചൈനയ്ക്കാണ്. ലോകപ്രശസ്ത ആഡംബര കാര്‍ നിര്‍മ്മാതാക്കളായ ബെന്‍ലി ലിമിറ്റഡ് എഡിഷന്‍ കാറായ റോയല്‍ ഡയമണ്ട് ജൂബിലി മുള്‍സേന്‍ പുറത്തിറക്കാന്‍ തിരഞ്ഞെടുത്തതും ബെയ്ജിങ് തന്നെ.