എവര്‍ഗ്രീന്‍ ബുള്ളറ്റ്
- Last Updated on 27 April 2012
- Hits: 6
പതിഞ്ഞ താളത്തില്‍, കുടു..കുടു ശബ്ദത്തിന്റെ അകമ്പടിയോടെ ബുള്ളറ്റ് ബൈക്ക് വരുന്നത് കാണാന്‍ ആനച്ചന്തമാണ്. സംഭവം ലുക്ക് മാത്രമല്ല ആനയെ പോറ്റുന്നതിനേക്കാള്‍ ബുദ്ധിമുട്ടാണെന്ന് ബുള്ളറ്റ് ഫാന്‍സ്. ടൂള്‍ ബോക്‌സ് എടുക്കാതെ ദൂരയാത്ര പറ്റില്ല. വണ്ടി എവിടെയെങ്കിലും പഞ്ചറായി നില്‍ക്കും. പക്ഷേ, ഒരിക്കല്‍ ബുള്ളറ്റ് ഓടിച്ചു കഴിഞ്ഞാല്‍പ്പിന്നെ കോളേജ് പിള്ളേര്‍ മുതല്‍
അപ്പാപ്പന്‍മാര്‍വരെ വണ്ടി താഴെവെക്കില്ല.
പഴയ വണ്ടികള്‍ ശേഖരിക്കുകയാണ് ബുള്ളറ്റ് മാനിയക്കാരുടെ ഇപ്പോഴത്തെ ഹോബി. 1970 കള്‍ക്ക് മുന്‍പുള്ള റോയല്‍ എന്‍ഫീല്‍ഡ് മോഡലുകള്‍ക്ക് പൊന്നും വിലയാണ് വിപണിയില്‍. 1969, 1965 മോഡലുകള്‍ക്ക് രണ്ടു ലക്ഷം മുതല്‍ മുകളിലോട്ടാണ് വില. പഴക്കം കൂടുന്നതിനനുസരിച്ച് വില വീണ്ടും ഉയരും. ഇനി പഴയ വണ്ടി കിട്ടിയില്ലെങ്കില്‍ പുതിയ വണ്ടി വാങ്ങി പഴയതാക്കാനും ബുള്ളറ്റ് റൈഡേഴ്‌സ് തയ്യാര്‍. അതായത് പുതിയ വണ്ടി വാങ്ങി 1950 കളുടെ മോഡലാക്കി മാറ്റും. പുതിയ വണ്ടിയെ അപേക്ഷിച്ച് മൈലേജ് കുറവാണെങ്കിലും വണ്ടിയുടെ ഭാരവും സൗണ്ട് ബീറ്റിങ്ങിനും പ്രാധാന്യം നല്‍കുന്നവര്‍ പഴയ വണ്ടിതന്നെ തിരഞ്ഞെടുക്കുമെന്ന് ബുള്ളറ്റ് മെക്കാനിക്ക് ആയ തിരുപ്പൂര്‍ ജയപ്രകാശ് പറയുന്നു.
കഴിഞ്ഞ നാല്‍പതു വര്‍ഷത്തോളമായി ബുള്ളറ്റ് മെക്കാനിക്കായി പ്രവര്‍ത്തിക്കുന്ന ജയപ്രകാശിന്റെ അഭിപ്രായത്തില്‍ പൂര്‍ണമായി 1950 കളിലെ മോഡല്‍ ആക്കി മാറ്റുന്നത് അസാധ്യമാണ്. ചുരുങ്ങിയത് ടൂള്‍ബോക്‌സും മഡ്ഗാഡുമെങ്കിലും മാതൃക നോക്കി ഉണ്ടാക്കണം. സ്‌ക്രൂവില്‍ പോലും അതിന്റെ തനിമ നിലനിര്‍ത്തിയാല്‍ മാത്രമേ കാര്യമുള്ളൂവെന്ന് ജയപ്രകാശ് പറയുന്നു.
ഏറ്റവും പുതിയ 2011 മോഡല്‍ റോയല്‍ എന്‍ഫീല്‍ഡിന് ഒന്നേകാല്‍ ലക്ഷമാണ് വില. സ്പീഡും മൈലേജും പഴയ മോഡലുകളേക്കാള്‍ കൂടുതലാണ്. കാഴ്ചയിലും കേമം. പക്ഷേ, ബുള്ളറ്റ് ഓടിക്കുന്നതിന്റെ 'ലെജന്ററി ഫീലിങ്' കിട്ടണമെങ്കില്‍ പഴയ വണ്ടിത്തന്നെ വേണമെന്ന് സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറായ ഹാസെം പറയുന്നു. കൈവശമുള്ള 1987 മോഡല്‍ വണ്ടിയെ പരിഷ്‌കരിച്ച് 1956 മോഡലാക്കിയിരിക്കുകയാണ് ഹാസെം. ഇതിനായി ഏതാണ്ട് 1,40,000 രൂപയാണ് ഹാസെം ചെലവാക്കിയിരിക്കുന്നത്. 1956 മോഡല്‍ വണ്ടിയുടെ ഭാഗങ്ങള്‍ കോയമ്പത്തൂര്‍, ഡല്‍ഹി, ഹരിയാണ എന്നിവിടങ്ങളില്‍ നിന്നാണ് ഹാസെം വാങ്ങിയത്. പുതിയ വണ്ടി വാങ്ങുന്നതിനേക്കാള്‍ കൂടുതല്‍ പണം ചെലവാക്കിയെങ്കിലും ഓടിക്കുമ്പോഴുള്ള മനഃസംതൃപ്തിക്ക്പകരം വെക്കാന്‍ മറ്റൊന്നുമില്ലെന്ന് ഹാസെം.
ഇന്റര്‍നെറ്റിലും സജീവമാണ് ബുള്ളറ്റ് ഫാന്‍സ്. ബുള്ളറ്റില്‍ ലോകം ചുറ്റുന്നതു മുതല്‍ ബുള്ളറ്റ് പരിപാലനത്തിന്റെ കുഞ്ഞു ടിപ്‌സ്‌വരെ പറഞ്ഞുതരും നെറ്റിലെ ബുള്ളറ്റ് ക്ലബ്ബുകള്‍. റോയല്‍ എന്‍ഫീല്‍ഡും സ്വന്തം വെബും ബ്ലോഗുമൊക്കെയായി നെറ്റില്‍ സജീവമാണ്. മോട്ടോര്‍ ബൈക്കില്‍ പിന്‍ഗാമികള്‍ ഒരുപാടു വന്നെങ്കിലും ഇന്നും റോഡില്‍ വ്യത്യസ്തനാവണമെങ്കില്‍ ബുള്ളറ്റിന്റെ കുടു..കുടു.. ശബ്ദം വേണമെന്ന് ഇക്കൂട്ടര്‍ പറയുന്നു.