കറുത്ത ചില്ലിനോട് വിടപറയാം; കാശ് കളയേണ്ട
- Last Updated on 06 May 2012
- Hits: 11
ഹെല്‍മെറ്റിനും സീറ്റ്‌ബെല്‍റ്റിനും പുറമെ പോലീസിന് പിഴ ചുമത്താന്‍ മറ്റൊരു കാരണംകൂടി. കറുത്ത ഗ്ലാസും കയറ്റിയിട്ട് വരുന്ന കാറുകള്‍ക്ക് മുന്നിലേക്കും ഇനി പോലീസുകാര്‍ ചാടി വീഴും. ധനനഷ്ടവും മാനഹാനിയും ഒഴിവാക്കണമെങ്കില്‍ ഗ്ലാസുകളിലെ കൂളിങ് പേപ്പറുകള്‍ നീക്കം ചെയ്യണം. പുറത്തെ വെയില്‍ കാറിനകത്തേയ്ക്ക് കടക്കുമെന്ന ആവലാതിയും ഇനി ഉപേക്ഷിച്ചേ പറ്റൂ. എ.സിയുടെ
തണുപ്പ് കുറയുന്നുവെന്ന കാരണം പറഞ്ഞാണ് മിക്കവരും കറുത്ത നിറത്തിലുള്ള കൂളിങ് പേപ്പറുകള്‍ ഒട്ടിച്ചത്.
കടും നിറത്തിലുള്ള ഡബിള്‍ഷേഡ് സ്റ്റിക്കറുകള്‍വരെ ഒട്ടിച്ചവരുണ്ട്. അകത്തുള്ളവരെ പുറത്തറിയരുതെന്ന് നിര്‍ബന്ധമുള്ളവരാണ് ഇക്കൂട്ടര്‍. കാറിന്റെ നിറത്തിനോട് ചേര്‍ന്ന സ്റ്റിക്കറുകള്‍വരെ ഗ്ലാസുകളില്‍ പതിച്ചിരുന്നു. മുന്‍വശത്തെ ഗ്ലാസിനെയും വെറുതെ വിട്ടവരില്ല. 5000-ന് മേല്‍ വിലയുള്ള സ്റ്റിക്കറുകളാണ് മുന്‍ ഗ്ലാസുകളില്‍ ഇടം നേടിയത്. പുറമേ നിന്നും നോക്കിയാല്‍ ഡ്രൈവറെ പോലും കാണാന്‍ കഴിയില്ല. ഷോറൂമില്‍ നിന്നും ഇറങ്ങുന്ന പുത്തന്‍ വാഹനങ്ങളുമായി കാര്‍ അക്‌സസറീസ് ഷോറൂമിലെത്തുന്നവരായിരുന്നു അധികവും. കൂളിങ് സ്റ്റിക്കര്‍ ഒട്ടിച്ചശേഷമാണ് പുത്തന്‍വാഹനങ്ങള്‍ വീട്ടില്‍വരെ എത്തിച്ചിരുന്നത്. 1500 മുതല്‍ 7000 വരെയാണ് കൂളിങ് പേപ്പറുകള്‍ ഒട്ടിക്കുന്നതിന് ഈടാക്കിയിരുന്നത്.
കൂളിങ് സ്റ്റിക്കര്‍ നിരോധിക്കുമ്പോള്‍ ...
കൂളിങ് സ്റ്റിക്കര്‍ നിരോധനം വീണ്ടും പ്രാബല്യത്തിലാകുമ്പോള്‍ കാര്‍ ഉടമകളില്‍ ഭൂരിഭാഗവും ആശങ്കയിലാണ്. നിരോധനത്തിന്റെ പരിധിയില്‍പെടാത്ത കൂളിങ് സ്റ്റിക്കറുകളെക്കുറിച്ചാണ് അന്വേഷണം ഏറെയും. ലൈറ്റ് ഷേഡ് സ്റ്റിക്കറുകള്‍ തേടി കാര്‍ അക്‌സസറീസ് ഷോറൂമിലേക്ക് എത്തുന്നവര്‍ ധാരാളമുണ്ട്. ഇത്തരം കൂളിങ് ഫിലിമിന് വിലയും കൂടുതലാണ്. വാഹനങ്ങളുടെ മുന്നിലെയും പിന്നിലെയും ഗ്ലാസിന് 70 ശതമാനം പ്രകാശ സുതാര്യത ഉണ്ടായിരിക്കണമെന്നാണ് നിയമം. വശങ്ങളില്‍ 50 ശതമാനം വേണം. പുറമെ നിന്നും നോക്കിയാല്‍ യാത്രികരെ തിരിച്ചറിയാന്‍ സാധിക്കണം.
ഇളക്കിമാറ്റാനും ചെലവ്
ഗ്ലാസുകളിലെ കൂളിങ് സ്റ്റിക്കറുകള്‍ നീക്കം ചെയ്യുന്നതും ചെലവുള്ള കാര്യമാണ്. 250 മുതല്‍ 350 രൂപവരെ മിക്ക കടകളിലും ഈടാക്കുന്നുണ്ട്. കാറുകളുടെ വലിപ്പം അനുസരിച്ചാണ് വ്യത്യസ്ഥ നിരക്ക്. ഗ്ലാസിന് കേടുപാടുണ്ടാകാതിരിക്കാന്‍ വൈദഗ്ധ്യമുള്ളവരുടെ സേവനം തേടുന്നതാണ് നല്ലത്. എന്നാല്‍ അല്‍പം ശ്രദ്ധിച്ചാല്‍ ഉടമസ്ഥര്‍ക്ക് നേരിട്ട് കൂളിങ് പേപ്പര്‍ നീക്കം ചെയ്യാം.
ബ്ലേഡ്, ഹെയര്‍ ഡ്രയര്‍, അമോണിയ അടങ്ങിയ വിന്‍ഡോ ക്ലീനര്‍ എന്നിവയാണ് കൂളിങ് സ്റ്റിക്കറുകള്‍ നീക്കം ചെയ്യുന്നതിന് വേണ്ടത്. സ്റ്റീമറും ഉപയോഗിക്കാം. വെയിലേല്‍പിച്ച് ഗ്ലാസ് ചൂടാക്കിയശേഷം സ്റ്റിക്കറുകള്‍ ഇളക്കാന്‍ ശ്രമിക്കുന്നതാണ് നല്ലത്. കൂളിങ് പേപ്പറിന് മേല്‍ വിന്‍ഡോക്ലീനര്‍ തേച്ചുപിടിപ്പിച്ച ശേഷം ഗ്ലാസിന്റെ അഗ്രഭാഗത്തു നിന്നും ബ്ലേഡ് കൊണ്ട് സ്റ്റിക്കര്‍ മെല്ലെ ഇളക്കാം. സ്റ്റീമറില്‍ നിന്നുള്ള ചൂടേല്‍പിച്ചും കൂളിങ് സ്റ്റിക്കര്‍ മാറ്റാം. ഗ്ലാസിന്റെ അഗ്രഭാഗത്ത് ആവി കൊള്ളിച്ചുകൊണ്ട് ബ്ലേഡ് ഉപയോഗിച്ച് സ്റ്റിക്കര്‍ ഗ്ലാസില്‍ നിന്നും ഇളക്കാം. കൂളിങ് പേപ്പര്‍ ഗ്ലാസില്‍ നിന്നും ഇളകിവരുന്ന ഭാഗത്ത് തുടര്‍ച്ചയായി ആവി കൊള്ളിക്കണം. ചൂടാകുമ്പോള്‍ സ്റ്റിക്കര്‍ ഗ്ലാസില്‍ നിന്നും വേര്‍പെടും.