ഡ്യുക്കാട്ടി ഇനി ഓഡിയ്ക്ക് സ്വന്തം
- Last Updated on 20 April 2012
- Hits: 9
ബെര്‍ലിന്‍: ജര്‍മ്മന്‍ ബൈക്ക് നിര്‍മ്മാതാക്കളായ ഡ്യുക്കാട്ടിയെ ഫോക്‌സ് വാഗണ്‍ ഉടമസ്ഥതയിലുള്ള ഓഡി സ്വന്തമാക്കി. ഇതോടെ ഫോക്‌സ് വാഗണിന്റെ ഉടമസ്ഥതയിലുള്ള 11 ാമത് വാഹന ബ്രാണ്ടായി ഡ്യുക്കാട്ടി മാറി. ഓഹരി വാങ്ങലിന് ഫോക്‌സ് വാഗണിന്റെയും ഓഡിയുടെയും സൂപ്പര്‍വൈസറി ബോര്‍ഡ് അംഗീകാരം നല്‍കിക്കഴിഞ്ഞു. നടപടിക്രമങ്ങള്‍ ഉടന്‍
പൂര്‍ത്തിയാവുമെന്ന് ഓഡി അധികൃതര്‍ വ്യക്തമാക്കി.
ഓഡിയും ഡ്യുക്കാട്ടിയും തമ്മിലുണ്ടാക്കിയ കാരാറിന്റെ വിശദാംശങ്ങള്‍ ഇരുവരും വെളിപ്പെടുത്തിയിട്ടില്ല. 708 മില്യണ്‍ പൗണ്ടിനാണ് കച്ചവടം നടന്നതെന്ന് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. ഡ്യുക്കാട്ടിയുടെ 150 മില്യണ്‍ പൗണ്ടിന്റെ ബാധ്യതകളും ഓഡി ഏറ്റെടുക്കും. ഫോക്‌സ് വാഗണ്‍ ചെയര്‍മാന്‍ ഫെര്‍ഡിനാന്‍ഡ് പീച്ചിന് ഡ്യുക്കാട്ടി ബൈക്കില്‍ ഉണ്ടായിരുന്ന വ്യക്തിപരമായ താത്പര്യമാണ് വാങ്ങലിന് പിന്നിലെന്നാണ് സൂചന. പീച്ചിന് കഴിഞ്ഞ ദിവസമാണ് 75 തികഞ്ഞത്.
ഡ്യുക്കാട്ടിയെ സ്വന്തമാക്കിയതുകൊണ്ട് ഓഡിക്ക് കാര്യമായ സാമ്പത്തിക നേട്ടങ്ങളൊന്നും ഉടന്‍ ഉണ്ടാകാനിടയില്ലെന്ന് നിരീക്ഷകര്‍ കരുതുന്നു. എന്നാല്‍ ഫോക്‌സ് വാഗണ്‍ നേരത്തെ സ്വന്തമാക്കിയ സ്‌പോര്‍ട്ട് കാറുകളായ ലാംബൊര്‍ഗിനി, ബെന്‍ലി എന്നിവയെപ്പോലെ ബൈക്ക് നിര്‍മ്മാണത്തില്‍ ഏറെ വ്യത്യസ്തരും വിദഗ്ദ്ധരുമാണ് ഡ്യുക്കാട്ടി. ഹൈ പെര്‍ഫോമന്‍സ് എന്‍ജിനും ഭാരംകുറഞ്ഞ ബോഡിയുമാണ് ഡ്യുക്കാട്ടി ബൈക്കുകളുടെ മുഖ്യ സവിശേഷത.
ബി.എം.ഡബ്ല്യൂവുമായി കടുത്ത മത്സരത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഓഡിയ്ക്ക് ഡ്യുക്കാട്ടി കൈയ്യിലുള്ളത് ആത്മവിശ്വാസം പകരുമെന്ന് നിരീക്ഷകര്‍ കരുതുന്നു. കാര്‍, ബൈക്ക് ഡിവിഷനുകളുള്ള ബി.എം.ഡബ്ല്യൂവിനെപ്പോലെ ഓഡിക്കും ഒരു ബൈക്ക് ബ്രാണ്ട് സ്വന്തമായി. ഓഡിയുടെ സാങ്കേതിക ജ്ഞാനം ഡ്യുക്കാട്ടി ബൈക്കുകളെ ഇനിയും മെച്ചപ്പെടുത്തുകയും ചെയ്യും. 1926 ലാണ് ഡ്യുക്കാട്ടി ബൈക്ക് നിര്‍മ്മാണം തുടങ്ങിയത്. മോണ്‍സ്റ്റര്‍, സ്ട്രീറ്റ് ഫൈറ്റര്‍, ഹൈപ്പര്‍മോട്ടാര്‍ഡ്, മള്‍ട്ടിസ്ട്രാഡ, ഡിയവല്‍ തുടങ്ങിയ മോഡലുകള്‍ ഇന്ത്യയടക്കം ലോകത്തെ 65 രാജ്യങ്ങളില്‍ ഡ്യുക്കാട്ടി വിറ്റഴിക്കുന്നുണ്ട്. ഡ്യുക്കാട്ടിയെ സ്വന്തമാക്കാന്‍ ഇന്ത്യയിലെ ഹീറോ മോട്ടോകോര്‍പ്പും താത്പര്യം പ്രകടിപ്പിച്ചിരുന്നു.