സുനാമി കവര്‍ന്ന ബൈക്ക് ഉടമയ്ക്ക് തിരികെ നല്‍കുന്നു
- Last Updated on 09 May 2012
- Hits: 3
വാന്‍കൂവര്‍: ജപ്പാനില്‍നിന്ന് രാക്ഷസത്തിരകള്‍ കവര്‍ന്നെടുത്ത ഹാര്‍ലി ഡേവിഡ്‌സണ്‍ ബൈക്ക് ഒരു വര്‍ഷത്തിനുശേഷം ഉടമയ്ക്ക് തിരികെ ലഭിക്കുന്നു. കടലിലൂടെ ഒഴുകി 4000 മൈല്‍ താണ്ടി കാനഡയിലെത്തിയ ബൈക്കാണ് അവിടുത്തെ മോട്ടോര്‍സൈക്കിള്‍ ഷോപ്പ് ഉടമ ജപ്പാനിലേക്ക് തിരിച്ചയയ്ക്കുന്നത്. ജപ്പാനിലെ ഹാര്‍ലി ഡേവിഡ്‌സണ്‍ ശാഖ ബൈക്ക് നന്നാക്കി 29 കാരനായ ഉടമ
ഇകുവോ യോക്കോയാമയ്ക്ക് കൈമാറും. ഇകുവോയുടെ മൂന്ന് കുടുംബാംഗങ്ങള്‍ 2011 ല്‍ ജപ്പാനിലുണ്ടായ സുനാമിയില്‍ കൊല്ലപ്പെട്ടിരുന്നു. നഷ്ടപ്പെട്ട ഹാര്‍ലി ബൈക്ക് തിരികെ ലഭിക്കുമെന്ന് ഉടമ കരുതിയിരുന്നില്ല. തുരുമ്പിച്ചു തുടങ്ങിയ നമ്പര്‍പ്ലേറ്റില്‍നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ജപ്പാനിലുള്ള ഉടമയെ കണ്ടെത്തിയത്.
എ.ടി.വിയില്‍ ബീച്ചിലൂടെ സഞ്ചരിക്കവെ പീറ്റര്‍ മാര്‍ക്കെന്ന വ്യക്തിയാണ് കടലില്‍ ഒഴുകി നടന്ന ബൈക്ക് ഉള്‍പ്പെട്ട കണ്ടെയ്‌നര്‍ കണ്ടത്. തുടര്‍ന്ന് ബോട്ടില്‍ കയറ്റി ബൈക്ക് കരയിലെത്തിച്ചു. കഴുകി വൃത്തിയാക്കിയ ബൈക്ക് ജപ്പാനിലേക്ക് അയയ്ക്കാന്‍വേണ്ടി ട്രക്കില്‍ കയറ്റി വിക്ടോറിയയില്‍ എത്തിച്ചിട്ടുണ്ട്.
കാനഡയുടെ തീരത്ത് അടിയുന്ന ജപ്പാന്‍ സുനാമിയുടെ ആദ്യ അവശിഷ്ടമാണ് ഈ ഹാര്‍ലി ഡേവിഡ്‌സണ്‍ ബൈക്ക്. എന്നാല്‍ അടുത്ത രണ്ട് വര്‍ഷത്തിനിടെ 1.5 മില്യണ്‍ ടണ്‍ അവശിഷ്ടങ്ങള്‍ വടക്കേ അമേരിക്കന്‍ തീരങ്ങളില്‍ അടിയുമെന്നാണ് ശാസ്ത്രജ്ഞര്‍ വിലയിരുത്തുന്നത്. ഫുട്‌ബോളും വോളിബോളുമൊക്കെ അമേരിക്കന്‍ തീരങ്ങളില്‍ അടിഞ്ഞു തുടങ്ങി. വിലപ്പെട്ട വസ്തുക്കള്‍ ഉടമകള്‍ക്ക് തിരികെ നല്‍കുന്നതിനായി ബ്രിട്ടീഷ് കൊളംബിയയിലെ മാരിടൈം മ്യൂസിയം പ്രത്യേക പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. വസ്തുക്കളുടെ ചിത്രങ്ങള്‍ എടുത്തു വെബ്‌സൈറ്റില്‍ പോസ്റ്റുചെയ്യാനാണ് അവരുടെ പദ്ധതി.