ആണവപരിപാടി: ഇറാന്‍ ചര്‍ച്ചയ്ക്ക്
- Last Updated on 17 February 2012
- Hits: 11
ടെഹ്‌റാന്‍: രാജ്യത്തിന്റെ ആണവശേഷി സംബന്ധിച്ച സുപ്രധാന വെളിപ്പെടുത്തല്‍ നടത്തിയതിനു തൊട്ടുപിന്നാലെ, അന്താരാഷ്ട്ര സമൂഹവുമായുള്ള ചര്‍ച്ച പുനരാരംഭിക്കാന്‍ ഇറാന്‍ ആഗ്രഹം പ്രകടിപ്പിച്ചു. യൂറോപ്യന്‍ യൂണിയന്‍ വിദേശനയ മേധാവി കാതറിന്‍ ഓസ്റ്റന്‍ കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ അയച്ച
കത്തിനു മറുപടിയായാണ് ഇറാന്‍ വിദേശകാര്യമന്ത്രാലയം ചര്‍ച്ചയ്ക്ക് തയ്യാറാണെന്നു വ്യക്തമാക്കിയത്. അതിനിടെ, ഇറാന്‍ ആണവശേഷി വെളിപ്പെടുത്തിയതിനെതിരെ അമേരിക്കയും ഇസ്രായേലും രംഗത്തെത്തി.
ഇറാന്‍ തയ്യാറാക്കിയ കത്തില്‍ ചര്‍ച്ച സംബന്ധിച്ച പ്രത്യേക നിര്‍ദേശങ്ങളൊന്നുമില്ലെന്നും പാശ്ചാത്യ രാജ്യങ്ങളെ പ്രീതിപ്പെടുത്തിയേക്കില്ലെന്നും വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. വിവിധ വിഷയങ്ങളില്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് വെളിപ്പെടുത്തുന്നതാണ് കത്തെന്ന് ആണവചര്‍ച്ചകളില്‍ ഇറാന്റെ മുഖ്യ ഇടനിലക്കാരന്‍ സയീദ് ജലീലി വ്യക്തമാക്കി.
ഇറാന്റെ ആണവ അവകാശവാദം വീമ്പുപറച്ചിലാണെന്ന് യു.എസ്. വിദേശകാര്യ വക്താവ് വിക്ടോറിയ നുള്ളാഡ് പറഞ്ഞു. ആണവ മേഖലയില്‍ ഒരുപാട് മുന്നോട്ടുപോയെന്ന് തോന്നിപ്പിക്കാനുള്ള ഇറാന്റെ തന്ത്രമാണതെന്നാണ് ഇസ്രായേലി പ്രതിരോധ മന്ത്രി എഹുദ് ബാരക്ക് പ്രതികരിച്ചത്.
എന്നാല്‍, ആണവരംഗത്ത് ഇറാന്‍ മുന്നോട്ടുപോയിട്ടുണ്ടെന്നാണ് റഷ്യന്‍ ഉപ വിദേശകാര്യ മന്ത്രി സെര്‍ജി റ്യാബ്‌കോവ് അഭിപ്രായപ്പെട്ടത്.
ഇറാന്‍ ആദ്യമായി തദ്ദേശീയമായി സമ്പുഷ്ടീകരിച്ച യുറേനിയം പ്രസിഡന്‍റ് മഹമൂദ് അഹമ്മദിനെജാദ് ബുധനാഴ്ച ലോകത്തിനുമുന്നില്‍ അനാവരണം ചെയ്തിരുന്നു. സമാധാന ആവശ്യങ്ങള്‍ക്കുവേണ്ടിയാണ് തങ്ങളുടെ ആണവപരിപാടിയെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് ഇറാന്‍.