ആയുധ ഇറക്കുമതിയില്‍ ഇന്ത്യ ഒന്നാമത്
- Last Updated on 20 March 2012
- Hits: 6
ലണ്ടന്‍: ലോകസമാധാനത്തിന്റെ വക്താക്കളാണെങ്കിലും ലോകത്തില്‍ ഏറ്റവും കൂടുതല്‍ ആയുധങ്ങള്‍ ഇറക്കുമതി ചെയ്യുന്ന രാജ്യം ഇന്ത്യയാണ്. മൂന്നാം സ്ഥാനത്ത് അയല്‍രാജ്യമായ പാകിസ്താനുമുണ്ട്. സ്വീഡനിലെ പഠനസംഘമായ സ്റ്റോക്‌ഹോം ഇന്‍റര്‍നാഷണല്‍ പീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് (സിപ്രി) പുറത്തുവിട്ട കണക്കനുസരിച്ച് ലോകത്തെ മൊത്തം ആയുധ ഇറക്കുമതിയുടെ 10 ശതമാനവും ഇന്ത്യയിലേക്കാണ്.
ഇതുവരെ ഒന്നാം സ്ഥാനത്തായിരുന്ന ചൈനയെ നാലാം സ്ഥാനത്തേക്കു പിന്തള്ളിയാണ് ഇന്ത്യ മുന്നോട്ടു കുതിച്ചത്.
അടുത്ത 15 വര്‍ഷംകൊണ്ട് ഇന്ത്യ ആയുധം വാങ്ങാനായി 10,000 കോടി ഡോളര്‍ (5,00,000 കോടി രൂപ) കൂടി ചെലവിടുമെന്നാണ് കണക്കാക്കുന്നത്. രണ്ടാം സ്ഥാനത്തുള്ള ദക്ഷിണ കൊറിയയിലേക്കാണ് മൊത്തം ഇറക്കുമതിയുടെ ആറു ശതമാനം പോകുന്നത്. മൂന്നാം സ്ഥാനത്തുള്ള പാകിസ്താനിലും നാലാം സ്ഥാനത്തുള്ള ചൈനയിലും അഞ്ചുശതമാനം വീതമെത്തുന്നു. നാലു ശതമാനവുമായി സിംഗപ്പൂര്‍ അഞ്ചാം സ്ഥാനത്തുണ്ട്.
കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ഇന്ത്യയുടെ ആയുധ ഇറക്കുമതിയില്‍ 38 ശതമാനം വര്‍ധനയാണുണ്ടായതെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഈ കാലയളവില്‍ ലോകമെമ്പാടുമായി ആയുധ ഇറക്കുമതി 24 ശതമാനം കൂടി. ശതമാനക്കണക്കെടുത്താല്‍ ആയുധ ഇറക്കുമതിയില്‍ ഏറ്റവും വലിയ വര്‍ധന വന്നത് സിറിയയിലാണ്- അഞ്ചു വര്‍ഷം കൊണ്ട് 580 ശതമാനം വര്‍ധന. വെനസ്വേല (555 ശതമാനം)യാണ് തൊട്ടു പിന്നില്‍.
നിലവില്‍ ലോകത്തെ ഏറ്റവും വലിയ അഞ്ച് ആയുധ ഇറക്കുമതി രാജ്യങ്ങളും ഏഷ്യയില്‍ നിന്നാണ്. മൊത്തം ഇറക്കുമതിയുടെ 44 ശതമാനമാണ് ഏഷ്യാ - ഓഷ്യാനിയ മേഖലയിലെത്തുന്നത്. യൂറോപ്പ് (19 ശതമാനം) രണ്ടാം സ്ഥാനത്തും പശ്ചിമേഷ്യ (17 ശതമാനം) മൂന്നാം സ്ഥാനത്തും രണ്ട് അമേരിക്കകളും കൂടി (11 ശതമാനം) നാലാം സ്ഥാനത്തും നില്‍ക്കുന്നു. ആഫ്രിക്കയാണ് ഏറ്റവും പിന്നില്‍ (ഒമ്പതു ശതമാനം).
ചൈനയിലേക്കുള്ള ആയുധ ഇറക്കുമതി കുറഞ്ഞത് അവര്‍ സമാധാനത്തിന്റെ പാത സ്വീകരിച്ചതുകൊണ്ടൊന്നുമല്ലെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ആയുധ നിര്‍മാണവും കയറ്റുമതിയും കൂടിയതുകൊണ്ട് അവര്‍ക്ക് ഇറക്കുമതിയെ അധികം ആശ്രയിക്കേണ്ടിവന്നില്ലെന്നു മാത്രം. കഴിഞ്ഞ അഞ്ചു വര്‍ഷംകൊണ്ട് ചൈനയില്‍ നിന്നുള്ള ആയുധക്കയറ്റുമതിയില്‍ 95 ശതമാനം വര്‍ധനയുണ്ടായി.
ആയുധക്കയറ്റുമതിയില്‍ ചൈനയ്ക്കിപ്പോള്‍ ലോകത്ത് ആറാം സ്ഥാനമുണ്ട്. അമേരിക്ക, റഷ്യ, ജര്‍മനി, ഫ്രാന്‍സ്, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളാണ് കയറ്റുമതിയുടെ കാര്യത്തില്‍ മുന്നിലുള്ളത്. ആയുധ നിര്‍മാണ സാങ്കേതിക വിദ്യയില്‍ എന്തെങ്കിലും നേട്ടം കൈവരിച്ചതുകൊണ്ടല്ല, പാകിസ്താന്‍ വന്‍തോതില്‍ ആയുധങ്ങള്‍ വാങ്ങിക്കൂട്ടുന്നതുകൊണ്ടാണ് ചൈനയില്‍ നിന്നുള്ള കയറ്റുമതി കുതിച്ചുയര്‍ന്നത്.