26April2012

ലോക തൊഴില്‍ദാതാവ്: റെയില്‍വേയ്ക്ക് എട്ടാംസ്ഥാനം മാത്രം

ലണ്ടന്‍: ലോകത്തെ ഏറ്റവും വലിയ തൊഴില്‍ദാതാവ് ഇന്ത്യന്‍ റെയില്‍വേയാണോ ചൈനയുടെ കരസേനയാണോ എന്ന തര്‍ക്കത്തിന്റെ കാലം കഴിയുന്നു. രണ്ടുമല്ല, അമേരിക്കയുടെ പ്രതിരോധ വകുപ്പിനാണ് ഇപ്പോള്‍ ഇക്കാര്യത്തില്‍ ഒന്നാംസ്ഥാനം. സ്വകാര്യവത്കരണത്തിന്റെയും കരാര്‍ ജോലിയുടെയും പാത പിന്തുടരുന്ന ഇന്ത്യന്‍ റെയില്‍വേക്ക് തൊഴിലാളികളുടെ എണ്ണത്തില്‍ എട്ടാം സ്ഥാനമേയുള്ളൂ. 

ലോകത്തെ പ്രധാന സ്ഥാപനങ്ങളിലെയെല്ലാം തൊഴിലാളികളുടെ കണക്കെടുത്ത് ബി.ബി.സി. തയ്യാറാക്കിയ പട്ടികയാണ് ഇന്ത്യന്‍ റെയില്‍വേ ആദ്യ അഞ്ചില്‍ പോലും ഉള്‍പ്പെട്ടിട്ടില്ലെന്നു വെളിപ്പെടുത്തിയത്. പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള യു.എസ്. പ്രതിരോധ വിഭാഗത്തില്‍ 32 ലക്ഷം പേരാണ് ജോലിയെടുക്കുന്നത്. ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിക്കാണ് രണ്ടാം സ്ഥാനം. ചൈനയുടെ സേനയില്‍ 23 ലക്ഷം അംഗങ്ങളുണ്ട്. ബി.ബി.സി.യുടെ കണക്കനുസരിച്ച് ഇന്ത്യന്‍ റെയില്‍വേയില്‍ 14 ലക്ഷം തൊഴിലാളികളാണുള്ളത്. 13 ലക്ഷം പേര്‍ തൊഴിലെടുക്കുന്ന ഇന്ത്യന്‍ സായുധ സേന പട്ടികയില്‍ ഒമ്പതാംസ്ഥാനത്തുണ്ട്. 

അമേരിക്കയില്‍ നിന്നുള്ള ബഹുരാഷ്ട്ര ചില്ലറ വ്യാപാര ഭീമന്‍മാരായ വാള്‍മാര്‍ട്ട്, യു.എസ്. കേന്ദ്രമായുള്ള ഭക്ഷണശാലാ ശൃംഖലയായ മക്ക്‌ഡൊണാള്‍ഡ്‌സ്, ബ്രിട്ടന്റെ പൊതുമേഖലാ ആരോഗ്യ സംവിധാനമായ നാഷണല്‍ ഹെല്‍ത്ത് സര്‍വീസ്, ചൈനയുടെ എണ്ണക്കമ്പനിയായ ദേശീയ പെട്രോളിയം കോര്‍പ്പറേഷന്‍, ചൈനയിലെ പ്രധാന ഊര്‍ജോദ്പാദക സ്ഥാപനമായ സ്റ്റേറ്റ് ഗ്രിഡ് കോര്‍പ്പറേഷന്‍, ഇലക്‌ട്രോണിക്‌സ് ഉപകരണ നിര്‍മാണരംഗത്തെ ഭീമന്‍മാരായ തായ്‌വാന്‍ സ്ഥാപനം ഫോക്‌സ്‌ക്കോണ്‍ എന്നിവരാണ് ആദ്യ പത്തു സ്ഥാനങ്ങളിലുള്ള മറ്റു സ്ഥാപനങ്ങള്‍. 

Newsletter