26April2012

ആനയ്ക്കും ആര്‍സി ബുക്ക് തയ്യാര്‍!

മൂവാറ്റുപുഴ: നാട്ടിലെത്ര ആനയുണ്ട്? അവയുടെ പൊക്കമെത്ര? കാലിന്റെ വണ്ണമെത്ര? കൊമ്പിന്റെ നീളമെന്തുണ്ട്? ആരാണ് പാപ്പാന്മാര്‍? മദപ്പാട് വരുന്നതെപ്പോള്‍?...... ഇതൊക്കെയറിയാന്‍ ഇനി ആനയുടെ ആര്‍സി ബുക്ക് പരിശോധിക്കാം. വനം വകുപ്പിന്റെ നേതൃത്വത്തില്‍ നാട്ടാന പരിപാലന നിയമപ്രകാരം നാട്ടിലെ ആനകളുടെ വിവരശേഖരണം തുടങ്ങിയതോടെയാണ് ഓരോ ആനയ്ക്കും പ്രഥമവിവര പുസ്തകം

തയ്യാറാക്കിവരുന്നത്.

ഇതിന്റെ ഭാഗമായി എറണാകുളം, ഇടുക്കി ജില്ലകളിലെ ആനകളുടെ കണക്കെടുപ്പും വിവരശേഖരണവും വീട്ടൂര്‍ തടി ഡിപ്പോയില്‍ ചൊവ്വാഴ്ച നടന്നു. എറണാകുളം ജില്ലയില്‍ രണ്ട് പിടിയാനയടക്കം 37 ആനകളുണ്ടെന്നാണ് കണക്ക്. ഇടുക്കിയില്‍ 6 പിടിയാനയടക്കം 14ഉം. ഇതില്‍ എറണാകുളം ജില്ലയിലെ 25 ആനകളും ഇടുക്കിയില്‍ നിന്ന് 13 ആനകളും വീട്ടൂരിലെത്തിയിരുന്നു. ശേഷിക്കുന്നവയ്ക്ക് വിവരങ്ങള്‍ നല്‍കാന്‍ ഒരിക്കല്‍ക്കൂടി അവസരം നല്‍കുമെന്ന് മലയാറ്റൂര്‍ ഡിഎഫ്ഒ ബി.എന്‍. നാഗരാജ് അറിയിച്ചു.

ആനയ്ക്ക് മൈക്രോചിപ്പ് ഘടിപ്പിച്ചിട്ടുണ്ടോയെന്നും സര്‍ട്ടിഫിക്കറ്റ്, മറ്റ് രേഖകള്‍ എന്നിവ ഉള്ളവയാണോ എന്നും പരിശോധിച്ചു. ആനയുടെ മുന്‍പിന്‍ നിന്നും പിറകില്‍നിന്നും വശങ്ങളില്‍ നിന്നുമുള്ള ചിത്രങ്ങളും പാപ്പാന്മാരുടേയും ഉടമയുടേയും ചിത്രങ്ങളുമെടുത്ത് ഡാറ്റബുക്കില്‍ പതിപ്പിച്ചിട്ടുണ്ട്. ആനയുടെ ഉടമസ്ഥാവകാശം, ആനയെ എവിടെനിന്നു കൊണ്ടുവന്നു എന്നീ വിവരങ്ങളും ഡാറ്റബുക്കിലുണ്ടാകും.

ഈ രേഖ ആനയെ സംബന്ധിച്ച ആധികാരിക വിവരങ്ങള്‍ അടങ്ങിയതാകയാല്‍ ആനയെ കൊണ്ടുപോകുമ്പോള്‍ എപ്പോഴും കൂടെ കൊണ്ടുനടക്കണം. ഉദ്യോഗസ്ഥര്‍ക്ക് ഇവ പരിശോധിക്കാം. ഉത്സവത്തിന് ആനകളെ അനുവദിക്കുന്നതിന് ഇത് അടിസ്ഥാനരേഖയായിരിക്കും. ആനയുടെ മദപ്പാട്കാലം രേഖപ്പെടുത്തിയിരിക്കുന്നതിനാല്‍ ഈസമയത്ത് ആനയെ പൊതുആവശ്യങ്ങള്‍ക്ക് കൊണ്ടുവരുന്നതും ചികിത്സ നിഷേധിക്കുന്നതും തടയാനാകും.

ആനകളെ കൊണ്ടുപോകാവുന്ന വാഹനങ്ങള്‍ സംബന്ധിച്ച സര്‍ട്ടിഫിക്കറ്റും ഈ രേഖയുടെ ഭാഗമാണ്. അതിനാല്‍, ആനയെ കയറ്റിയിരിക്കുന്ന വാഹനം അനുവദനീയമായതാണോ എന്നും ഈ രേഖയുടെ പരിശോധനയിലൂടെ മനസ്സിലാക്കി നടപടിയെടുക്കാം.

ഡിഎഫ്ഒക്കൊപ്പം ഇടുക്കി വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ സാമ്പി വര്‍ഗീസ്, വനംവകുപ്പ് വെറ്ററിനറി ഡോക്ടര്‍മാരായ ഡോ. വി. സുനില്‍കുമാര്‍, ഡോ. ശ്രീജിത് രാധാകൃഷ്ണന്‍, കോടനാട് റേഞ്ച് ഓഫീസര്‍ ശിവപ്രസാദ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

Newsletter