05July2012

You are here: Home Sports Football ടിക്കി ടാക്ക സ്‌പെയിന്‍

ടിക്കി ടാക്ക സ്‌പെയിന്‍

ദാന്‍സ്‌ക്: ഒടുവില്‍ ലോകചാമ്പ്യന്മാര്‍ക്കുചേര്‍ന്ന പ്രകടനം സ്‌പെയിന്‍ പുറത്തെടുത്തു. മത്സരത്തിന്റെ സിംഹഭാഗവും കളി നിയന്ത്രിച്ച സ്പാനിഷ് ടീം മറുപടിയില്ലാത്ത നാലുഗോളുകള്‍ക്ക് അയര്‍ലന്‍ഡിനെ കീഴടക്കി. 

യൂറോയില്‍ ഗ്രൂപ്പ് സിയില്‍നിന്നുള്ള ക്വാര്‍ട്ടര്‍ സാധ്യത കൂടുതല്‍

സജീവമാക്കിയതിനൊപ്പം, ടൂര്‍ണമെന്റിലെ എതിരാളികള്‍ക്കുള്ള മുന്നറിയിപ്പ് കൂടയായിരുന്നു സ്‌പെയിന്റെ പ്രകടനം. നാലാം മിനിറ്റിലും 70-ാം മിനിറ്റിലും ഫെര്‍ണാണ്ടോ ടോറസും 50-ാം മിനിറ്റില്‍ ഡേവിഡ് സില്‍വ, 82-ാം മിനിറ്റില്‍ സെസ്‌ക് ഫാബ്രിഗസ് എന്നിവരുമാണ് സ്പാനിഷ് ഗോള്‍ പട്ടിക പൂര്‍ത്തിയാക്കിയത്. ഐറിഷ് ഗോളി ഷേ ഗിവണിന്റെ സേവുകളാണ് സ്‌പെയിനെ നാലുഗോളിലെങ്കിലും നിയന്ത്രിച്ചുനിര്‍ത്തിയത്. 

ഇറ്റലിക്കെതിരെ സ്‌ട്രൈക്കറില്ലാതെ കളിച്ച സ്‌പെയിന്‍, ഇക്കുറി ആദ്യ ഇലവനില്‍ത്തന്നെ ഫെര്‍ണാണ്ടോ ടോറസ്സിനെ ഇറക്കി. ഫാബ്രിഗസിന് പകരമാണ് ടോറസ് വന്നത്. ഇതിന്റെ ഫലം നാലാം മിനിറ്റില്‍ത്തന്നെ സ്‌പെയിന് ലഭിക്കുകയും ചെയ്തു. ബോക്‌സിലേക്ക് ഇനിയേസ്റ്റ നല്‍കിയ ത്രൂ പാസ് നിയന്ത്രിക്കുന്നതില്‍ ഡേവിഡ് സില്‍വ പരാജയപ്പെട്ടെങ്കിലും ഓടിയെത്തിയ ടോറസ് ഐറിഷ് ഡിഫന്‍ഡര്‍ ഡ്യൂണിന്റെ കാലില്‍നിന്ന് പന്തുതട്ടിയെടുത്ത് മുന്നേറി വലയിലേക്ക് ഷോട്ടുതിര്‍ക്കുകായിരുന്നു (1-0). കോച്ച് ബോസ്‌കിന്റെ നോണ്‍ സ്‌ട്രൈക്കര്‍ പ്ലാനെ വിമര്‍ശിച്ചവര്‍ക്ക് ആഹ്ലാദം പകര്‍ന്ന നിമിഷമായി അതുമാറി. 

ഗോള്‍ നേടിയതോടെ കളിയുടെ നിയന്ത്രണം സ്‌പെയിന്‍ ഏറ്റെടുത്തു. ഇടയ്ക്ക് ചില പ്രത്യാക്രമണങ്ങള്‍ നടത്തിയതൊഴിച്ചാല്‍, അയര്‍ലന്‍ഡിന് കാര്യമായൊന്നും ചെയ്യാനായില്ല. പ്രിയപ്പെട്ട ടിക്കി ടാക്ക ശൈലിയിലേക്ക് അനായാസം വന്ന സ്‌പെയിന്‍ കുറിയ പാസ്സുകളിലൂടെ മൈതാനം ഭരിച്ചു. ഐറിഷ് താരങ്ങളെല്ലാം ഭൂരിഭാഗം സമയവും സ്വന്തം ഹാഫില്‍ പ്രതിരോധച്ചുമതലയിലായിരുന്നു. 

രണ്ടാം പകുതിയുടെ തുടക്കത്തിലും സ്‌പെയിന്‍ കളിഭരണം തുടര്‍ന്നു. 50-ാം മിനിറ്റില്‍ ഡേവിഡ് സില്‍വയുടെ മനോഹരമായ പ്ലേസിങ് ഗോളിലൂടെ അവര്‍ മുന്നിലെത്തുകയും ചെയ്തു. ബോക്‌സിനുള്ളില്‍ ഇടതുഭാഗത്തുനിന്ന് സാവി ഇനിയേസ്റ്റയ്ക്ക് നല്‍കിയ ക്രോസാണ് ഗോളിന് വഴിയൊരുക്കിയത്. ഇനിയേസ്റ്റയുടെ ചൂടനടി ഷേ ഗിവണ്‍ തട്ടിത്തെറിപ്പിച്ചെങ്കിലും പന്തെത്തിയത് ഡേവിഡ് സില്‍വയുടെ കാലിലാണ്. മൂന്ന് ഐറിഷ് ഡിഫന്‍ഡര്‍മാര്‍ക്കിടയിലൂടെ പന്ത് വല.ിലേക്ക് പ്ലേസ് ചെയ്ത് സില്‍വ ടീമിന്റെ ലീഡുയര്‍ത്തി (2-0).

70-ാം മിനിറ്റില്‍ ടോറസ് വീണ്ടും ലീഡുയര്‍ത്തി. ഇക്കുറി ഡേവിഡ് സില്‍വ മധ്യത്തില്‍നിന്ന് നീട്ടിക്കൊടുത്ത പന്തുമായി ഒറ്റയ്ക്ക് മുന്നേറിയാണ് ടോറസ് ഗോളടിച്ചചത് (3-0). ഗോള്‍ നേടി മൂന്ന് മിനിറ്റിനുശേഷം ടോറസിനെ ഡെല്‍ ബോസ്‌ക് പിന്‍വലിച്ചു. പകരക്കാരനായി സെസ്‌ക് ഫാബ്രിഗസ് ഇറങ്ങിയതോടെ, സ്‌പെയിന്‍ വീണ്ടും ഏറെ ചര്‍ച്ച ചെയ്യപ്പെട്ട നോണ്‍ സ്‌ട്രൈക്കര്‍ പ്ലാനിലേക്ക് തിരിച്ചെത്തി. സാബി അലോണ്‍സോയക്ക് പകരം ജാവി മാര്‍ട്ടിനസും ഇനിയേസ്റ്റയ്ക്ക് പകരം സാന്റി കസോര്‍ളയുമാണ് മത്സരത്തില്‍ സെ്‌പെയിന്‍ വരുത്തിയ മറ്റ് മാറ്റങ്ങള്‍. 

83-ാം മിനിറ്റില്‍ സാവിയെടുത്ത കോര്‍ണറില്‍നിന്ന് ഗോള്‍ നേടിയ ഫാബ്രിഗസ് ടൂര്‍ണമെന്റിലെ തന്റെ ഗോള്‍ നേട്ടം രണ്ടാക്കി ഉയര്‍ത്തി. ഈ ഗോളോടെ,സ്‌ട്രൈക്കറില്ലാതെയും ഗോളടിക്കാമെന്ന് ഒരിക്കല്‍ക്കൂടി തെളിയിച്ച് ബോസ്‌കും സംഘവും കളം വിട്ടു.

Newsletter