സര്‍ക്കാരിന്റെ പിന്തുണ തേടി കൊച്ചി ടസ്‌കേഴ്‌സ് കേരള
- Last Updated on 05 February 2012
- Hits: 35
തിരുവനന്തപുരം: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കൊച്ചി ടസ്‌കേഴ്‌സ് കേരളയെ തിരിച്ചെത്തിക്കുന്നതിന് പിന്തുണ തേടി ടീമിന്റെ സഹ-പ്രൊമോട്ടര്‍മാരായ റോന്ദേവൂ സ്‌പോര്‍ട്‌സ് വേള്‍ഡ് പ്രൈവറ്റ് ലമിറ്റഡ് തിരുവനന്തപുരത്ത് സര്‍ക്കാരിനെ സമീപിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കായിക മന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍ എന്നിവരുടെ പിന്തുണ ഉറപ്പാക്കുന്നതിന് കഴിഞ്ഞ മൂന്നു ദിവസമായി അവര്‍ തിരുവനന്തപുരത്ത് ക്യാമ്പ് ചെയ്യുകയാണ്.
''ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കേരളത്തിന്റെ ആത്മാഭിമാനം സംരക്ഷിക്കുന്നതിന് ഞങ്ങളാല്‍ ആവുന്നതെല്ലാം ചെയ്യും '' -റോന്ദേവൂ പ്രതിനിധിയായ പ്രശാന്ത് മിശ്ര പറഞ്ഞു. കേരള ക്രിക്കറ്റ് അസോസിയേഷന്‍ ഭാരവാഹികളുമായും റോന്ദേവൂ ചര്‍ച്ച നടത്തി. ''ഇവിടെ ലഭിച്ച പിന്തുണ ഞങ്ങള്‍ക്ക് ആത്മവിശ്വാസം പകരുന്നു. ടീമിനെ പുനരുജ്ജീവിപ്പിച്ച് ഇവിടത്തെ ക്രിക്കറ്റ് പ്രേമികളുടെ ആത്മവിശ്വാസം ഉയര്‍ത്താന്‍ ഈ പിന്തുണ ഞങ്ങള്‍ക്ക് ശക്തിയേകും '' -കമ്പനി വക്താവ് മെഹുല്‍ മിസ്ത്രി പറഞ്ഞു.
പുതിയ സീസണിലെ ഐ.പി.എല്‍. ലേലം ശനിയാഴ്ച നടക്കുകയാണ്. ഇതില്‍ ടസ്‌കേഴ്‌സിന് ഇടം ലഭിച്ചിട്ടില്ല. ഫ്രാഞ്ചൈസി റദ്ദാക്കാനുള്ള തീരുമാനത്തിനെതിരെ വീണ്ടും കോടതിയെ സമീപിക്കുകയാണ്. ഈ പോരാട്ടത്തില്‍ കേരളത്തിലെ എല്ലാവരും പിന്തുണയ്ക്കണമെന്ന് ടീമുടമകള്‍ അഭ്യര്‍ഥിച്ചു.