ഇന്ന് ഇന്ത്യ-ഓസ്‌ട്രേലിയ
- Last Updated on 05 February 2012
- Hits: 43
മെല്‍ബണ്‍: ഓസ്‌ട്രേലിയയുമായുള്ള ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയില്‍ ഏകപക്ഷീയ തോല്‍വി(4-0) ഏറ്റുവാങ്ങിയെങ്കിലും ഞായറാഴ്ച തുടക്കം കുറിക്കുന്ന ത്രിരാഷ്ട്ര ഏകദിന ക്രിക്കറ്റ് പരമ്പരയില്‍ തലവര മാറ്റിവരയ്ക്കാമെന്ന പ്രതീക്ഷയിലാണ് ടീം ഇന്ത്യ. ശ്രീലങ്കയാണ് ടൂര്‍ണമെന്റിലെ മൂന്നാമത്തെ ടീം. ഏറ്റവുമൊടുവില്‍ ഇന്ത്യയും ഓസ്‌ട്രേലിയയും ഏകദിനത്തില്‍ മാറ്റുരച്ചത് കഴിഞ്ഞവര്‍ഷത്തെ ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലിലാണ്.
അഹമ്മദാബാദില്‍ നടന്ന മത്സരത്തില്‍ അഞ്ചു വിക്കറ്റിന് ജയിച്ച ഇന്ത്യ പിന്നീട് ലോകകപ്പ് സ്വന്തമാക്കിയാണ് കുതിപ്പ് അവസാനിപ്പിച്ചത്. അഹമ്മദാബാദ് ആവര്‍ത്തിക്കാനാണ് ഇന്ത്യ ഉറ്റുനോക്കുന്നത്. യുവാക്കള്‍ നിറഞ്ഞ സന്ദര്‍ശക നിരയ്ക്ക് അതിനുള്ള കെല്പുണ്ടെന്ന പ്രതീക്ഷയിലാണ് ഇന്ത്യന്‍ ആരാധകര്‍. നാലുവര്‍ഷത്തെ ഇടവേളക്കുശേഷം ഓസ്‌ട്രേലിയയില്‍ നടക്കുന്ന ത്രിരാഷ്ട്ര പരമ്പര കാണികളില്‍ വളരെ താല്പര്യമുണര്‍ത്തിയിട്ടുണ്ട്.
ഓസീസ് നിരയിലേക്ക് ടെസ്റ്റ് പരമ്പര കളിച്ച പ്രമുഖര്‍ തിരിച്ചെത്തുന്നതോടെ ടീം കൂടുതല്‍ കരുത്തുറ്റതാകും. ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക്ക്, മൈക്കല്‍ ഹസ്സി, മുന്‍നായകന്‍ റിക്കിപോണ്ടിങ് തുടങ്ങിയവര്‍ ടീമില്‍ മടങ്ങിയെത്തി. ഇവരാരും ട്വന്റി 20 മത്സരങ്ങള്‍ക്കുണ്ടായിരുന്നില്ല. സീനിയര്‍ ബാറ്റിങ് ത്രിമൂര്‍ത്തികളില്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍ കളിക്കുന്നുവെന്നതാണ് ഇന്ത്യന്‍ നിരയുടെ സവിശേഷത.
എം.സി.ജി. റണ്‍ പറുദീസയാവുമെന്നാണ് വിലയിരുത്തപ്പെട്ടിട്ടുള്ളത്. ബാറ്റ്‌സ്മാന്മാരെ അളവറ്റ് സഹായിക്കുന്ന പിച്ചില്‍ ബൗളര്‍മാര്‍ കുഴങ്ങും. മൂടിക്കെട്ടിയ അന്തരീക്ഷവും മഴയ്ക്കുള്ള സാധ്യതയും നിലനില്ക്കുന്നതിനാല്‍ പേസ് ബൗളര്‍മാര്‍ക്ക് ആനുകൂല്യം കിട്ടാന്‍ സാധ്യതയുണ്ട്.
നൂറാം അന്താരഷ്ട്ര സെഞ്ച്വറിയുടെ വക്കത്തുള്ള സച്ചിന്‍ തെണ്ടുല്‍ക്കറും ഏകദിന ബൗളിങ്ങില്‍ ഉജ്വല ഫോമിലുള്ള റയന്‍ ഹാരിസുമായിരിക്കും ഏറ്റവും ശ്രദ്ധയാകര്‍ഷിക്കുന്ന താരങ്ങള്‍. 99 അന്താരാഷ്ട്ര സെഞ്ച്വറികള്‍ക്കുടമയായ സച്ചിന്‍ നൂറു തികയ്ക്കുമോയെന്നാണ് ഇന്ത്യന്‍ ആരാധകര്‍ ഉറ്റുനോക്കുന്നത്. ടെസ്റ്റില്‍ നിരാശപ്പെടുത്തിയ സച്ചിന്‍ ഏകദിനത്തില്‍ പ്രായശ്ചിത്തം ചെയ്യുമെന്ന് ആരാധകര്‍ മോഹിക്കുന്നു. ഹാരിസ് 17 ഏകദിനങ്ങളില്‍ 41 വിക്കറ്റുകള്‍ നേടിയാണ് വെല്ലുവിളിയുയര്‍ത്തുന്നത്. മോശം ഫോമിലുള്ള ഷോണ്‍ മാര്‍ഷിനെ ഓസീസ് ഒഴിവാക്കി. ഇന്ത്യന്‍ നിരയില്‍ മികച്ച ഫോമിലുള്ള രവീന്ദ്ര ജഡേജയ്ക്ക് ആദ്യ ഇലവനില്‍ സ്ഥാനം കിട്ടുമോയെന്ന് ഉറപ്പില്ല. ഇര്‍ഫാന്‍ പഠാന്‍ അല്ലെങ്കില്‍ ജഡേജ - ഇവര്‍ രണ്ടുപേരില്‍ ഒരാളേ ആദ്യ ഇലവനിലുണ്ടാവൂ.
സാധ്യാത ടീം: ഇന്ത്യ - സെവാഗ്, സച്ചിന്‍ തെണ്ടുല്‍ക്കര്‍, ഗംഭീര്‍, കോലി, റെയ്‌ന, രോഹിത് ശര്‍മ, ധോനി(ക്യാപ്റ്റന്‍), ഇര്‍ഫാന്‍ പഠാന്‍/ ജഡേജ, അശ്വിന്‍, പ്രവീണ്‍കുമാര്‍, സഹീര്‍ഖാന്‍.
ഓസ്‌ട്രേലിയ: വാര്‍ണര്‍, മാത്യു വേഡ്, പോണ്ടിങ്, ക്ലാര്‍ക്ക്(ക്യാപ്റ്റന്‍), ഡേവിഡ് ഹസ്സി, മൈക്ക് ഹസ്സി, ഡാനിയല്‍ ക്രിസ്റ്റ്യന്‍, ബ്രെറ്റ് ലീ, റയന്‍ ഹാരിസ്, മിച്ചല്‍ സ്റ്റാര്‍ക്, സേവ്യര്‍ ദോഹര്‍ട്ടി.