പരിക്കേറ്റ ശ്രീശാന്തിന് ശസ്ത്രക്രിയ: തിരിച്ചുവരവ് വൈകും
- Last Updated on 03 May 2012
- Hits: 5
മുംബൈ: പരിക്കിനെ തുടര്‍ന്ന് കളിക്കളത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്ന പേസ് ബൗളര്‍ ശ്രീശാന്ത് ശസ്ത്രക്രിയക്ക് വിധേയനാകും. ഇരുകാല്വിരലിലും ശസ്ത്രക്രിയ വേണ്ടിവരുമെന്ന് ശ്രീ ട്വിറ്ററിലൂടെയാണ് അറിയിച്ചത്. ശസ്ത്രക്രിയുയും തുടര്‍ന്ന് വിശ്രമവും വേണ്ടിവരുന്നതിനാല്‍ അഞ്ച് മാസം ശ്രീക്ക് ഇനി കളിക്കളത്തിലിറങ്ങാനാകില്ല.
കഴിഞ്ഞ ആഗസ്തില്‍ ഇംഗ്ലണ്ടിനെതിരെയുള്ള ടീമില്‍ അണിനിരന്ന ശ്രീ അതിന് ശേഷം ഒരേയൊരു ഫസ്റ്റ് ക്ലാസ് മത്സരം മാത്രമാണ് കളിച്ചത്. ഡിസംബറില്‍ ശസ്ത്രക്രിയ നടത്താന്‍ ആദ്യ നിശ്ചയിച്ചിരുന്നെങ്കിലും ആയുര്‍വേദ ചികിത്സ മതിയെന്ന് ശ്രീ ആദ്യം തീരുമാനിക്കുകയായിരുന്നു.
ഓസീസിനെതിരെ ഈ വര്‍ഷം നടന്ന സി.ബി. സീരീസില്‍ കളിക്കാമെന്ന കണക്കുകൂട്ടലിലായിരുന്നു ശ്രീശാന്ത്. എന്നാല്‍ പരിക്ക് ഭേദമാകാത്തതിനെ തുടര്‍ന്ന് ടീമിലേക്ക് പരിഗണിച്ചില്ല. ഐപി.എല്ലില്‍ രാജസ്ഥാന് റോയല്‍സ് നിരയിലുള്ള ശ്രീ ടീമിനൊപ്പം ആദ്യ ഘട്ടത്തില്‍ സഞ്ചരിച്ചിരുന്നെങ്കിലും വൈകാതെ നാഷണല്‍ ക്രിക്കറ്റ അക്കാദമിയിലേക്ക് മടങ്ങി.
അക്കാദമിയിലെ ചികിത്സകളും ഫലം കാണാതെ വന്നതോടെയാണ് ശസ്ത്രക്രിയ നടത്താം എന്ന തീരുമാനത്തിലേക്ക് എത്തിയത്. റോയല്‍സ് നിരയില്‍ ശ്രീശാന്തിന് പിന്നാലെ കെവിന് കൂപ്പറും പരിക്കേറ്റ് നാട്ടിലേക്ക് മടങ്ങുന്നത് അവര്‍ക്ക് തിരിച്ചടിയായി.