2ജി കേസ് നീട്ടിയത് താനല്ലെന്ന് ജസ്റ്റിസ് ഗാംഗുലി
- Last Updated on 20 February 2012
ന്യൂഡല്‍ഹി: 2ജി സ്‌പെക്ട്രം ഇടപാടുമായി ബന്ധപ്പെട്ട കേസുകളില്‍ വിധിപ്രഖ്യാപനത്തിന് കാലതാമസമുണ്ടായതിന് കാരണക്കാരന്‍ താനല്ലെന്ന് ഇതുസംബന്ധിച്ച രണ്ടു നിര്‍ണായകവിധികള്‍ പുറപ്പെടുവിച്ച ബെഞ്ചിലുണ്ടായിരുന്ന ജസ്റ്റിസ് എ. കെ. ഗാംഗുലി വെളിപ്പെടുത്തി. ബെഞ്ചില്‍
തന്നേക്കാള്‍ സീനിയറായ ജസ്റ്റിസ് ജി.എസ്. സാങ്‌വിയാണ് വിധി നീട്ടിയതെന്നും കാലതാമസം മനഃപൂര്‍വമാണെന്നു കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
2ജി കേസുകള്‍ പരിഗണിച്ചിരുന്ന ജസ്റ്റിസ് ഗാംഗുലി ഫിബ്രവരി രണ്ടിനാണ് വിരമിച്ചത്. സി.എന്‍.എന്‍.-ഐ. ബി.എന്‍. ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം തന്റെ അസംതൃപ്തി തുറന്നടിച്ചത്. തനിക്കൊപ്പം കേസുപരിഗണിച്ച ബെഞ്ചിലെ പരിണിതപ്രജ്ഞനായ സീനിയര്‍ ജഡ്ജി സാങ്‌വിയാണ് വിധി പറയാതെ നീട്ടിക്കൊണ്ടുപോയത്. തനിക്ക് അവകാശമുണ്ടായിരുന്നുവെങ്കില്‍ ഈ കേസുകളില്‍ പണ്ടേതന്നെ വിധി പ്രഖ്യാപിക്കുമായിരുന്നു. ഭീമമായ സമ്മര്‍ദങ്ങള്‍ കേസു നീട്ടിവെക്കുന്നതിന് കാരണമായിട്ടുണ്ടാകാം-ഗാംഗുലി പറഞ്ഞു. മുന്‍ ടെലികോം മന്ത്രി എ.രാജയെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതി നല്‍കല്‍, 122 2ജി ലൈസന്‍സുകള്‍ റദ്ദാക്കല്‍ എന്നിവയായിരുന്നു ഗാംഗുലി ഉള്‍പ്പെട്ട ബെഞ്ചിന്റെ നിര്‍ണായക വിധികള്‍.
തന്റെ വിരമിക്കലിന് മുമ്പുതന്നെ വിധിപ്രഖ്യാപിക്കാന്‍ നിശ്ചയിച്ചിരുന്നുവെന്നും ഇല്ലായിരുന്നുവെങ്കില്‍ വലിയ സമയനഷ്ടം ഉണ്ടാവുമായിരുന്നുവെന്നും ജസ്റ്റിസ് ഗാംഗുലി പറഞ്ഞു. സുപ്രീംകോടതി ജഡ്ജിമാര്‍ക്ക് മേല്‍ വന്‍തോതിലുള്ള സമ്മര്‍ദമുണ്ട്. എന്നാല്‍ കാലതാമസം മനഃപൂര്‍വമല്ലെന്ന് തനിക്കുറപ്പുണ്ട്. തന്റെ പതിനെട്ട് വര്‍ഷത്തെ സേവനകാലയളവില്‍ ഒറ്റക്കേസും വിധി പറയാതെ നീട്ടിക്കൊണ്ടുപോയിട്ടില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.