യു.പി. നാലാം ഘട്ടത്തില്‍ 57 ശതമാനം പോളിങ്
- Last Updated on 20 February 2012
ലഖ്‌നൗ: ഉത്തര്‍പ്രദേശ് നിയമസഭയിലേക്ക് നടന്ന നാലാംഘട്ടം വോട്ടെടുപ്പില്‍ 57 ശതമാനം പേര്‍ സമ്മതിദാനാവകാശം രേഖപ്പെടുത്തി. 11 ജില്ലകളിലായി 56 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് ഞായറാഴ്ച തിരഞ്ഞെടുപ്പ് നടന്നത്. 967 സ്ഥാനാര്‍ഥികളായിരുന്നു മത്സരരംഗത്തുണ്ടായിരുന്നത്.
ഏഴ് ഘട്ടങ്ങളായാണ് ഉത്തര്‍പ്രദേശില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. 170 മണ്ഡലങ്ങളിലേക്ക് നേരത്തേ തിരഞ്ഞെടുപ്പ് നടന്നിരുന്നു.
റായ്ബറേലി, ഫറൂക്കാബാദ് എന്നിവിടങ്ങളില്‍ ചെറിയ അക്രമസംഭവങ്ങളുണ്ടായതൊഴിച്ചാല്‍ വോട്ടെടുപ്പ് പൊതുവെ സമാധാനപരമായിരുന്നു. സുരക്ഷ കര്‍ശനമാക്കിയതിന്റെ ഭാഗമായി 760 കമ്പനി സൈനികരെ വിവിധ മണ്ഡലങ്ങളില്‍ വിന്ന്യസിച്ചിരുന്നു.
ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ബി.എല്‍. ജോഷി, മുഖ്യമന്ത്രി മായാവതി, ബി.ജെ.പി. മുന്‍ ദേശീയ പ്രസിഡന്റ് രാജ്‌നാഥ് സിങ്, മറ്റൊരു ബി.ജെ.പി. നേതാവും സ്ഥാനാര്‍ഥിയുമായ ഉമാ ഭാരതി, യു.പി കോണ്‍ഗ്രസ് പ്രസിഡന്റ് റിത ബഹുഗുണജോഷി, ബി.ജെ.പി ദേശീയ വൈസ് പ്രസിഡന്റ് കല്‍രാജ് മിശ്ര തുടങ്ങിയവര്‍ വിവിധ ബൂത്തുകളില്‍ വോട്ട് രേഖപ്പെടുത്തി. കല്‍രാജ് മിശ്ര, റിത ബഹുഗുണ ജോഷി, എന്നിവരെക്കൂടാതെ കോണ്‍ഗ്രസ് നേതാവ് പ്രമോദ് തിവാരി, കേന്ദ്രമന്ത്രി സല്‍മാന്‍ ഖുര്‍ഷിദിന്റെ ഭാര്യ ലൂയിസ് ഖുര്‍ഷിദ്, തുടങ്ങിയവരാണ് നാലാംഘട്ടത്തില്‍ ജനവിധി തേടിയ പ്രമുഖര്‍.