സി.പി.എം. സെക്രട്ടറിമാരുടെ കാലാവധി നാലുതവണ
- Last Updated on 15 February 2012
ന്യൂഡല്‍ഹി: സി.പി.എം. ജനറല്‍ സെക്രട്ടറിയുടെയും സംസ്ഥാനസെക്രട്ടറിമാരുടെയും കാലാവധി പരമാവധി നാലുതവണയായി നിജപ്പെടുത്തുന്ന ഭരണഘടനാഭേദഗതി ഏപ്രില്‍ നാലിന് കോഴിക്കോട്ട് ചേരുന്ന പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ അവതരിപ്പിക്കും. കൊല്‍ക്കത്തയില്‍ ചേര്‍ന്ന പാര്‍ട്ടി
കേന്ദ്രക്കമ്മിറ്റി അംഗീകരിച്ചതാണിത്.
സി.പി.എം. ഭരണഘടനയുടെ 15-ാം വകുപ്പില്‍ 15-ാമതായി കൂട്ടിച്ചേര്‍ക്കുന്ന ഭേദഗതി ഇതാണ് : ജനറല്‍സെക്രട്ടറിയായി ഒരു വ്യക്തിക്കും മൂന്നു പൂര്‍ണകാലാവധിയിലധികം തുടരാന്‍ കഴിയുകയില്ല. ഒരു പൂര്‍ണകാലാവധി എന്നു പറയുന്നത് രണ്ടു പാര്‍ട്ടി കോണ്‍ഗ്രസ്സുകള്‍ക്കിടയിലുള്ള സമയമാണ്. (സാധാരണഗതിയില്‍ മൂന്നുകൊല്ലത്തെ ഇടവേളയാണ് പാര്‍ട്ടി കോണ്‍ഗ്രസ്സുകള്‍ തമ്മിലുള്ളത്). പ്രത്യേക സാഹചര്യത്തില്‍, കേന്ദ്രക്കമ്മിറ്റിയുടെ നാലില്‍ മൂന്നുഭാഗം പേര്‍ തീരുമാനിച്ചാല്‍ ജനറല്‍സെക്രട്ടറിക്ക് നാലാംതവണകുടി തുടരാം. പക്ഷേ, ഒരുകാരണവശാലും നാലിലധികം തവണ ഒരാള്‍ തിരഞ്ഞെടുക്കപ്പെട്ടുകൂടാ.
ഭരണഘടനയുടെ 16-ാം വകുപ്പില്‍, നാലാമതായി കൂട്ടിച്ചേര്‍ക്കുന്നത് ഇതാണ്: പാര്‍ട്ടി സംസ്ഥാന, ജില്ലാതല, ഏരിയ, ലോക്കല്‍കമ്മിറ്റികളുടെ സെക്രട്ടറിയായി ഒരാള്‍ക്ക് മൂന്ന് പൂര്‍ണ കാലാവധിക്കപ്പുറം തുടരാന്‍ കഴിയില്ല. പ്രത്യേക സാഹചര്യത്തില്‍ മൂന്നുതവണ സെക്രട്ടറിയായി ഒരാള്‍ നാലാമതും തിരഞ്ഞെടുക്കപ്പെടാം. അതിന് അതത് കമ്മിറ്റി നാലില്‍മൂന്ന് ഭൂരിപക്ഷത്തോടെ ആവശ്യപ്പെടുകയും സംസ്ഥാനക്കമ്മിറ്റി അംഗീകരിക്കുകയും ചെയ്യണം. സംസ്ഥാനസെക്രട്ടറിയുടെ കാര്യത്തില്‍ അത് കേന്ദ്രക്കമ്മിറ്റി അംഗീകരിക്കണം. പക്ഷേ, ഒരു കാരണവശാലും നാലിലധികംതവണ ഒരാള്‍ ഈ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെടാന്‍ പാടില്ല.
എന്നാല്‍, കോഴിക്കോട്ടു നടക്കുന്ന പാര്‍ട്ടികോണ്‍ഗ്രസ് അംഗീകരിച്ചശേഷമേ ഭരണഘടനാഭേദഗതി നിലവില്‍ വരൂ. ഇതിന് മുന്‍കാലപ്രാബല്യമുണ്ടായിരിക്കുകയില്ല.ഇതിനുമുമ്പ്, സെക്രട്ടറിമാരുടെ കാലാവധി മൂന്നുവര്‍ഷമായി നിജപ്പെടുത്താന്‍ ഒരു കേന്ദ്രക്കമ്മിറ്റിയോഗം തീരുമാനിച്ചിരുന്നു. പാര്‍ട്ടി ജനറല്‍സെക്രട്ടറിതന്നെ ഈ തീരുമാനം പത്രസമ്മേളനത്തില്‍ പറയുകയും ചെയ്തിരുന്നു. ഇതിനുശേഷമാണ് കേരളത്തിലെ സംഘടനാതിരഞ്ഞെടുപ്പുകള്‍ പൂര്‍ത്തിയായത്.
കേരളത്തില്‍ പാര്‍ട്ടിസെക്രട്ടറി പിണറായി വിജയന്‍ നാലാംതവണയാണ് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടത്. ഇടുക്കി ജില്ലാസെക്രട്ടറി എം.എം. മണി എട്ടാംതവണയാണ് സെക്രട്ടറിസ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. കൊല്ലം ജില്ലാസെക്രട്ടറി കെ.രാജഗോപാല്‍ അഞ്ചാംതവണയാണ് സെക്രട്ടറിയായത്. പത്തനംതിട്ട ജില്ലാസെക്രട്ടറി അഡ്വ. അനന്തഗോപന്‍ നാലാംതവണയും സെക്രട്ടറിയായി. പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് രണ്ട് ഊഴം മാത്രമേ പൂര്‍ത്തിയാക്കിയിട്ടുള്ളു. 2005-ലും 2008-ലുമാണ് കാരാട്ട് തിരഞ്ഞെടുക്കപ്പെട്ടത്.
പാര്‍ട്ടി കോണ്‍ഗ്രസ്സിനു മുമ്പ് കേന്ദ്രക്കമ്മിറ്റി രണ്ടുതവണ യോഗം ചേരും. മാര്‍ച്ചില്‍ ചേരുന്ന കേന്ദ്രക്കമ്മിറ്റി സംഘടനാപ്രമേയങ്ങള്‍ അംഗീകരിക്കേണ്ടതുണ്ട്. പാര്‍ട്ടികോണ്‍ഗ്രസ്സിന് തൊട്ടുമുമ്പും കേന്ദ്രക്കമ്മിറ്റി ചേരും. എന്നാല്‍ ഏപ്രില്‍ ഒമ്പതിന്, പാര്‍ട്ടി കോണ്‍ഗ്രസ് നടന്നുകൊണ്ടിരിക്കേ ചേരുന്ന കേന്ദ്രക്കമ്മിറ്റിയാണ് നിര്‍ണായകമാവുക. നേതൃപാടവവും ബഹുജനങ്ങളോട് ബന്ധവുമുള്ളവരെ നേതൃപദവികളിലേക്ക് നിര്‍ദേശിക്കുന്നത് ഈ കേന്ദ്രക്കമ്മിറ്റി ആയിരിക്കും.