17February2012

Breaking News
മന്ത്രി ബേനിപ്രസാദും തിരഞ്ഞെടുപ്പുകമ്മീഷനെ വെല്ലുവിളിച്ച് രംഗത്തെത്തി

കപ്പലില്‍നിന്ന് വെടിവെപ്പ്: ഇറ്റലി സ്ഥാനപതിയെ വിളിച്ചുവരുത്തി

ന്യൂഡല്‍ഹി: ഇറ്റാലിയന്‍ ചരക്ക് കപ്പലിലെ സുരക്ഷാ ഉദ്യോഗസ്ഥരുടെ വെടിയേറ്റ് രണ്ട് മത്സ്യത്തൊഴിലാളികള്‍ മരിക്കാനിടയായ സംഭവത്തില്‍ പ്രതിഷേധം അറിയിക്കാന്‍ ഇന്ത്യയിലെ ഇറ്റലി സ്ഥാനപതിയെ വിദേശകാര്യ മന്ത്രാലയം വിളിച്ചുവരുത്തി. ക്യാപ്റ്റന്‍ അടക്കമുള്ള ജീവനക്കാര്‍ അന്വേഷണ

ഉദ്യോഗസ്ഥരുമായി സഹകരിക്കണമെന്ന് വിദേശകാര്യ മന്ത്രാലയ സെക്രട്ടറി എം.ഗണപതി ഇറ്റലി സ്ഥാനപതിയോട് ആവശ്യപ്പെട്ടു.

കപ്പല്‍ ജീവനക്കാര്‍ രാജ്യാന്തര നിയമങ്ങള്‍ ലംഘിച്ചിട്ടില്ലെന്ന് ഇറ്റലി സ്ഥാനപതി അവകാശപ്പെട്ടു. കടല്‍ക്കൊള്ളക്കാരെന്ന് തെറ്റിദ്ധരിച്ചാണ് വെടിവെപ്പ് നടത്തിയത്. മുന്നറിയിപ്പ് നല്‍കിയിട്ടും മത്സ്യത്തൊഴിലാളികള്‍ ബോട്ടിനുനേരെ വന്നു. തുടര്‍ന്നാണ് വെടിവച്ചതെന്ന് അംബാസഡര്‍ വിശദീകരിച്ചു. എന്നാല്‍ വെടിവെക്കുന്നതിന് മുന്‍പ് ഇന്ത്യന്‍ നാവികസേനയെ വിവരം അറിയിക്കേണ്ടിയിരുന്നുവെന്ന് വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടി.

സംഭവത്തെക്കുറിച്ച് വ്യക്തമായ വിവരങ്ങള്‍ ലഭിച്ചിട്ടില്ലെന്ന് ഇറ്റലി സ്ഥാനപതി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ഇന്ത്യന്‍ അധികൃതര്‍ നടത്തുന്ന അന്വേഷണത്തോട് പൂര്‍ണ്ണമായി സഹകരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബുധനാഴ്ച വൈകീട്ടാണ് ഇറ്റാലിയന്‍ കപ്പലില്‍നിന്ന് വെടിയേറ്റ് രണ്ട് മത്സ്യത്തൊഴിലാളികള്‍ മരിച്ചത്. ആലപ്പുഴ തീരത്തുനിന്നും 14 നോട്ടിക്കല്‍ മൈല്‍ അകലെ ഉള്‍ക്കടലില്‍ ആയിരുന്നു വെടിവെപ്പ്. സംഭവത്തെ തുടര്‍ന്ന് കപ്പല്‍ കൊച്ചിയിലെത്തിക്കാന്‍ നാവികസേന നിര്‍ദ്ദേശം നല്‍കി. പോലീസ് കസ്റ്റഡിയിലെടുത്ത കപ്പല്‍ ജീവനക്കാരെ ചോദ്യംചെയ്തു വരികയാണ്.

Newsletter