ഗീലാനിയെ ഡല്‍ഹി പോലീസ് ചോദ്യംചെയേ്തക്കും
- Last Updated on 03 March 2012
ന്യൂഡല്‍ഹി: ലഷ്‌കര്‍ ഇ-തൊയ്ബ ഭീകരന് വിസയ്ക്ക് ശുപാര്‍ശചെയ്ത കേസില്‍ ഹുറിയത്ത് നേതാവ് സയ്യദ് അലിഷാ ഗീലാനിയെ ഡല്‍ഹി പോലീസ് ചോദ്യംചെയേ്തക്കും. ഡല്‍ഹിയില്‍ സ്‌ഫോടനം നടത്താന്‍ ഭീകരന്‍ പദ്ധതിയിട്ടിരുന്നു -കേന്ദ്ര ആഭ്യന്തരസെക്രട്ടറി ആര്‍.കെ. സിങ് പറഞ്ഞു.
കേസില്‍ ഗീലാനിയെ ചോദ്യംചെയ്യുമോയെന്നു ചോദിച്ചപ്പോള്‍ അന്വേഷണത്തിനിടെ ആവശ്യമെങ്കില്‍ ഉണ്ടാവുമെന്നായിരുന്നു ആഭ്യന്തരസെക്രട്ടറിയുടെ മറുപടി. ഡല്‍ഹിയില്‍ സ്‌ഫോടനം നടത്താന്‍ പദ്ധതിയിട്ട കേസില്‍ ഇരുപത്തിനാലുകാരനായ അത്തേശാം മാലിക്കാണ് അറസ്റ്റിലായത്. ഇയാള്‍ക്ക് പാകിസ്താനിലേക്ക് വിസ ലഭിക്കാനായി ഗീലാനി ശുപാര്‍ശക്കത്ത് നല്‍കിയെന്നാണ് ആരോപണം. ഭീകരന്റെ പക്കല്‍നിന്നും പിടിച്ചെടുത്ത രേഖകളില്‍ ഈ കത്തുമുണ്ടെന്നാണ് പോലീസ് പറയുന്നത്.
മാലിക്ക് 2011 ഡിസംബറില്‍ പാകിസ്താനില്‍ പരിശീലനം നേടിയിരുന്നതായി പോലീസ് പറഞ്ഞു. സ്‌ഫോടകവസ്തുക്കളില്‍ ഉപയോഗിക്കുന്ന ഫ്ലാഷ് പൗഡര്‍, സള്‍ഫ്യൂറിക് ആസിഡ് തുടങ്ങിയവ ഇയാളില്‍നിന്ന് കണ്ടെടുത്തു. ലബോറട്ടറി ടെക്‌നീഷ്യനായ മാലിക്കിനെ 2007 ല്‍ മറ്റു രണ്ടുപേര്‍ക്കൊപ്പം ജമ്മുകശ്മീരില്‍ അറസ്റ്റുചെയ്തിരുന്നു. ലഷ്‌കര്‍ സംഘടനയുമായി ബന്ധമുണ്ടെന്നുള്ള സംശയത്തെത്തുടര്‍ന്നായിരുന്നു അറസ്റ്റ്. മാലിക്കിന് ഗീലാനി ശുപാര്‍ശക്കത്ത് നല്‍കിയ കേസിനെക്കുറിച്ച് അറിയില്ലെന്ന് അദ്ദേഹത്തിന്റെ വക്താവ് മാധ്യമപ്രവര്‍ത്തകരോട് വിശദീകരിച്ചു. സാധാരണരീതിയില്‍ കശ്മീരിയായ ആരെങ്കിലും സമീപിച്ചാല്‍ ഗീലാനി ശുപാര്‍ശക്കത്ത് നല്‍കാറുണ്ട്. അത് ദുരുദ്ദേശപരമല്ല. എന്നാല്‍ ഇങ്ങനെ വരുന്നവരുടെ ഉദ്ദേശ്യശുദ്ധി എങ്ങനെ തിരിച്ചറിയാന്‍ കഴിയുമെന്നും വക്താവ് ചോദിച്ചു.