ഇറ്റാലിയന്‍ കപ്പലിലെ വി.ഡി.ആറില്‍ നിന്നും വിവരം കിട്ടിയില്ല
- Last Updated on 04 March 2012
- Hits: 3
കൊച്ചി: രണ്ട് മത്സ്യത്തൊഴിലാളികളെ വെടിവെച്ച് കൊന്ന സംഭവത്തില്‍ ഉള്‍പ്പെട്ട ഇറ്റാലിയന്‍ കപ്പല്‍ എന്റിക ലെക്‌സിയിലെ പ്രധാനവിവര കേന്ദ്രമായ വോയേജ് ഡാറ്റാ റെക്കോര്‍ഡറില്‍ (വി.ഡി.ആര്‍) നിന്നും വിവരങ്ങള്‍ അന്വേഷകര്‍ക്ക് ലഭിച്ചില്ല.വിവരങ്ങള്‍ ഉപകരണത്തില്‍ ശേഖരിക്കപ്പെട്ടിട്ടില്ലെന്നാണ് പരിശോധന നടത്തിയ മര്‍ക്കന്‍ൈറന്‍ മറൈന്‍ വിഭാഗത്തിന് ലഭിച്ച വിവരം. എന്നാല്‍ ഇതില്ലെങ്കിലും മറ്റ് ഉപകരണങ്ങളുടെയും
രേഖകളുടെയും പരിശോധനയില്‍ നിന്നും ലഭിക്കുന്ന വിവരം അന്വേഷണത്തിന് സഹായകരമാകുമെന്ന നിലപാടിലാണ് അധികൃതര്‍.
വിമാനത്തിലെ ബ്‌ളാക്ക് ബോക്‌സിന് സമാനമായ ഉപകരണമാണ് കപ്പലില്‍ വി.ഡി.ആര്‍. കപ്പല്‍ എവിടെയാണെന്നും നിശ്ചിത സമയം എന്തെല്ലാം നടന്നുവെന്നും വ്യക്തമാക്കുന്ന ഉപകരണമാണിത്.ഇതില്‍ നിന്നുള്ള വിവരങ്ങള്‍ പരിശോധിച്ചാല്‍ കപ്പലില്‍ സംഭവിച്ച കാര്യങ്ങള്‍ ശാസ്ത്രീയമായി വ്യക്തമാകും.ഇറ്റാലിയന്‍ കപ്പലില്‍ , ഇതിലെ പ്രത്യേകസംവിധാനം ആക്ടിവേറ്റ് ചെയ്യാത്തതിനാല്‍ സംഭവം നടന്ന സമയത്തെ വിവരങ്ങള്‍ ശേഖരിച്ചിട്ടില്ല.ആക്ടിവേറ്റ് ചെയ്യാത്ത പക്ഷം 12 മണിക്കൂറിന് മുമ്പ് നടന്ന വിവരങ്ങള്‍ മാഞ്ഞുപോകും.എന്നാല്‍ ആധുനിക ഇനം വി.ഡി.ആറില്‍ 40 മണിക്കൂറോളം നേരത്തെ വിവരങ്ങള്‍ വരെ ശേഖരിക്കാനാവും.കപ്പലില്‍ നിന്ന് വെടിവെയ്പ് നടന്ന വിവരം അറിയാത്തതിനാല്‍ ഇത് ആക്ടിവേറ്റ് ചെയ്തില്ലെന്നാണ് ക്യാപ്റ്റന്‍ ഉംബര്‍ട്ടോ വിറ്റെല്ലോ അന്വേഷകരോട് വ്യക്തമാക്കിയതെന്നാണ് സൂചന.വെടിവെയ്പ് നടന്ന ശേഷം വളരെ വൈകിയാണ് വിവരം ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ കപ്പല്‍ അധികൃതര്‍ അറിയിച്ചതും.
കപ്പല്‍ കസ്റ്റഡിയില്‍ ആയി വളരെ കഴിഞ്ഞാണ് നിര്‍ണായകമായ വി.ഡി.ആര്‍ പരിശോധന ഉണ്ടാകുന്നത്.കപ്പലില്‍ നിന്നും ആയുധങ്ങളും മറ്റും പിടിച്ചെടുക്കുന്നതിനും പരിശോധന നടത്തുന്നതിനും മുമ്പേ തന്നെ വളരെ പെട്ടെന്ന് വി.ഡി.ആര്‍ പരിശോധന നടത്തേണ്ടതായിരുന്നുവെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.എന്റിക ലെക്‌സി ഇപ്പോഴും കൊച്ചിയിലെ പുറംകടലില്‍ കനത്ത സുരക്ഷയോടെ പോലീസ് കസ്റ്റഡിയില്‍ ആണ്.