യു.പിയിലും ഗോവയിലും വോട്ടെടുപ്പ് ആരംഭിച്ചു
- Last Updated on 03 March 2012
ലഖ്‌നൗ: ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഏഴാമത്തെയും അവസാനത്തയും ഘട്ടം പോളിങ് തുടങ്ങി. രാവിലെ ഏഴ് മണി മുതലാണ് പോളിങ് ആരംഭിച്ചത്. നാല്‍പ്പതംഗ ഗോവ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പും രാവിലെ ആരംഭിച്ചു.
വോട്ടെടുപ്പ് നിരീക്ഷണസംവിധാനം പൂര്‍ണമായും സ്വീകരിച്ച ആദ്യ നിയമസഭാ തിരഞ്ഞെടുപ്പാണ് ഗോവയിലേത്. ഈ സംവിധാനം അനുസരിച്ച് എല്ലാ വോട്ടര്‍മാരുടെയും ഫോട്ടോയും വിരലടയാളവും കമ്പ്യൂട്ടറില്‍ പകര്‍ത്തും. 10.25 ലക്ഷം വോട്ടര്‍മാരാണ് സംസ്ഥാനത്തെ 215 സ്ഥാനാര്‍ഥികളുടെ വിധി നിശ്ചയിക്കുക. ഭരണകക്ഷിയായ കോണ്‍ഗ്രസ്- എന്‍.സി.പി. സഖ്യവും പ്രതിപക്ഷ ബി.ജെ.പി.-എം.ജി.പിയും തമ്മിലാണ് പ്രധാന മത്സരമെങ്കിലും സംസ്ഥാനത്ത് അരങ്ങേറ്റം കുറിച്ച തൃണമൂല്‍ കോണ്‍ഗ്രസ് ചില മണ്ഡലങ്ങളിലെങ്കിലും അത്ഭുതങ്ങള്‍ സൃഷ്ടിച്ചേക്കാമെന്ന് നിരീക്ഷകര്‍ കരുതുന്നു. വിമതശല്യമാണ് കോണ്‍ഗ്രസ് നേരിടുന്ന പ്രധാന വെല്ലുവിളി. പാര്‍ട്ടി ടിക്കറ്റ് കിട്ടാത്ത പല കോണ്‍ഗ്രസ് നേതാക്കളും സ്വതന്ത്രരായി മത്സരരംഗത്തുണ്ട്.
മുഖ്യമന്ത്രി ദിഗംബര്‍ കാമത്ത് മഡ്ഗാവ് മണ്ഡലത്തില്‍ നിന്ന് ജനവിധി തേടുമ്പോള്‍ പ്രതിപക്ഷനേതാവ് മനോഹര്‍ പരീക്കര്‍ പനാജിയില്‍ വീണ്ടും മത്സരിക്കുന്നു. ഉത്തര്‍പ്രദേശിലെ 16 ജില്ലകളിലാണ് അവസാനഘട്ടത്തില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. 2007-ലെ തിരഞ്ഞെടുപ്പില്‍ മേഖലയിലെ 57 സീറ്റുകളില്‍ 27 ഉം ബി.എസ്.പി. നേടിയപ്പോള്‍ സമാജ്‌വാദി പാര്‍ട്ടിക്ക് 17 സീറ്റാണ് ലഭിച്ചത്. എന്നാല്‍ 211 റാലികളിലും ഒട്ടേറെ റോഡ്‌ഷോകളിലും പങ്കെടുത്ത് പാര്‍ട്ടി ജനറല്‍സെക്രട്ടറി രാഹുല്‍ഗാന്ധി നടത്തിയ പ്രചാരണത്തിലാണ് കോണ്‍ഗ്രസ്സുകാര്‍ ഇത്തവണ പ്രതീക്ഷയര്‍പ്പിക്കുന്നത്.
ഉത്തര്‍ പ്രദേശില്‍ 60 സീറ്റുകളിലേയ്ക്കാണ് ശനിയാഴ്ച വോട്ടെടുപ്പ് നടക്കുന്നത്. 100 വനിതകള്‍ ഉള്‍പ്പടെ 962 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്. 1.82 കോടി വോട്ടര്‍മാരാണ് വോട്ട് ചെയ്യാനുള്ളത്. വോട്ടെടുപ്പിനോട് അനുബന്ധിച്ച് സംസ്ഥാനത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്.
എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ഇന്ന് രാത്രിയോടെ പുറത്തുവരും. വോട്ടെണ്ണല്‍ ആറാം തീയതിയാണ്.