04March2012

You are here: Home National ആന്റണിയുടെ ഓഫീസില്‍ നിന്നും വിവരങ്ങള്‍ ചോര്‍ത്താന്‍ ശ്രമം

ആന്റണിയുടെ ഓഫീസില്‍ നിന്നും വിവരങ്ങള്‍ ചോര്‍ത്താന്‍ ശ്രമം

ന്യൂഡല്‍ഹി: കേന്ദ്ര പ്രതിരോധമന്ത്രി എ.കെ.ആന്റണിയുടെ ഓഫീസില്‍ നിന്നും രഹസ്യ വിവരങ്ങള്‍ ചോര്‍ത്താന്‍ ശ്രമം. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഇന്റലിജന്‍സ് ബ്യൂറോയ്ക്ക് പ്രതിരോധ മന്ത്രാലയം നിര്‍ദ്ദേശം നല്‍കി. ഫിബ്രവരി 16നാണ് വിവരങ്ങള്‍ ചോര്‍ത്താനുള്ള ശ്രമം അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടത്. പ്രതിരോധ മന്ത്രാലയ സെക്രട്ടറി ശശികാന്ത് ശര്‍മ്മ ഉടന്‍ തന്നെ അന്വേഷണത്തിന് ഉത്തരവിട്ടു.

ആന്റണിയുടെ ഓഫീസിലെ ടെലിഫോണ്‍ ലൈനുകള്‍ നന്നാക്കാനെത്തിയ രണ്ട് സൈനിക ഉദ്യോഗസ്ഥരാണ് സംഭവം അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. പ്രതിരോധ മന്ത്രാലയവും കരസേനയും തമ്മിലുള്ള ഭിന്നതകള്‍ അവസാനിച്ചതിന് തൊട്ടുപിന്നാലെയാണ് സംഭവം. കരസേനാ മേധാവി ജനറല്‍ വി.കെ.സിങ്ങിന്റെ പ്രായം സംബന്ധിച്ച പ്രശ്‌നത്തില്‍ സുപ്രീം കോടതി ഇടപെട്ടതിനെ തുടര്‍ന്നാണ് ഭിന്നത അവസാനിച്ചത്. 

സംഭവത്തെക്കുറിച്ച് കരസേന ഇതുവരെ പ്രതികരിച്ചിട്ടില്ല. പോയ വര്‍ഷം ധനമന്ത്രി പ്രണബ് മുഖര്‍ജിയുടെ ഓഫീസിലും സമാനമായ സംഭവം നടന്നിരുന്നു. രഹസ്യ വിവരങ്ങള്‍ ചോര്‍ത്തുന്നതിനുള്ള ഉപകരണങ്ങള്‍ എന്ന് സംശയിക്കുന്നവ അവിടെനിന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ധനകാര്യ മന്ത്രാലയം അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു.

Newsletter