അഭിഭാഷകരുടെ അക്രമം;ഒമ്പത് പേരുടെ നില ഗുരുതരം
- Last Updated on 03 March 2012
ബാംഗ്ലൂര്‍: മുന്‍മന്ത്രി ജി. ജനാര്‍ദനറെഡ്ഡിയെ സി.ബി.ഐ. കോടതിയില്‍ ഹാജരാക്കുന്നതിനിടെ മാധ്യമപ്രവര്‍ത്തകര്‍ക്കു നേരേ അഭിഭാഷകരുടെ കല്ലേറ്. കല്ലേറ് അക്രമാസക്തമായപ്പോള്‍ പോലീസ് കണ്ണീര്‍വാതക പ്രയോഗവും ലാത്തിച്ചാര്‍ജും നടത്തി. സംഭവത്തില്‍ സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ടു.
വെള്ളിയാഴ്ച സിറ്റി സിവില്‍ കോടതിക്കുമുന്നില്‍ ആറു മണിക്കൂറോളം തെരുവുയുദ്ധമായിരുന്നു. കല്ലേറില്‍ പരിക്കേറ്റ മുപ്പതോളം പേരെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ മാധ്യമപ്രവര്‍ത്തകരടക്കം ഒമ്പതുപേരുടെ നില ഗുരുതരമാണ്.
കല്ലേറില്‍ പോലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ രമേഷിനും പരിക്കുണ്ട്. പോലീസ് ജീപ്പടക്കം പത്തോളം വാഹനങ്ങള്‍ അക്രമികള്‍ കത്തിച്ചു. മാധ്യമങ്ങളുടെ ഒ.ബി. വാന്‍ അടക്കം ഒട്ടേറെ വാഹനങ്ങള്‍ അടിച്ചുതകര്‍ത്തു.
അനധികൃത ഇരുമ്പയിര് ഖനനക്കേസില്‍ ജയിലില്‍ കഴിയുന്ന മുന്‍ കര്‍ണാടക മന്ത്രി ജി. ജനാര്‍ദനറെഡ്ഡിയെ സി.ബി.ഐ. കോടതിയില്‍ ഹാജരാക്കുന്നതിനിടെ 11 മണിയോടെയാണ് അക്രമങ്ങളുടെ തുടക്കം. ഹൈദരാബാദിലെ ചഞ്ചലഗുഡ ജയിലില്‍നിന്ന് കനത്ത പോലീസ് സന്നാഹത്തോടെയാണ് ജനാര്‍
ദനറെഡ്ഡിയെ ബാംഗ്ലൂരിലെ സിവില്‍കോടതി സമുച്ചയത്തിലുള്ള സി.ബി.ഐ. കോടതിയില്‍ ഹാജരാക്കിയത്.
റെഡ്ഡിയെ ഹാജരാക്കുന്നത് മാധ്യമപ്രവര്‍ത്തകര്‍ ക്യാമറയില്‍ പകര്‍ത്തിയപ്പോള്‍ ഇത് അഭിഭാഷകര്‍ തടഞ്ഞു. ഉന്തും തള്ളുമായപ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ക്കുനേരേ അഭിഭാഷകര്‍ കല്ലെറിഞ്ഞു. തുടര്‍ന്ന് നടന്ന വാക്തര്‍ക്കത്തിനിടയില്‍ ഇവര്‍ അക്രമം അഴിച്ചുവിടുകയായിരുന്നു. കോടതി കെട്ടിടത്തിന് മുകളില്‍ കയറി കല്ലെറിഞ്ഞ അഭിഭാഷകര്‍ ഇരുമ്പുകസേരകള്‍ എടുത്തെറിഞ്ഞു. ഇരുമ്പുകസേര ദേഹത്ത് വീണ് പലര്‍ക്കും പരിക്കേറ്റു.
സംഭവസ്ഥലത്തെത്തിയ പോലീസ് കണ്ണീര്‍വാതകം പ്രയോഗിച്ച് ലാത്തിച്ചാര്‍ജ് നടത്തി. ഇതിനിടയിലും അഭിഭാഷകരുടെ കല്ലേറ് തുടര്‍ന്നു. തൊട്ടടുത്ത ഗവ. കോളേജിലേക്കും കല്ലേറ് ഉണ്ടായി.
ആറുമണിക്കൂറിലേറെ നീണ്ട തെരുവുയുദ്ധത്തിനിടയില്‍ പത്തോളം വാഹനങ്ങള്‍ അക്രമികള്‍ കത്തിച്ചു. മാധ്യമപ്രവര്‍ത്തകരുടെ വാഹനങ്ങളും തകര്‍ത്തു. സ്ഥലത്തെത്തിയ സിറ്റി പോലീസ് കമ്മീഷണര്‍ ജ്യോതി പ്രകാശ് മിര്‍ജിയുടെ നേതൃത്വത്തില്‍ മണിക്കൂറുകളോളം പണിപ്പെട്ടാണ് പോലീസ് അക്രമം ഒതുക്കിയത്.
മാധ്യമപ്രവര്‍ത്തകര്‍ വിധാന്‍സൗധയ്ക്ക് മുന്നില്‍ നടത്തിയ ധര്‍ണയ്ക്കിടയില്‍ എത്തിയ ആഭ്യന്തരമന്ത്രി ആര്‍. അശോക് കുറ്റക്കാരായ അഭിഭാഷകര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് അറിയിച്ചു. കര്‍ണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിക്രംജിത്ത്‌സെന്‍, മന്ത്രി ആര്‍. അശോകിനൊപ്പം സിവില്‍ക്കോടതി പരിസരം സന്ദര്‍ശിച്ചു.
കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മാധ്യമപ്രവര്‍ത്തകര്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുള്ള സാഹചര്യമൊരുക്കുമെന്നും മുഖ്യമന്ത്രി ഡി.വി. സദാനന്ദഗൗഡ അറിയിച്ചു.