മോട്ടോര്‍ വാഹന നിയമ ഭേദഗതിക്ക് അംഗീകാരം
- Last Updated on 01 March 2012
ന്യൂഡല്‍ഹി: മോട്ടോര്‍ വാഹന നിയമ ഭേദഗതിക്ക് കേന്ദ്രമന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. ട്രാഫിക് നിയമ ലംഘനത്തിനും മദ്യപിച്ച് വാഹനം ഓടിക്കുന്നതിനും കടുത്ത ശിക്ഷ ലഭിക്കുന്ന തരത്തിലാണ് നിയമം ഭേദഗതി ചെയ്യുന്നത്. നിയമ ലംഘനം ആവര്‍ത്തിക്കുന്നവര്‍ക്ക് ഉയര്‍ന്ന പിഴയും തടവു ശിക്ഷയും വരെ ലഭിക്കുന്ന തരത്തിലാണ് ഭേദഗതിയെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു.
വാഹനം ഓടിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് 500 രൂപവരെ പിഴ ചുമത്താന്‍ വ്യവസ്ഥ ചെയ്യുന്നതാണ് ഭേദഗതി. ഡ്രൈവിങ്ങിനിടയില്‍ ഫോണ്‍ ഉപയോഗിക്കുന്നത് ആവര്‍ത്തിച്ചാല്‍ 5000 രൂപവരെ പിഴ ചുമത്താം. ചുവന്ന സിഗ്നല്‍ ലംഘിക്കുന്നവര്‍ക്കും സീറ്റ് ബെല്‍റ്റ് ധരിക്കാത്തവര്‍ക്കും 500 മുതല്‍ 1500 രൂപവരെ പിഴ ചുമത്താനും നിയമ ഭേദഗതി വ്യവസ്ഥ ചെയ്യുന്നു.