05March2012

You are here: Home National മോഹന്‍ ഭാഗവതിന് സുപ്രീം കോടതിയുടെ വിമര്‍ശനം

മോഹന്‍ ഭാഗവതിന് സുപ്രീം കോടതിയുടെ വിമര്‍ശനം

ന്യൂഡല്‍ഹി: മലേഗാവ് സ്‌ഫോടനവുമായി ബന്ധപ്പെട്ട് ആര്‍.എസ്.എസ്. നേതാവ് മോഹന്‍ ഭാഗവത് നടത്തിയ പരാമര്‍ശങ്ങളെ സുപ്രീം കോടതി വിമര്‍ശിച്ചു.ഭാഗവതിന്റെ പ്രസ്താവന തങ്ങളെ ഞെട്ടിച്ചുവെന്ന് ജസ്റ്റിസ് എച്ച്.എല്‍. ദത്തു, അനില്‍ ദവെ എന്നിവരടങ്ങിയ ബെഞ്ച് അഭിപ്രായപ്പെട്ടു. ''എങ്ങനെയാണ് ഇത്തരം പ്രസ്താവനകള്‍ നടത്തുക. അത് അനാവശ്യവും നേട്ടങ്ങളില്ലാത്തതുമാണ്.''-ജസ്റ്റിസ് ദത്തു കുറ്റപ്പെടുത്തി.

മലേഗാവ് സ്‌ഫോടനക്കേസിലെ പ്രതി ശ്രീകാന്ത് പുരോഹിതിന്റെ ജാമ്യാപേക്ഷ പരിഗണിക്കുകയായിരുന്നു കോടതി. മോഹന്‍ ഭാഗവതിന്റെ പ്രസ്താവന ദേശീയ അന്വേഷണ ഏജന്‍സിക്ക് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഹരേന്‍ പി. റാവലാണ് കോടതിയുടെ ശ്രദ്ധയില്‍ പെടുത്തിയത്. ഹൈന്ദവ സംഘടനാ പ്രവര്‍ത്തകരെ പ്രതിയാക്കാന്‍ ഭീകരരുടെ വെടിയേറ്റു മരിച്ച മുംബൈ ഭീകരവിരുദ്ധ സേനയുടെ തലവന്‍ ഹേമന്ത് കര്‍ക്കരെക്ക് മേല്‍ കടുത്ത സമ്മര്‍ദമുണ്ടായിരുന്നുവെന്നാണ് ഭാഗവത് പ്രസ്താവിച്ചത്. ഭാഗവതിന്റെ ഈ പ്രസ്താവന കോടതി നടപടികളെ സ്വാധീനിക്കാന്‍ വേണ്ടിയാണെന്ന് ഹരേന്‍ പി. റാവല്‍ ആരോപിച്ചു.

കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഹാജരാക്കാന്‍ നിര്‍ദേശിച്ച കോടതി കേസ് അടുത്ത മാസത്തേക്ക് മാറ്റി.

Newsletter