'രോഗം' മാറി; റഷീദ് വീണ്ടും ജയിലില്‍
- Last Updated on 20 April 2012
- Hits: 5
തൃശ്ശൂര്‍: ഉണ്ണിത്താന്‍ വധശ്രമക്കേസില്‍ സി.ബി.ഐ. അറസ്റ്റ് ചെയ്ത ഡിവൈഎസ്പി എന്‍. അബ്ദുള്‍ റഷീദിന്റെ അടവുകളൊന്നും ഫലിച്ചില്ല. ചികിത്സിക്കാന്‍ രോഗങ്ങളൊന്നുമില്ലെന്ന് തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ വ്യക്തമാക്കിയതോടെ അബ്ദുള്‍ റഷീദിനെ വീണ്ടും എറണാകുളം കാക്കനാട്ടെ സബ് ജയിലിലേക്ക് കൊണ്ടുപോയി.
സി.ബി.ഐ. മര്‍ദിച്ച് അവശനാക്കിയെന്നാരോപിച്ച് കുഴഞ്ഞുവീഴല്‍ അഭിനയിച്ച റഷീദ് ശാരീരികാസ്വസ്ഥതയൊന്നും ഇല്ലാതെയാണ് മെഡിക്കല്‍ കോളേജില്‍നിന്ന് മടങ്ങിയത്. മെഡിക്കല്‍ കോളേജ് ആസ്പത്രിയിലേക്ക് വന്നപ്പോള്‍ തീരെ അവശത കാട്ടിയ റഷീദ് മിടുക്കനായാണ് തിരിച്ചത്.
ചൊവ്വാഴ്ച വൈകീട്ടാണ് അബ്ദുള്‍ റഷീദിനെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. ആദ്യം നെഞ്ചുരോഗാസ്പത്രിയില്‍ എത്തിയ ഇയാള്‍ ഒട്ടേറെ ശാരീരിക അസ്വസ്ഥതകളാണ് പ്രകടിപ്പിച്ചത്. അഡ്മിറ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടു. ഡോക്ടര്‍മാര്‍ പരിശോധിച്ച് രോഗമൊന്നും ഇല്ലെന്ന് കണ്ട് പറഞ്ഞുവിട്ടു. അതോടെ 'ശരീരവേദന' തുടങ്ങി. തുടര്‍ന്ന് പുതിയ മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.
സര്‍ജറി വിഭാഗത്തിന്റെ നേതൃത്വത്തിലാണ് ഇവിടെ പരിശോധന നടന്നത്. ന്യൂറോ സര്‍ജറി, അസ്ഥിരോഗം, നേത്രരോഗം, ഇ.എന്‍.ടി. തുടങ്ങിയ വിഭാഗങ്ങളിലെ വിദഗ്ദ്ധ ഡോക്ടര്‍മാരെല്ലാം ഇയാളെ പരിശോധിച്ചു. സി.ടി. സ്‌കാന്‍, എക്‌സ്‌റേ തുടങ്ങിയ പരിശോധനകളും നടത്തി. ഒന്നിലും ഒരു തകരാറും കണ്ടെത്താനായില്ല. ചികിത്സ നല്‍കേണ്ട ഒരസുഖവും ഇല്ലെന്ന് ആസ്പത്രി സൂപ്രണ്ട് ഡോ. ബാലഗോപാല്‍ പറഞ്ഞു.
റഷീദിനെ ബുധനാഴ്ച ആസ്പത്രിയില്‍ നിന്ന് പറഞ്ഞയയ്ക്കാനുള്ള തീരുമാനമായിരുന്നു. ഡ്യൂട്ടിയിലുണ്ടായിരുന്ന ജൂനിയര്‍ ഡോക്ടര്‍ എം.ആര്‍.ഐ. സ്‌കാനിങ്ങിന് നിര്‍ദേശിച്ചതാണ് വിനയായത്. മുതിര്‍ന്ന ഡോക്ടര്‍മാരോടോ യൂണിറ്റ് ചീഫിനോടോ അന്വേഷിക്കാതെയുള്ള നടപടിയില്‍ ആസ്പത്രി സൂപ്രണ്ട് വിശദീകരണം തേടിയിട്ടുണ്ട്. മുതിര്‍ന്ന ഡോക്ടര്‍മാരെത്തി വീണ്ടും പരിശോധിച്ച് എം.ആര്‍.ഐ. സ്‌കാന്‍ ആവശ്യമില്ലെന്ന് റിപ്പോര്‍ട്ടെഴുതി.
വ്യാഴാഴ്ച രാവിലെ 10.45ന് സര്‍ജറി വിഭാഗം വാര്‍ഡില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. ഉടനെ ഇയാള്‍ക്ക് 'കണ്ണിനും ചെവിക്കും വേദന' വന്നു. ഈ രണ്ട് വിഭാഗങ്ങളിലും പന്ത്രണ്ടോടെ പരിശോധന പൂര്‍ത്തിയാക്കി. ഇവിടത്തെ ഡോക്ടര്‍മാരും ചികിത്സ ആവശ്യമില്ലെന്ന് അറിയിച്ചതോടെ റഷീദിന്റെ നാടകം അവസാനിച്ചു.
കാക്കനാട്ടെ സബ്ജയിലിലേക്ക് പ്രതിയെ കൊണ്ടുപോകാന്‍ വാഹനം ലഭിക്കാനും വൈകി. വിയ്യൂര്‍ ജയിലില്‍ നിന്നോ രാമവര്‍മപുരം എ.ആര്‍. ക്യാമ്പില്‍ നിന്നോ വാഹനം എത്തിയില്ല. പകരം എറണാകുളത്തുനിന്ന് എത്തുന്നതുവരെ കാത്തുനില്‍ക്കേണ്ടിവന്നു.
പരിശോധനകള്‍ പൂര്‍ത്തിയാക്കി ഒരു മണിക്കൂറിന് ശേഷമാണ് വാഹനസൗകര്യമായത്. ആസ്പത്രിയില്‍ നിന്ന് മടങ്ങുമ്പോള്‍ വളരെ ഉന്മേഷവാനായിരുന്നു പ്രതി.