ചന്ദ്രശേഖരന്റെ കൊലപാതകം നെയ്യാറ്റിന്‍കരയില്‍ മുഖ്യവിഷയമാകും
- Last Updated on 06 May 2012
തിരുവനന്തപുരം: വിമത സി.പി.എം. നേതാവും ഇടതുപക്ഷ ഏകോപനസമിതി സംസ്ഥാന സെക്രട്ടറിയുമായ ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകം നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പിലെ പ്രധാന പ്രചാരണവിഷയമാകും.
സി.പി.എം. വിട്ട ആര്. സെല്‍വരാജ് യു.ഡി.എഫ്. സ്ഥാനാര്‍ഥിയായപ്പോള്‍ മുതല്‍ നെയ്യാറ്റിന്‍കരയിലെ സി.പി.എമ്മിലെ ഉള്‍പ്പാര്‍ട്ടി പ്രശ്നങ്ങള്‍ സജീവ
ചര്‍ച്ചാവിഷയമായിരുന്നു.
സി.പി.എം. തന്നെ തകര്‍ക്കാന്‍ ശ്രമിച്ചുവെന്നതാണ് പാര്‍ട്ടി വിടാനുള്ള പ്രധാന കാരണമായി സെല്‍വരാജ് ചൂണ്ടിക്കാണിക്കുന്നത്.
സെല്‍വരാജിനൊപ്പം ബി.ജെ.പി.യും സി.പി.എമ്മിനെതിരെ അക്രമരാഷ്ട്രീയം ആരോപിച്ച് രംഗത്തുവന്നിട്ടുണ്ട്. പലപ്പോഴും സി.പി.എമ്മിന്റെ അക്രമരാഷ്ട്രീയത്തിന് ഇരയായത് ബി.ജെ.പി. പ്രവര്‍ത്തകരായിരുന്നുവെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു. ഇപ്പോള്‍, വിഭാഗീയത രൂക്ഷമായപ്പോള്‍ വിമത സി.പി.എം. കാര്‍ക്കെതിരെ അക്രമം പയറ്റുകയാണെന്ന് ബി.ജെ.പി. ചൂണ്ടിക്കാട്ടുന്നു.
ചന്ദ്രശേഖരന്റെ കൊലപാതകം സി.പി.എമ്മിലും ഭിന്നസ്വരങ്ങള്‍ക്ക് കാരണമായിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്. ചന്ദ്രശേഖരനെ വിലയിരുത്തുന്ന കാര്യത്തിലാണ് സി.പി.എമ്മില്‍ ഭിന്നസ്വരം ഉയര്‍ന്നിരിക്കുന്നത്. ചന്ദ്രശേഖരന് ധീരനായ കമ്മ്യൂണിസ്റ്റാണെന്നാണ് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന് പ്രഖ്യാപിച്ചത്. എന്നാല്‍, സംസ്ഥാന സെക്രട്ടറി വിജയന് വ്യത്യസ്തമായ നിലപാടാണ് സ്വീകരിച്ചത്.
സി.പി.എമ്മിലായിരുന്നപ്പോള്‍ വി.എസ്. അച്യുതാനന്ദന്റെ അടുത്ത അനുയായിയായിരുന്നു ടി.പി. ചന്ദ്രശേഖരന്. പാര്‍ട്ടിക്കുള്ളില്‍ വി.എസ്. നടത്തിയ നീക്കങ്ങള്‍ക്കെല്ലാം കോഴിക്കോട് ജില്ലയില്‍ ചുക്കാന്‍പിടിച്ചത് അദ്ദേഹമായിരുന്നു. ഇതേസമയം, ചന്ദ്രശേഖരന്റെ ഭൂതകാല പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ താന്‍ പുറപ്പെടുന്നില്ലെന്നാണ് പിണറായി വിജയന് വിശദീകരിച്ചത്.