കോച്ച്ഫാക്ടറി നടപടികള്‍ തറക്കല്ലില്‍ ഒതുങ്ങി
- Last Updated on 18 April 2012
- Hits: 3
പാലക്കാട്:റെയില്‍വേമന്ത്രിസ്ഥാനത്തുനിന്ന് ദിനേഷ് ത്രിവേദി പടിയിറങ്ങിയതോടെ കഞ്ചിക്കോട് റെയില്‍വേ കോച്ച്ഫാക്ടറിയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ തറക്കല്ലിടലില്‍ ഒതുങ്ങി. ഫിബ്രവരി 21നാണ് ദിനേഷ് ത്രിവേദി കോച്ച്ഫാക്ടറിക്ക് തറക്കല്ലിട്ടത്. റെയില്‍വേബജറ്റില്‍ 35 കോടിരൂപ വകയിരുത്തി പ്രഖ്യാപനം വന്നിട്ടുപോലും നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക്
ആഗോളടെന്‍ഡര്‍ വിളിക്കാത്തത് ദുരൂഹമാണ്.
555 കോടി മുതല്‍മുടക്കില്‍ അലുമിനിയംകോച്ചുകള്‍ നിര്‍മിക്കുന്ന രാജ്യത്തെ ആദ്യ കോച്ച്ഫാക്ടറിയാണ് പാലക്കാട്ട് സ്ഥാപിക്കുകയെന്ന് റെയില്‍വേ വ്യക്തമാക്കിയിരുന്നു.
239 ഏക്കര്‍ സ്ഥലമാണ് ആദ്യഘട്ടത്തില്‍ ഏറ്റെടുക്കുകയെന്നും പറഞ്ഞിരുന്നു. എന്നാല്‍, തറക്കല്ലിടല്‍കഴിഞ്ഞ് രണ്ടുമാസമാവാറായെങ്കിലും ഇതുവരെ ജില്ലാഭരണകൂടത്തില്‍നിന്ന് റെയില്‍വേ സ്ഥലം ഏറ്റെടുത്തിട്ടില്ല. ശിലാസ്ഥാപനച്ചടങ്ങില്‍ സ്ഥലത്തിന്റെ രേഖ മന്ത്രി ആര്യാടന്‍ മുഹമ്മദ് റെയില്‍വേയ്ക്ക് കൈമാറിയിരുന്നു. എന്നാല്‍, സ്ഥലം റെയില്‍വേ ഏറ്റെടുത്താല്‍ മാത്രമേ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍കഴിയൂ.
കോച്ച്ഫാക്ടറിക്ക് 35 കോടി അനുവദിച്ചതില്‍ 33.7 കോടി സ്ഥലവിലയാണ്. ആദ്യഘട്ട നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ ആഗോളടെന്‍ഡര്‍ വിളിക്കുമെന്നാണ് പറഞ്ഞിരുന്നത്. സംസ്ഥാനസര്‍ക്കാരിന്റെ ഭാഗത്തുനിന്ന് തുടര്‍സമ്മര്‍ദങ്ങളുമുണ്ടായില്ല.
കോച്ച്ഫാക്ടറിക്കുവേണ്ടി ആദ്യം 430 ഏക്കര്‍ സ്ഥലമാണ് സംസ്ഥാനസര്‍ക്കാര്‍ കണ്ടെത്തിയത്. ഇതില്‍ 239 ഏക്കര്‍മാത്രമാണ് റെയില്‍വേ ഇപ്പോള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ബാക്കിസ്ഥലം എന്തുചെയ്യണമെന്ന കാര്യത്തില്‍ സംസ്ഥാനസര്‍ക്കാരിനും നിശ്ചയമില്ല. ഇതില്‍ 90 ഏക്കര്‍ വനഭൂമിയാണ്. ഈസ്ഥലം റെയില്‍വേയ്ക്ക് ആവശ്യമില്ലെങ്കില്‍ തിരിച്ചുനല്‍കണമെന്നനിലപാടാണ് സര്‍ക്കാരിന്. ഇക്കാര്യത്തില്‍ വിശദീകരണം ആവശ്യപ്പെട്ട് റെയില്‍വേയ്ക്ക് കത്തുനല്‍കിയെങ്കിലും ഇതുവരെ മറുപടിലഭിച്ചിട്ടില്ലെന്ന് അധികൃതര്‍ പറഞ്ഞു. കോച്ച്ഫാക്ടറിയുടെ കാര്യത്തിലും സര്‍ക്കാരിന് ഇതുവരെ ഒരറിയിപ്പും കിട്ടിയിട്ടില്ല.
വര്‍ഷം 400 കോച്ചുകള്‍ നിര്‍മിക്കാന്‍ശേഷിയുള്ള ഫാക്ടറിയുടെ നിര്‍മാണം 36 മാസംകൊണ്ട് പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്.